Connect with us

Articles

മലയാളിയുടെ പരിഹാരങ്ങള്‍ ഒറ്റക്കയറിലേക്ക് ചുരുങ്ങിയോ?

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യാ ഇരകളില്‍ 17 ശതമാനവും സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളവരാണ്. ജീവിതത്തിന്റെ വിശാലതയിലേക്ക് വെളിച്ചം വീശാന്‍ മാത്രം നമ്മുടെ സാക്ഷരത സമ്പൂര്‍ണമായിട്ടില്ല.

Published

|

Last Updated

സംവാദങ്ങളും ചര്‍ച്ചകളും ആലോചനകളും മലയാളി പൊതുബോധത്തിന്റെ പ്രത്യേകതയാണ്. സിവില്‍ സമൂഹം മുന്നിട്ട് നടത്തുന്ന അത്തരം സംവാദങ്ങള്‍ പൊതുജീവിതത്തെ കൂടുതല്‍ നവീകരിക്കുമെന്നതും സുതാര്യമാക്കുമെന്നതും വസ്തുതയാണ്. സാംസ്‌കാരിക ഇടങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാകുന്നതിനും കാലഹരണപ്പെട്ടുപോയ ജീര്‍ണതകളെ കുഴിച്ചുമൂടുന്നതിനും ഇതിലൂടെ പലപ്പോഴും സാധ്യമാകുന്നു. അതുകൊണ്ട് തന്നെ ഈ രീതിയിലുള്ള ചര്‍ച്ചകളും സംവാദങ്ങളും ആലോചനകളും നവീനമായ ഒരു സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കാന്‍ അനിവാര്യമാണ്. പക്ഷേ, ഇടക്കെവിടെയോ വെച്ച് ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമായ ആലോചനകള്‍ക്ക് മറയിടുകയും അനാവശ്യമായ സങ്കുചിതത്വത്തിലേക്ക് ചുരുങ്ങുകയും ചെയ്തതായി കാണാം.

അടുത്തിടെ മലയാളത്തിലെ മുഖ്യധാരാ ഇടങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത ചില വാര്‍ത്തകള്‍ അടിസ്ഥാന പ്രശ്‌നത്തെ സ്പര്‍ശിച്ചിരുന്നോ എന്ന ആലോചന ഇവിടെ പ്രസക്തമായിരിക്കും. സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങളും അതിക്രമങ്ങളും സമൂഹത്തില്‍ ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സാമൂഹിക പൊതുബോധത്തിന് അതില്‍ കൃത്യമായ പങ്കുണ്ട്. കേരളത്തില്‍ വലിയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കളമൊരുക്കിയ വാര്‍ത്തകളായിരുന്നു കൊല്ലത്തെ വിസ്മയയുടെ സ്ത്രീധന കൊലപാതകവും കോതമംഗലത്തെ മാനസയുടെ അതിദയനീയ മരണവും. പ്രണയം നിരസിച്ചതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സുഹൃത്തിനെ പ്രതി വെടിവെച്ചു കൊലപ്പെടുത്തി. ശേഷം കുറ്റവാളി നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. കേരളത്തെ നടുക്കിയ ഈ രണ്ട് സംഭവങ്ങളിലും നമ്മള്‍ പ്രാഥമികമായി ചര്‍ച്ച ചെയ്യേണ്ട പൊതുഘടകം ആത്മഹത്യയാണ്. ഒറ്റപ്പെട്ട കേവല കൃത്യങ്ങളില്‍ നിന്ന് മാറി ആത്മഹത്യ വലിയ സാമൂഹിക ദുരന്തമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യകരമെന്നോണം നമ്മുടെ ചര്‍ച്ചകള്‍ യഥാര്‍ഥ പ്രശ്‌നത്തോട് മുഖം തിരിഞ്ഞ് കേവല കാരണങ്ങളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. ജീവിതത്തെ കുറിച്ചുള്ള പുതു തലമുറയുടെ സങ്കുചിത കാഴ്ചപ്പാടും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. പ്രണയ നൈരാശ്യത്തിന് മരണശിക്ഷ വിധിച്ചതും ഈ ഇടുങ്ങിയ മാനസികാവസ്ഥയാണ്.

കുരുക്കില്‍ പിടയുന്ന മലയാളി

നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലാണ് കേരളത്തിന്റെ ഇടം. പ്രതിവര്‍ഷം 9,000ത്തോളം കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടൊപ്പം എല്ലാ വര്‍ഷവും ഗണ്യമായ ആത്മഹത്യാ വര്‍ധനവാണ് കേരളത്തില്‍ രേഖപ്പെടുത്തപ്പെടുന്നത്. കൊല്ലം ജില്ലയാണ് കേരളത്തില്‍ മുന്‍പന്തിയിലുള്ളത്. മലയാളികള്‍ക്കിടയിലെ 32 ശതമാനം ആത്മഹത്യാ കേസുകള്‍ക്കും നിദാനമാകുന്നത് കുടുംബ – ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ്. തൊഴിലില്ലായ്മയും കടബാധ്യതയും ആത്മാഹുതിയില്‍ അഭയം പ്രാപിക്കുന്നതിന് കാരണമാകുന്നു. ദൈനംദിന ജീവിതത്തിലെ ചെറിയ വാക്കേറ്റം പോലും മനുഷ്യരെ ആത്മഹത്യയിലേക്കെത്തിക്കുന്നുവെന്നത് ഗൗരവമുണര്‍ത്തുന്നതാണ്. ഇരയായി ഒടുങ്ങുന്നതില്‍ വിദ്യാസമ്പന്നരുടെ പങ്കാളിത്തവും ചെറുതല്ല. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യാ ഇരകളില്‍ 17 ശതമാനവും സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളവരാണ്. ജീവിതത്തിന്റെ വിശാലതയിലേക്ക് വെളിച്ചം വീശാന്‍ മാത്രം നമ്മുടെ സാക്ഷരത സമ്പൂര്‍ണമായിട്ടില്ല എന്നത് വിസ്മരിക്കാനാകില്ല. നമ്മുടെ നിത്യജീവിത പ്രശ്‌നങ്ങള്‍ക്ക് ഒറ്റക്കയര്‍ പരിഹാരമായത് എന്ന് മുതലാണെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

മലയാളികളില്‍ പടര്‍ന്നു കയറുന്ന മാനസിക സങ്കുചിതത്വം പര്യവസാനിക്കുന്നത് വലിയ സാമൂഹിക വിപത്തിലാണ്. ഇതിന്റെ യഥാര്‍ഥ ഗൗരവം ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഔദ്യോഗിക പൊതുസംവിധാനങ്ങള്‍ക്കു പോലും സാധിക്കുന്നില്ല. അനിവാര്യമല്ലാത്ത വിചാരങ്ങളുടെയും വികാരങ്ങളുടെയും ഒഴുക്കില്‍പ്പെട്ട് പ്രാഥമിക പ്രശ്‌നങ്ങളില്‍ നിന്ന് എല്ലാവരും തെന്നിമാറുന്നു. സ്ത്രീ സംബന്ധിയായ വാര്‍ത്തകള്‍ ഉയര്‍ന്നുവരുമ്പോഴേക്കും ലിംഗതുല്യത വാരിവിതറുന്ന പോസ്റ്ററടിക്കുന്ന തിരക്കിലാണ്ടു വീഴുകയാണ് നമ്മുടെ പൊതുസംവിധാനങ്ങള്‍. അതുകൊണ്ട് നമ്മുടെ പ്രാഥമിക പരിഗണനയും അജന്‍ഡയും മാറേണ്ടതുണ്ട്. മനുഷ്യന്‍ എന്ന ബിന്ദുവിലേക്ക് സംവാദങ്ങള്‍ കേന്ദ്രീകരിക്കണം. നൈമിഷികമായ വിഷാദം വലയിട്ടു പിടിക്കുന്ന ജീവനുകളെ സംബന്ധിച്ചാകണം നമ്മുടെ ആലോചനകള്‍.

മാറേണ്ടതുണ്ട് നമ്മുടെ സമീപനവും

പുതിയ കാലത്ത് ശാരീരികാരോഗ്യം പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മാനസികാരോഗ്യവും. ടെക്‌നിക്കല്‍ സമൂഹത്തില്‍ വിഷാദത്തിനും സമ്മര്‍ദത്തിനുമുള്ള സാധ്യതകള്‍ ധാരാളമാണ്. പുതുതലമുറയില്‍ ഗണ്യമായി വളരുന്ന ആത്മഹത്യാ പ്രവണത സമൂഹം സഗൗരവം ചര്‍ച്ചക്കെടുക്കേണ്ടതുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ സുഹൃത്ത് വെടിവെച്ചു കൊലപ്പെടുത്തിയ മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് ഒരു യുവാവ് ജീവനൊടുക്കിയതും വാര്‍ത്തയായിരുന്നല്ലോ. നിസ്സാരമായ കാരണത്തിന്റെ പേരില്‍ ഒരു ജീവന്‍ പൊലിഞ്ഞപ്പോഴും നമ്മുടെ മുഖ്യധാരാ ഇടങ്ങളില്‍ ഈ ആത്മഹത്യകള്‍ക്ക് വലിയ പ്രാധാന്യം ലഭിച്ചില്ല. വലിയ ചര്‍ച്ചകള്‍ക്കിടയാകാതെ ആ വാര്‍ത്ത നമ്മില്‍ നിന്ന് അപ്രത്യക്ഷമായി. സ്വന്തം ജീവനെടുക്കുന്നതില്‍ കലാശിച്ച ഇരയുടെ മാനസിക വിഷാദം ഇനിയെന്നാണ് നമുക്ക് പുനരാലോചിക്കാന്‍ മാത്രം ഗൗരവമുള്ളതാകുക. ഔദ്യോഗിക സംവിധാനങ്ങള്‍ പൗരന്മാരുടെ മാനസികാരോഗ്യത്തെ അടിയന്തരമായി പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും തദ്ദേശീയ സംവിധാനങ്ങളിലൂടെയും ജനങ്ങളുടെ മാനസികാരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിൽ ആസൂത്രണം ചെയ്താല്‍ ആത്മഹത്യാ നിരക്ക് കുറക്കാനാകും.

Latest