Siraj Article
ഹലാല്‍: വിവാദം സാമ്പത്തികമാണ്, വര്‍ഗീയവും
വ്യാജ പ്രചാരണങ്ങളോട് മലയാളികളും ഭരണകൂടവും പുലര്‍ത്തുന്ന ക്രൂരവും കുറ്റകരവുമായ നിസ്സംഗതയാണ് വിവാദത്തെ വലിച്ചുനീട്ടുന്ന രണ്ടാമത്തെ ഘടകം. ഒരു നുണയും സത്യമാണ് എന്ന ബോധ്യത്തോടെ പിറക്കുന്നതല്ല. കളവാണ് എന്നറിഞ്ഞുകൊണ്ടുതന്നെ പടച്ചുവിടുകയാണ്. വര്‍ഗീയമായ ലക്ഷ്യങ്ങള്‍ ഇതിനു പിറകിലുണ്ട് എന്നത് നിസ്സംശയം എത്തിച്ചേരാവുന്ന നിഗമനമാണ്. മുസ്‌ലിം വിരുദ്ധമായതെന്തും പരസ്യമായിത്തന്നെ പറഞ്ഞേക്കാം എന്ന ആത്മവിശ്വാസത്തിലേക്ക് സംഘ്പരിവാറും അവരുടെ സഹയാത്രികരും എത്തിച്ചേര്‍ന്നത് മലയാളികളുടെ മൗനസമ്മതത്തോടെയാണ്. എല്ലാ മലയാളികളെയും ഒറ്റക്കയറില്‍ തൂക്കിലേറ്റുകയല്ല. മലയാളികളുടെ പൊതുബോധത്തില്‍ സമീപ വര്‍ഷങ്ങളില്‍ സംഭവിച്ച അപകടകരമായ അപഭ്രംശത്തെ തൊട്ടുകാണിക്കുകയാണ്

സംഘ്പരിവാര്‍ ആസൂത്രിതമായി കെട്ടഴിച്ചുവിട്ട, തീവ്രക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ഏറ്റെടുത്ത വിഷരാഷ്ട്രീയലിപ്തമായ ഹലാല്‍ വിവാദം അത്രയെളുപ്പം കെട്ടടങ്ങുമെന്നു വിശ്വസിക്കാന്‍ ഒരു ന്യായവും കാണുന്നില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മുഖ്യമായ രണ്ട് ഉത്തരങ്ങള്‍ പറയാം.
ഒന്ന്, ബി ജെ പി രാഷ്ട്രീയമായി വളരെ പരിക്ഷീണാവസ്ഥയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വി, പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍, നേതൃതലത്തിലെ അടിപിടികള്‍, കുഴല്‍പ്പണക്കേസില്‍ ഉള്‍പ്പെടെ കുറ്റാരോപണം, രണ്ട് കേന്ദ്ര മന്ത്രിമാരെ (വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍) കിട്ടിയിട്ടും രാഷ്ട്രീയമായി അതുപയോഗപ്പെടുത്താന്‍ കഴിയാത്തവിധം ദുര്‍ബലമായ സംഘടനാ സംവിധാനം, ഇങ്ങനെ പലതാണ് കേരളത്തിലെ ബി ജെ പി അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍. ഇതെഴുതുമ്പോള്‍ ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ദേശീയ വക്താവ് ടോംവടക്കന്‍ എന്നിവര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചാവക്കാട്ടെ ബി ജെ പി പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം ദേശീയ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് സംസ്ഥാന ബി ജെ പിയുടെ ആവശ്യം.
വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ ആവര്‍ത്തിച്ചുന്നയിക്കുന്ന കാര്യം, സഞ്ജിത്തിന്റെ കൊലയില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാനം ഭരിക്കുന്ന സി പി എമ്മും തമ്മിലുള്ള “കൊടുക്കല്‍വാങ്ങലുകളാണ്’. കേരളത്തിലെ “മുസ്‌ലിം തീവ്രവാദത്തെ’ കോണ്‍ഗ്രസ്സും സി പി എമ്മും സഹായിക്കുന്നു എന്ന ആരോപണം ഡല്‍ഹിയില്‍ ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നു എന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസ്സും സി പി എമ്മും മുസ്‌ലിം അനുകൂലമാണ് എന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം.
എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ടുനില്‍ക്കുന്ന പാര്‍ട്ടിക്ക് ജീവശ്വാസം നല്‍കാനുള്ള നെട്ടോട്ടത്തിലാണ് കെ സുരേന്ദ്രന്‍. അതിലൊന്നാണ് സഞ്ജിത്തിന്റെ വധം. അന്ന് പത്രക്കാരെ കാണുമ്പോള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ മുഖത്ത് ദൃശ്യമായ ആ ചിരി പിടിവള്ളി കിട്ടിയതിന്റെ ആശ്വാസത്തില്‍ നിന്ന് ഉണ്ടായതാണ്. ഉള്ളാള്‍ ദര്‍ഗയിലെ വീഡിയോ പ്രചരിപ്പിച്ചതും മുസ്‌ലിം ഹോട്ടലുകളെ ലക്ഷ്യമിട്ട് വിദ്വേഷ പ്രസ്താവന നടത്തിയതും ഇതേ താത്പര്യത്തിലാണ്.
രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന നിരാശയില്‍ നിന്നാണ് ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച വര്‍ഗീയതയില്‍ അഭയപ്പെടാം എന്ന മനോനിലയിലേക്ക് സുരേന്ദ്രനെ എത്തിച്ചിട്ടുണ്ടാകുക. അതുകൊണ്ട് തന്നെ ആ വിവാദം എളുപ്പത്തില്‍ തേഞ്ഞുമാഞ്ഞു പോകാന്‍ ബി ജെ പി ആഗ്രഹിക്കില്ല. ശബരിമലക്കാലത്ത് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതുപോലെ, മറ്റൊരു സുവര്‍ണാവസരമാണ് ഹലാല്‍ കാലത്ത് ബി ജെ പിക്ക് കൈവന്നിരിക്കുന്നത്.
ഇതെങ്ങനെയാണ് ബി ജെ പിക്ക് സുവര്‍ണാവസരമാകുന്നത് എന്ന് ചിന്തിക്കുന്നുണ്ടോ? കേരളം എത്തിനില്‍ക്കുന്ന അപകട മുനമ്പിനെക്കുറിച്ച് ധാരണയുണ്ടാകണം. ഏത് നുണയും അതിവേഗം വിറ്റഴിക്കാവുന്ന വിപണിയായി കേരളം മാറിക്കഴിഞ്ഞു എന്ന നടുക്കുന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ച് സസ്യശ്യാമള കോമള കേരളത്തെക്കുറിച്ച് ഉപന്യാസം ചമയ്ക്കുന്നതില്‍ ഒട്ടും സത്യസന്ധതയില്ല.
വര്‍ഗീയതക്ക് അതിദ്രുതം മനസ്സുകളെ കീഴ്‌പ്പെടുത്താന്‍ കഴിയും. ജനാധിപത്യത്തിന് ദൗത്യനിര്‍വഹണം അത്ര എളുപ്പമല്ല. കാരണം വര്‍ഗീയതയുടെ വേരാഴ്ന്നു നില്‍ക്കുന്നത് വൈകാരികതയിലാണ്, ജനാധിപത്യത്തിന്റെ വേരാഴ്ന്നു കിടക്കുന്നതോ, പൗരബോധത്തിലും വിവേകത്തിലുമാണ്. വെറുപ്പിന് ബഹുദൂരം സഞ്ചരിക്കാം, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളുടെ കാലത്ത്. അപരദ്വേഷവും വര്‍ഗീയതയും സ്ഥിരനിക്ഷേപമായി കരുതുന്ന ഒരു പ്രത്യയശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ മനുഷ്യരെ രാമന്റെ മക്കളായും സാത്താന്റെ സന്തതികളായും വര്‍ഗീകരിച്ച ഒരാശയ പരിസരത്തു നിന്നാലോചിക്കുമ്പോള്‍ മുസ്‌ലിം വിരുദ്ധമായതെന്തും അവരെ സംബന്ധിച്ച് സുവര്‍ണാവസരമാണ്.
മുസ്‌ലിം ഹോട്ടലുകളില്‍ പാചകം ചെയ്യുന്ന ഭക്ഷണത്തില്‍/ ബിരിയാണിയില്‍ തുപ്പിവെക്കുന്നു എന്ന പ്രചാരണം ലക്ഷ്യമിടുന്നത് എന്ത് എന്നത് അവ്യക്തമോ അജ്ഞാതമോ അല്ല.
സാമ്പത്തികമായി തകര്‍ക്കുകയാണ്. അതുവഴി ഒരു ജനതയുടെ അഭിമാനകരമായ നിലനില്‍പ്പിനു നേര്‍ക്ക് ഖഡ്ഗമുയര്‍ത്തുകയാണ്. പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യര്‍ നിവര്‍ന്നു നില്‍ക്കുന്നതിനോടുള്ള അവജ്ഞയും അസഹിഷ്ണുതയും വര്‍ഗീയ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ ചരിത്രത്തിലുടനീളമുണ്ട്. തൊഴിലാളികള്‍, നീഗ്രോകള്‍, സ്ത്രീകള്‍, ആദിവാസികള്‍, ഗോത്രവര്‍ഗങ്ങള്‍, ദളിതര്‍, മുസ്‌ലിംകള്‍… ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ ആട്ടും തുപ്പുമേറ്റുവാങ്ങാന്‍ ഓരോ രാജ്യത്തും നിയോഗമുണ്ടായത് വ്യത്യസ്ത വിഭാഗങ്ങള്‍ക്കായിരുന്നു. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതം തിടം വെച്ചത് സാമ്പത്തിക അഭിവൃദ്ധിയുടെ കൂടി ആത്മവിശ്വാസത്തിലാണ്. മുസ്‌ലിംകളെ മുട്ടുകുത്തിക്കാന്‍ ആദ്യം വേണ്ടത് ആ അഭിവൃദ്ധി തകര്‍ക്കലാണ് എന്ന് സംഘ്പരിവാറിനറിയാം. അതിനു വേണ്ടിയാണ് ഹലാല്‍/തുപ്പല്‍ വിവാദം വലിച്ചിട്ടത്.
ആലോചനകള്‍ തെല്ലുമില്ലാതെ അത് സ്വീകരിക്കപ്പെടുന്നു എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ. മുസ്‌ലിം ഹോട്ടലുകളില്‍ ഭക്ഷണത്തില്‍ തുപ്പുന്നു എന്ന് വിശ്വസിക്കുന്ന “നിഷ്‌കളങ്കരുടെ’ എണ്ണം കേരളത്തില്‍ പെരുകുന്നു എന്ന് സമൂഹ മാധ്യമങ്ങളില്‍ ഓട്ടപ്രദക്ഷിണം നടത്തിയാല്‍ വെളിപ്പെടും. തുപ്പല്‍ കലരാത്ത ഭക്ഷണം കിട്ടുന്ന കോഴിക്കോട്ടെ ഹോട്ടലുകളുടെ ലിസ്റ്റ് സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ ഈയിടെ സമൂഹ മാധ്യമങ്ങളില്‍ വെളിച്ചപ്പെടുത്തിയിരുന്നു. ആ പോസ്റ്റിനു ലഭിച്ച സ്വീകാര്യതയും അതിനു കിട്ടിയ ഷെയറുകളും അതിശയിപ്പിക്കുന്നതാണ്. വര്‍ഗീയതയുടെ ഈ അതിവേഗപാത മറന്നുകൊണ്ട് നമ്മള്‍ നടത്തുന്ന കേരളത്തെക്കുറിച്ചുള്ള ഏത് പൊങ്ങച്ച സംസാരവും സത്യത്തെ മൂടിവെക്കാനുള്ള പാഴ്ശ്രമമായി മാറും.
ഇത്തരം വ്യാജ പ്രചാരണങ്ങളോട് മലയാളികളും ഭരണകൂടവും പുലര്‍ത്തുന്ന ക്രൂരവും കുറ്റകരവുമായ നിസ്സംഗതയാണ് ഈ വിവാദത്തെ വലിച്ചുനീട്ടുന്ന രണ്ടാമത്തെ ഘടകം. ഒരു നുണയും സത്യമാണ് എന്ന ബോധ്യത്തോടെ പിറക്കുന്നതല്ല. കളവാണ് എന്നറിഞ്ഞുകൊണ്ടുതന്നെ പടച്ചുവിടുകയാണ്. വര്‍ഗീയമായ ലക്ഷ്യങ്ങള്‍ ഇതിനു പിറകിലുണ്ട് എന്നത് നിസ്സംശയം എത്തിച്ചേരാവുന്ന നിഗമനമാണ്. മുസ്‌ലിം വിരുദ്ധമായതെന്തും പരസ്യമായിത്തന്നെ പറഞ്ഞേക്കാം എന്ന ആത്മവിശ്വാസത്തിലേക്ക് സംഘ്പരിവാറും അവരുടെ സഹയാത്രികരും എത്തിച്ചേര്‍ന്നത് മലയാളികളുടെ മൗനസമ്മതത്തോടെയാണ്. എല്ലാ മലയാളികളെയും ഒറ്റക്കയറില്‍ തൂക്കിലേറ്റുകയല്ല. മലയാളികളുടെ പൊതുബോധത്തില്‍ സമീപ വര്‍ഷങ്ങളില്‍ സംഭവിച്ച അപകടകരമായ അപഭ്രംശത്തെ തൊട്ടുകാണിക്കുകയാണ്.
ലവ് ജിഹാദ് വിവാദമോര്‍ക്കുക. ഏത് ലളിത യുക്തിക്കും എളുപ്പം വഴങ്ങുന്ന പ്രണയ സമവാക്യങ്ങളെ മതപരതയിലേക്ക് പരാവര്‍ത്തനം ചെയ്തപ്പോള്‍ കേരളത്തെ നെടുകെ പിളര്‍ത്താന്‍ ശേഷിയുള്ള മാരകമായ ഒരായുധം കൂടി നിര്‍മിക്കപ്പെട്ടു; അതിന്റെ പേരാണ് ലവ് ജിഹാദ്.
പത്തനംതിട്ടയിലെ പ്രക്കാനം സെന്റ് ജോണ്‍സ് കോളജിലെ ഒരു പ്രണയത്തില്‍ തുടങ്ങിയ മുറുമുറുപ്പ് ക്യാമ്പസിന് പുറത്തേക്കും പിന്നെ കോടതിയിലേക്കും വലിച്ചിഴക്കപ്പെട്ടിടത്തുനിന്നാണ് ലവ് ജിഹാദ് ഒരു സമസ്യയായി കേരളത്തെ പൊതിയുന്നത്. വിവിധ ഏജന്‍സികള്‍ മാറി മാറി അന്വേഷിച്ചിട്ടും തെളിയിക്കപ്പെട്ടിട്ടില്ലാത്ത മായയാണ് ലവ് ജിഹാദ്. പ്രണയവും തദനുബന്ധ വിവാഹങ്ങളും അതിനു വേണ്ടിയുള്ള മതം മാറ്റങ്ങളും എമ്പാടും നടന്നിട്ടുള്ള ഒരു ഭൂപ്രദേശത്ത് വെറുപ്പിന്റെ തീ വിതക്കാന്‍ അതുതന്നെ തിരഞ്ഞെടുത്തു എന്നിടത്താണ് സംഘ്പരിവാറിന്റെ സൃഗാലബുദ്ധി തെളിഞ്ഞുകാണുന്നത്. പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല, അവരെ കെണിവെച്ചു വീഴ്ത്തുന്നു എന്ന പ്രചാരണം മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന ഉത്കണ്ഠകള്‍ ചെറുതാകില്ലല്ലോ. ആ ഉത്കണ്ഠയെ വര്‍ഗീയമായി പരിവര്‍ത്തിപ്പിക്കുക കൂടി ചെയ്യുന്നതോടെ സമൂഹത്തില്‍ പിളര്‍പ്പ് സംഭവിക്കും. അയലത്തുകാരനായ മുസ്‌ലിമിനെ സംശയിച്ചുതുടങ്ങും. ക്യാമ്പസുകളിലും പുറത്തും ശങ്കബന്ധനങ്ങളുടെ അഗ്‌നിപര്‍വതത്തിലേക്ക് മുസ്‌ലിം യുവാക്കള്‍ എടുത്തെറിയപ്പെടും. അത് സംഭവിച്ചുകഴിഞ്ഞു എന്നതുകൊണ്ടാണ് നാര്‍കോട്ടിക് ജിഹാദും ലാന്‍ഡ് ജിഹാദും അടക്കം കല്ലിനേക്കാള്‍ കാഠിന്യമുള്ള നുണകള്‍ കൊണ്ട് സമുദായത്തെ എറിഞ്ഞുവീഴ്ത്താന്‍ പാലാ ബിഷപ്പിനെ പോലുള്ള ആദരണീയരെന്നു സമൂഹം കരുതിപ്പോരുന്ന മതമേലധ്യക്ഷന്മാര്‍ പോലും ധൃഷ്ടരായത്.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സ്വഭാവമുള്ള ഒരു ക്രിസ്ത്യന്‍ ഗ്രൂപ്പിനെ കുറിച്ച് വിശദീകരിക്കുന്ന നീണ്ട കുറിപ്പ് കഴിഞ്ഞ ദിവസം വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്തുകിട്ടി. അതില്‍ സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പറയുന്നതിലൊരു ഭാഗം ഇങ്ങനെയാണ്: “ബോധപൂര്‍വം ക്രിസ്ത്യന്‍ സമുദായത്തെ തകര്‍ക്കാനായി ലക്ഷ്യം വെച്ചിരിക്കുന്ന ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, ലാന്‍ഡ് ജിഹാദ്, എക്കണോമിക്കല്‍ ജിഹാദ്, മെഡിക്കല്‍ ജിഹാദ്, ലീഗല്‍ ജിഹാദ്… മുതലായ രാജ്യവിരുദ്ധ ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ബോധവത്കരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക’. നോക്കൂ, എന്തെല്ലാം ജിഹാദുകളാണ് പടച്ചുണ്ടാക്കിയിരിക്കുന്നത്? ഇത് വല്ലതും നാട്ടില്‍ നടക്കുന്നതാണോ? ഒരു തുണ്ട് കടലാസെങ്കിലും തെളിവായുണ്ടോ? ആര്‍ക്കും എന്തും എഴുതിവിടാം. ആരും തെളിവ് ചോദിക്കില്ല, പോലീസ് നടപടിയെടുക്കുകയുമില്ല.
ശബരിമലയിലെ ശര്‍ക്കര വിവാദം പരിശോധിക്കുക. ഹലാല്‍ എന്ന് ശര്‍ക്കര ചാക്കിനു പുറത്ത് അച്ചടിച്ചതുകണ്ട മാത്രയില്‍ അതില്‍ മുസ്‌ലിം തീവ്രവാദ ഇടപെടല്‍ സംശയിച്ച “മനോരോഗം’ മറയില്ലാതെ പുറത്തുചാടിയത് നമ്മള്‍ കണ്ടതാണല്ലോ. ശബരിമലയില്‍ ശര്‍ക്കര സപ്ലൈ ചെയ്യുന്ന കമ്പനിയുടമ ഒന്നാന്തരം ഹിന്ദുത്വവാദിയും ശിവസേനാ നേതാവുമാണ് എന്ന് തെളിഞ്ഞതിനു ശേഷവും ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ മാധ്യമങ്ങളെ അഭിമുഖീകരിക്കാനും വീണ്ടും വീണ്ടും വര്‍ഗീയ പ്രചാരണം നടത്താനും കെ സുരേന്ദ്രനെ പോലുള്ളവര്‍ക്ക് കഴിയുന്നത് എന്തുകൊണ്ടാണ്? ആരാണ് ഈ വര്‍ഗീയവാദികളെ സംരക്ഷിക്കുന്നത്? എന്തുകൊണ്ടാണ് നിയമത്തിന്റെ കൈകള്‍ അവര്‍ക്കെതിരെ നീളാത്തത്? കുറ്റകൃത്യമാണ് എന്നറിഞ്ഞു കൊണ്ടുതന്നെ മതദ്വേഷം പരത്തുന്ന പ്രസ്താവനകള്‍ നിരന്തരം നടത്തിയിട്ടും നിയമം തങ്ങളെ തൊടില്ല എന്ന് ധൈര്യപ്പെടാന്‍ വര്‍ഗീയവാദികള്‍ക്ക് കഴിയുന്നുണ്ട് എങ്കില്‍ അതിന് കാരണം ഒന്നേയുള്ളൂ. കേരള സര്‍ക്കാര്‍ അവരെ തൊടാന്‍ മടിക്കുന്നു, അല്ലെങ്കില്‍ പേടിക്കുന്നു.
ഇവര്‍ക്കെതിരെ നിയമനടപടി എടുത്താല്‍ കേരളം കൂടുതല്‍ വര്‍ഗീയമാകും എന്നൊരു മനോനില പങ്കിടുന്നുണ്ട് മലയാളി പൊതുബോധം. ഒരാള്‍ കൊലപാതകം നടത്തിയാല്‍, അയാള്‍ തന്നെ പിടികൂടുന്ന പോലീസുകാരനെയും കൊന്നുകളയുമെന്ന് പേടിച്ച് ഇവിടെ നിയമം അതിന്റെ പണിയെടുക്കാതിരിക്കുമോ? പോലീസുകാര്‍ വെറുതെ ഇരിക്കുമോ? വര്‍ഗീയതയുടെ കാര്യത്തില്‍ മാത്രം എന്താണീ അതിജാഗ്രത? അതുകൊണ്ടാണ് പറഞ്ഞത്, നമ്മളോരോരുത്തരുടെയും മൗനാനുവാദത്തോടെയാണ് ഈ വ്യാജ പ്രചാരണങ്ങള്‍ തുടലുപൊട്ടിക്കുന്നത്. നിങ്ങള്‍ എന്തെടുക്കുകയാണ് എന്ന് ഭരണകൂടത്തോടും പോലീസിനോടും ചോദ്യമുന്നയിക്കേണ്ടവര്‍, ഇതൊക്കെ പുതിയ കാലത്ത് പ്രശ്‌നമാക്കേണ്ടതുണ്ടോ എന്ന നിസ്സംഗതയോടെ തിരിഞ്ഞു നടക്കുമ്പോള്‍ ഇവിടെ ഏത് വര്‍ഗീയവാദിക്കാണ് അഴിഞ്ഞാടിക്കൂടാത്തത്?