Connect with us

halal food conspiracy

ഹലാല്‍ ഭക്ഷണ വിവാദം; വിദ്വേഷ പ്രചാരണം തുടരാന്‍ ബി ജെ പി

ദിവസങ്ങളായി നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെയും രംഗത്തെത്തി

Published

|

Last Updated

കോഴിക്കോട് | സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ സംഘ്പരിവാറിനും നേതാക്കള്‍ക്കുമെതിരെ കടുത്ത എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തിലും ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം തുടര്‍ന്ന് പോകാന്‍ ബി ജെ പി ശ്രമം.

ദിവസങ്ങളായി നടക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെയും രംഗത്തെത്തി. ഹലാല്‍ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്നത് തുപ്പുന്ന ഭക്ഷണമാണെന്ന സുരേന്ദ്രന്റെ വിദ്വേഷ പ്രസ്താവനക്ക് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. നോണ്‍ ഹലാല്‍ ഹോട്ടലുകള്‍ എന്ന നിലയില്‍ കഴിഞ്ഞ ദിവസം ചില ഹോട്ടലുകളുടെ പേരുകളും പുറത്തുവിട്ടു. എന്നാല്‍, സംഘ്പരിവാര്‍ അനുയായിയെന്ന് കരുതുന്ന കോഴിക്കോട്ടെ ഹോട്ടലിന്റെ ഉടമ തന്നെ ഇതിനെതിരെ രംഗത്തെത്തി.

കോഴിക്കോട്ട് വര്‍ഷങ്ങളായി വിവിധ മതവിഭാഗങ്ങള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പാരഗണ്‍ ഹോട്ടലിനെയായിരുന്നു നോണ്‍ ഹലാല്‍ ഹോട്ടല്‍ ഭക്ഷണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സംഘ്പരിവാര്‍ പ്രചാരണത്തിന് പിന്നാലെ ഹോട്ടലിനെ ബഹിഷ്‌കരിക്കണമെന്നുള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യം ശക്തമായതോടെ ഹോട്ടല്‍ മാനേജ്‌മെന്റ് വിശദീകരണവുമായി രംഗത്ത് വന്നു.

ഇതിന് പിന്നാലെ ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് നല്‍കുന്നതെന്ന പ്രസ്താവന നിഷേധിക്കാനുള്ള സുരേന്ദ്രന്റെ ശ്രമവും വിഫലമായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരാമര്‍ശവുമായാണ് കെ സുരേന്ദ്രന്‍ ഇന്നലെയും രംഗത്തെത്തിയത്.

ഹലാല്‍ ബോര്‍ഡുകള്‍ നിഷ്‌കളങ്കമല്ലെന്നും വിവാദം ആസൂത്രിതമാണെന്നുമായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം. അതേസമയം വിവാദവുമായി ബന്ധപ്പെട്ട് ബി ജെ പിയില്‍ വ്യത്യസ്ത ഭിന്നത നിലനില്‍ക്കുകയാണ്.

പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. വ്യക്തിപരമായ അഭിപ്രായമെന്ന നിലയിലാണ് സന്ദീപ് വാര്യര്‍ വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടതെങ്കിലും സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നരം പിന്‍വലിച്ചു.

വക്താക്കള്‍ സ്വന്തം അഭിപ്രായം സമൂഹമാധ്യമങ്ങളില്‍ രേഖപ്പടുത്തരുതെന്ന് കെ സുരേന്ദ്രന്‍ മുമ്പ് നല്‍കിയ നിര്‍ദേശം തള്ളിയാണ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ സുരേന്ദ്രന്‍ ഇന്നലെ തയ്യാറായില്ല.

 

മതസ്പര്‍ധയുണ്ടാകുന്നതിലേക്ക് വളരുന്നു: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

 

കോഴിക്കോട് | ഹലാല്‍ ഭക്ഷണ വിവാദം മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതിലേക്ക് നീങ്ങുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുണ്ടാകുന്ന പ്രസ്താവനകളും പ്രതികരണങ്ങളും കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിലേക്കാണ് എത്തിക്കുന്നതെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതായാണ് സൂചന.

വിവാദത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോടുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന് ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതില്‍ വിവേചനമുണ്ടാകുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു മതവിഭാഗത്തെ മനഃപൂർവം വിവാദത്തിലേക്ക് വലിച്ചിഴക്കാനാണ് ശ്രമം. ഇതിന് പിന്നിലുള്ളവരെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ 300 ഹോട്ടലുകളില്‍ 60 ഓളം ഹോട്ടലുകളുടെ ലിസ്റ്റാണ് കഴിഞ്ഞ ദിവസം സംഘ്പരിവാര്‍ നോണ്‍ ഹലാല്‍ എന്ന പേരില്‍ പുറത്തു വിട്ടത്. ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കൊപ്പം സംഘ്പരിവാര്‍ സൈബര്‍ വിഭാഗങ്ങളാണ് ആസൂത്രിത പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഇന്റലിജന്‍സ് വിഭാഗം കരുതുന്നു. അതേസമയം, ഹലാല്‍ ഭക്ഷണ വിവാദത്തെ തുടര്‍ന്ന് വിദ്വേഷ പ്രചാരണം നടത്തുന്ന സാമൂഹിക മാധ്യമ പോസ്റ്റുകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest