From the print
ഹജ്ജ് നയം- 2026 കേന്ദ്രം പ്രഖ്യാപിച്ചു; 20 ദിവസത്തെ പ്രത്യേക പാക്കേജ്
ഇന്ത്യക്ക് സഊദി അനുവദിക്കുന്ന ക്വാട്ടയില്‍ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കും വീതം വെക്കും.

കോഴിക്കോട് | ഇരുപത് ദിവസത്തെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെ 2026ലെ ഹജ്ജ് നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം, ഇന്ത്യക്ക് സഊദി അനുവദിക്കുന്ന ക്വാട്ടയില്‍ 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കും വീതം വെക്കും. കേരളത്തില്‍ നിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 17 പുറപ്പെടല്‍ കേന്ദ്രങ്ങള്‍ വഴിയായിരിക്കും ഹാജിമാര്‍ യാത്ര ചെയ്യുക. ആവശ്യമെങ്കില്‍ പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.
സഊദി നിര്‍ദേശപ്രകാരം 12 വയസ്സിന് താഴെയുള്ളവര്‍ക്ക് ഹജ്ജ് യാത്ര അനുവദിക്കില്ല. പ്രൊഫഷനലുകളെയും പ്രവാസികളെയും പ്രായമായവരെയും ഉദ്ദേശിച്ച് ഇതാദ്യമായി നടപ്പാക്കുന്ന 20 ദിവസത്തെ ഹജ്ജ് പാക്കേജ് പ്രകാരം പതിനായിരം സീറ്റുകളാണ് നീക്കിവെക്കുക. രാജ്യത്തുടനീളം അപേക്ഷകര്‍ പതിനായിരത്തിലും അധികമായാല്‍ നറുക്കെടുപ്പ് നടത്തും. ബാക്കിയുള്ളവരെ വെയ്റ്റിംഗ് ലിസ്റ്റിലിടും.
കേരളത്തില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെ ഏഴ് പുറപ്പെടല്‍ കേന്ദ്രങ്ങള്‍ വഴിയായിരിക്കും ഇത്തരം ഹജ്ജ് അപേക്ഷകരുടെ യാത്ര. ഇത് പ്രകാരം അപേക്ഷിച്ചവര്‍ക്ക് സാധാരണ നിലയിലുള്ള 40- 45 ദിവസത്തെ ഹജ്ജ് പാക്കേജിലേക്ക് പിന്നീട് മാറാന്‍ കഴിയില്ല. 65നും മുകളിലും പ്രായമുള്ള അപേക്ഷകര്‍ക്ക് നേരത്തേ ഹജ്ജ് ചെയ്തവരെ സഹായിയായി അനുവദിക്കും. ഇവര്‍ക്ക് പ്രത്യേക തുക ഈടാക്കും.
മുന്‍വര്‍ഷങ്ങളിലേത് പോലെ 65നും അതിനു മുകളിലും പ്രായമുള്ളവര്‍ക്കും മഹ്റമില്ലാത്ത സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കും. ഇവരെ നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കും. 45ന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് മഹ്റമില്ലാത്ത സ്ത്രീകളുടെ പാക്കേജില്‍ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയുക. 65നുംഅതിനു മുകളിലോ പ്രായമായ അപേക്ഷകര്‍ അനുവദിക്കപ്പെട്ട ക്വാട്ടയിലധികമാണെങ്കില്‍ നറുക്കെടുപ്പ് നടത്തും.
മഹ്റമില്ലാത്ത 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീയെ സഹായിയായി അനുവദിക്കും. ഭാര്യയും ഭര്‍ത്താവും 65ന് മുകളില്‍ പ്രായമുള്ളവരാണെങ്കില്‍ ഇവര്‍ക്ക് രണ്ട് സഹായികളെ അനുവദിക്കും. 65ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മഹ്റമായും സഹായിയായും കൂടെ പോകുന്നവര്‍ 18- 60 പ്രായമുള്ളവരായിരിക്കണം. മഹ്റമില്ലാത്ത നാലോ അതിലധികമോ സ്ത്രീകള്‍ക്ക് ഗ്രൂപ്പായി അപേക്ഷിക്കാം. മഹ്റമില്ലാത്ത ഒരു സ്ത്രീക്ക് മാത്രമായും അപേക്ഷിക്കാം. ഇത്തരത്തിലുള്ള അപേക്ഷകരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പാക്കി മാറ്റും. ഇവര്‍ക്ക് സഊദിയില്‍ പ്രത്യേക താമസ സൗകര്യം ഏര്‍പ്പെടുത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിലൂടെയും സുവിധ ആപ്പിലൂടെയും ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാം.