Connect with us

Kerala

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ജുമുഅക്ക് നേതൃത്വം നല്‍കി ഹാഫിള് ശബീര്‍ അലി

മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ശബീർ അലിയുടെ ഖുത്വുബ ശ്രവിക്കാനെത്തിയത് ആയിരങ്ങള്‍

Published

|

Last Updated

മലപ്പുറം | റമസാനിലെ മൂന്നാമത്തെ വെള്ളിയാഴ്ച മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഖുതുബ നിര്‍വ്വഹിച്ച് ശ്രദ്ധേയനായി കാഴ്ച പരിമിതിനായ ഹാഫിള് ശബീര്‍ അലി. ഖുത്വുബ ശ്രവിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅക്കെത്തിയിരുന്നത്. പള്ളിക്കകത്ത് ഉള്‍ക്കൊള്ളാനാവാതെ വിശ്വാസികളുടെ നിര പുറത്തേക്ക് നീണ്ടു.

അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തിലെ ജേതാവ് കൂടിയായ ശബീറിന്റെ വശ്യമനോഹരമായ ഖുതുബയും പാരായണ ശൈലിയും വിശ്വാസികളുടെ മനം കുളിര്‍പ്പിച്ചു. ഇത്തവണ ദുബൈ ഗവണ്‍മെന്റിന്റെ കീഴില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്ത് കഴിഞ്ഞ ദിവസമാണ് ഹാഫിള് ശബിര്‍ അലി നാട്ടില്‍ തിരിച്ചെത്തിയത്.

മഅദിന്‍ ബ്ലൈന്‍ഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയ ശബീര്‍ അലി പത്താം ക്ലാസില്‍ 9 എപ്ലസ് കരസ്ഥമാക്കിയാണ് എസ്.എസ്.എല്‍.സി പാസായത്. പ്ലസ്ടുവില്‍ 75 ശതമാനം മാര്‍ക്കും കരസ്ഥമാക്കി. തുടര്‍ന്ന് മഅദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠനമാരംഭിച്ച ശബീര്‍ അലി ഒന്നര വര്‍ഷം കൊണ്ടാണ് ബ്രയില്‍ ലിപിയുടെ സഹായത്തോടെ ഖുര്‍ആന്‍ മനപാഠമാക്കിയത്. എടപ്പാള്‍ പോത്തനൂര്‍ സ്വദേശി താഴത്തേല പറമ്പില്‍ ബഷീര്‍-നദീറ ദമ്പതികളുടെ മൂത്ത മകനാണ്.

ഭിന്നശേഷിക്കാരായ സുഹൃത്തുക്കള്‍ക്ക് ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും അകക്കാഴ്ച കൊണ്ടും കഠിന പ്രയത്‌നങ്ങള്‍ കൊണ്ടും അവര്‍ ഏറെ മുന്നിലാണ്. ഇത്തരക്കാരെ സമൂഹത്തിന്റെ മുന്‍ നിരയിലെത്തിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ഹാഫിള് ശബീറലിയുടെ ഖുത്വുബ പാരായണത്തിലൂടെ നല്‍കുന്ന സന്ദേശമതാണെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.