From the print
അര്‍ബുദ മരുന്നിന് വില കുറയും; ജി എസ് ടി നഷ്ടപരിഹാരം പഠിക്കാന്‍ സമിതി
12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായാണ് കുറച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ന്യൂഡല്‍ഹി | ലൈഫ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിന് നികുതി ഏര്‍പ്പെടുത്തിയത് പരിശോധിക്കുന്നതിനും സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാര സെസ്സ് തുടരുന്നത് സംബന്ധിച്ച് പഠിക്കാനും മന്ത്രിതല സമിതി പ്രഖ്യാപിച്ച് ജി എസ് ടി കൗണ്‍സില്‍ യോഗം. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഹെല്‍ത്ത്, ലൈഫ് ഇന്‍ഷ്വറന്‍സിന്മേലുള്ള ജി എസ് ടി പരിശോധിക്കാന്‍ മന്ത്രിമാരുടെ സംഘം രൂപവത്കരിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ യോഗത്തിന് ശേഷം പറഞ്ഞു.
ഒക്ടോബര്‍ അവസാനത്തോടെ സമിതി റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രിതല സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ നവംബറില്‍ ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ പഞ്ചാബ്, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങള്‍ ജി എസ് ടി നഷ്ടപരിഹാര സെസ്സ് സംബന്ധിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചു.
ജി എസ് ടിയില്‍ മാറ്റം
അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറക്സ്റ്റേക്കന്‍, ഒസിമെര്‍ട്ടിനിബ്, ദുര്‍വാലുമാബ് മരുന്നുകളുടെ നികുതി 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചു. കേന്ദ്ര ബജറ്റില്‍ ഈ നിര്‍ദേശമുണ്ടായിരുന്നു. ചില ലഘുഭക്ഷണങ്ങളുടെ ജി എസ് ടി 18ല്‍ നിന്ന് 12 ശതമാനമായി കുറച്ചു.
മെറ്റല്‍ സ്‌ക്രാംപിംഗ് ടി ഡി എസ് രണ്ട് ശതമാനമായി നിശ്ചയിച്ചു. ഒരു നിശ്ചിത പരിധി വരെ ബാധകമായ മെറ്റല്‍ സ്‌ക്രാപ്പില്‍ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം (ആര്‍ സി എം) അവതരിപ്പിക്കും.
കേന്ദ്ര- സംസ്ഥാന സര്‍വകലാശാലകള്‍, കോളജുകള്‍, റിസര്‍ച്ച് അസ്സോസിയേഷനുകള്‍ എന്നിവക്കുള്ള റിസര്‍ച്ച് സേവന ജി എസ് ടി ഒഴിവാക്കി. കാര്‍ സീറ്റുകള്‍ക്ക് ജി എസ് ടി 28 ശതമാനമാക്കി ഉയര്‍ത്തി.
സീറ്റ് ഷെയറിംഗ് അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ യാത്രക്കാര്‍ക്കുള്ള ജി എസ് ടി അഞ്ച് ശതമാനമായിരിക്കും. ചാര്‍ട്ടേഡ് ഹെലികോപ്റ്ററുകള്‍ക്കുള്ള ജി എസ് ടി 18 ശതമാനമായി തുടരും.
ഡി ജി സി എ അംഗീകൃത ഫ്‌ലയിംഗ് ട്രെയിനിംഗ് ഓര്‍ഗനൈസേഷനുകള്‍ നടത്തുന്ന അംഗീകൃത ഫ്‌ലയിംഗ് ട്രെയിനിംഗ് കോഴ്സുകളെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയിമിംഗില്‍ നിന്നുള്ള വരുമാനം 412 ശതമാനം വര്‍ധിച്ച് 6,909 കോടിയായി.