Connect with us

National

പുതിയ ഫോണുകളിൽ സർക്കാറിന്റെ സൈബർ സുരക്ഷാ ആപ്പ് നിർബന്ധം; ടെലികോം കമ്പനികൾക്ക് നിർദേശം നൽകി കേന്ദ്രം

തങ്ങളുടെ ഉപകരണങ്ങളിൽ സർക്കാർ അല്ലെങ്കിൽ മൂന്നാം കക്ഷി ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് പൊതുവെ വിലക്കുന്ന ആപ്പിളിന് ഈ നിർദ്ദേശം വലിയ തലവേദന സൃഷ്ടിച്ചേക്കാം.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിൽ വിപണിയിലെത്തുന്ന പുതിയ സ്മാർട്ട്‌ഫോണുകളിൽ സർക്കാർ ഉടമസ്ഥതയിലുള്ള സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ (Sanchar Saathi) പ്രീ-ലോഡ് ചെയ്യണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം എല്ലാ സ്മാർട്ട്‌ഫോൺ നിർമാതാക്കളോടും ആവശ്യപ്പെട്ടു. 90 ദിവസത്തിനുള്ളിൽ ഈ ആപ്പ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്നാണ് നവംബർ 28-ന് പുറത്തിറക്കിയ ഉത്തരവരവിൽ വ്യക്തമാക്കുന്നത്. സാംസങ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികൾക്കാണ് നിർദേശം നൽകിയത്. ഉപയോക്താക്കൾക്ക് ഈ ആപ്പ് പ്രവർത്തനരഹിതമാക്കാൻ കഴിയാത്ത രീതിയിലാകണം ആപ്പ് ഇൻസ്റ്റാർ ചെയ്യേണ്ടത്.

തങ്ങളുടെ ഉപകരണങ്ങളിൽ സർക്കാർ അല്ലെങ്കിൽ മൂന്നാം കക്ഷി ആപ്പുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് പൊതുവെ വിലക്കുന്ന ആപ്പിളിന് ഈ നിർദ്ദേശം വലിയ തലവേദന സൃഷ്ടിച്ചേക്കാം. നേരത്തെ സർക്കാർ ആന്റി-സ്പാം മൊബൈൽ ആപ്പിന്റെ കാര്യത്തിലും ആപ്പിൾ ടെലികോം റെഗുലേറ്ററുമായി തർക്കത്തിലായിരുന്നു. നിലവിൽ വിതരണ ശൃംഖലയിലുള്ള ഉപകരണങ്ങളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ വഴി ആപ്പ് എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, ഉത്തരവ് പുറത്തിറക്കുന്നതിന് മുൻപ് കമ്പനികളുമായി കൂടിയാലോചന നടത്തിയില്ലെന്ന ആശങ്ക ചില വ്യവസായ വൃത്തങ്ങൾ പങ്കുവെച്ചു.

1.2 ബില്യണിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലിഫോൺ വിപണിയിലെ സൈബർ സുരക്ഷാ ഭീഷണികളെ നേരിടാനും, ഡ്യൂപ്ലിക്കേറ്റഡ് ഐ എം ഇ ഐ (IMEI) നമ്പറുകൾ വഴിയുള്ള തട്ടിപ്പുകളും നെറ്റ്‌വർക്ക് ദുരുപയോഗവും തടയാനുമാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കുന്നു. 2023 ജനുവരിയിൽ പുറത്തിറക്കിയ ‘സഞ്ചാർ സാഥി’ ആപ്പ് ഇതിനോടകം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ 5 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഈ ആപ്പ് വഴി, 700,000-ൽ അധികം നഷ്ടപ്പെട്ട ഫോണുകൾ കണ്ടെത്താൻ കഴിഞ്ഞു. കൂടാതെ, 3.7 ദശലക്ഷത്തിലധികം മോഷണം പോയ/നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 30 ദശലക്ഷത്തിലധികം വ്യാജ കണക്ഷനുകൾ ടെർമിനേറ്റ് ചെയ്യാനും ഈ ആപ്പ് സഹായിച്ചുവെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കുന്നു.

മോഷണം പോയ ഫോണുകൾ ട്രാക്ക് ചെയ്യാനും കരിഞ്ചന്തയിൽ എത്തുന്നത് തടയാനും ഈ ആപ്പ് സഹായകരമാണെന്ന് സർക്കാർ പറയുന്നു. ഈ വിഷയത്തിൽ പ്രതികരിക്കാൻ ആപ്പിളും സാംസങ്ങും ഷവോമിയും ഇന്ത്യയുടെ ടെലികോം മന്ത്രാലയവും തയാറായിട്ടില്ല.

---- facebook comment plugin here -----

Latest