Ongoing News
സുമനസ്സുകള്‍ കൈകോര്‍ത്തു; ശാക്കിര്‍ ജമാലിനെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു
ശാക്കിര്‍ അത്യാസന്ന നിലയിലായതോടെ ഭാര്യയേയും മകനേയും ഭാര്യ സഹോദരനേയും സ്‌പോണ്‍സര്‍ ദമ്മാമിലെത്തിക്കുകയും ശാക്കിറിനെ നാട്ടിലേക്ക് കൊണ്ട് പോകുന്നത് വരെ കുടുംബത്തിന് ഇവിടെ കഴിയാനുള്ള എല്ലാ സഹായവും നല്‍കിയിരുന്നു
ദമാം | സുമനസ്സുകള്‍ കൈകോര്‍ത്തതോടെ അത്യാസന്ന നിലയില്‍ അഞ്ചര മാസത്തോളം ദമാമിലെ മുവാസാത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ പരുത്തിക്കാട് സ്വദേശി മൂലക്കല്‍ സൈനുദ്ദീന്‍ ഹാജിയുടെ മകന്‍ ശാക്കിര്‍ ജമാലിനെ (32) തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു.
ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം, എംബസിയിലെ ആഷിഖ് കണ്ണൂര്‍, ശാക്കിര്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ സ്‌പോണ്‍സര്‍ ഹുസൈന്‍ മഹ്ദി അല്‍ സലാഹ്, ദമാം കെ എം സി സി, സാമൂഹ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ), ഇ എം എഫ് റാക്ക തുടങ്ങിയവര്‍ കൈ കോര്‍ത്തതോടെയാണ് ശാക്കിറിനെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങിയത്.
ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ പ്രത്യേകം സജ്ജീകരിച്ച സ്ട്രക്ച്ചറില്‍ നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള വിമാന ചാര്‍ജ്ജ് ഇന്ത്യന്‍ എംബസി വഹിച്ചു. ശാക്കിറിനെ വിമാനത്തില്‍ അനുഗമിക്കാന്‍ നാട്ടില്‍ നിന്നും എത്തിയ മെഡിക്കല്‍ ടീമിന് വേണ്ട ചെലവ് കമ്പനിയും ഇ എം എഫ് റാക്ക ഫുട്‌ബോള്‍ കൂട്ടായ്മയും വഹിച്ചു. മുവാസാത്ത് ആശുപത്രിയില്‍ നിന്നും ഐ സി യു സംവിധാനമുള്ള ആംബുലന്‍സില്‍ ദമാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ എത്തിക്കുവാന്‍ ആര്‍ പി എം ഗ്രൂപ്പ് സഹായം നല്‍കി. കൊച്ചിയിലേക്ക് കൊണ്ട് പോയ ശാക്കിറിനെ നോര്‍ക്ക ഒരുക്കിയ ആംബുലന്‍സില്‍ തുടര്‍ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഏറെ പ്രയാസത്തിലായിരുന്ന ശാക്കിറിന്റെ വിഷയം റിയാദ് ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികയും ഒപ്പം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് എംബസിയുടെ സഹായം നല്‍കണമെന്നഭ്യര്‍ത്ഥിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഇടപെടല്‍ നടത്തിയിരുന്നു. ശാക്കിര്‍ അത്യാസന്ന നിലയിലായതോടെ ഭാര്യയേയും മകനേയും ഭാര്യ സഹോദരനേയും സ്‌പോണ്‍സര്‍ ദമ്മാമിലെത്തിക്കുകയും ശാക്കിറിനെ നാട്ടിലേക്ക് കൊണ്ട് പോകുന്നത് വരെ കുടുംബത്തിന് ഇവിടെ കഴിയാനുള്ള എല്ലാ സഹായവും സ്‌പോണ്‍സര്‍ നല്‍കിയിരുന്നു. മിഥുന്‍, റോഷന്‍, ഫായിസ് തുടങ്ങിയ സുഹ്യത്തുക്കള്‍ ശാക്കിറിന്റെ ചികില്‍സാ സംബന്ധമായുള്ള കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. വളരെ നിര്‍ധനരായ കുടുബത്തിന്റെ ആശ്രയമായ ശാക്കിറിനെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനും തുടര്‍ ചികിത്സക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനും ദമാം കെ എം സി സി, ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍, ഇ എം എഫ് റാക്ക മികച്ച പ്രവര്‍ത്തനങ്ങളാണ് നിവ്വഹിച്ചത്.
കിഴക്കന്‍ പ്രവിശ്യാ കെ എം സി സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ,നേതാക്കളായ ആശിഖ് ചേലേമ്പ്ര, അഷ്‌റഫ് ആലുങ്ങല്‍, ഹുസൈന്‍ വേങ്ങര, ആലിക്കുട്ടി ഒളവട്ടൂര്‍, ബഷീര്‍ ആലുങ്ങല്‍, കബീര്‍ കൊണ്ടോട്ടി. സലീം പാണമ്പ്ര, ശബീര്‍ തേഞ്ഞിപ്പലം, സിദ്ദീഖ് പാണ്ടികശാല തുടങ്ങിയവരും, ഫുട്‌ബോള്‍ താരമായ ശാക്കിറിനെ സഹായിക്കുവാന്‍ ഡിഫയുടെ വെല്‍ഫെയര്‍ വിങും സജീവമായി രംഗത്തുണ്ടായിരുന്നു. പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, മുജീബ് കളത്തില്‍, നൗഫല്‍ പാരി, ഫതീന്‍ മങ്കട, നൗശാദ് മൂത്തേടം എന്നിവര്‍ സഹായ പ്രവര്‍ത്തനങ്ങക്ക് നേത്യത്വം നല്‍കി




