editorial
ഇന്ത്യ- യു എ ഇ സഹകരണത്തിലെ ശുഭപ്രതീക്ഷകൾ
കൊവിഡ് മഹാമാരിയുടെയും പ്രാദേശിക സംഘര്‍ഷങ്ങളുടെയും കാലത്ത് ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയ യു എ ഇ നേതൃത്വത്തോടുള്ള ഇന്ത്യയുടെ നന്ദിപ്രകടനമായിരുന്നു മോദിയുടെ യു എ ഇ സന്ദര്‍ശനത്തിന്റെ ഏറ്റവും മാനുഷികവും ഹൃദ്യവുമായ ഭാഗം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നയതന്ത്ര സഹകരണത്തിനപ്പുറം ആത്മവിശ്വാസത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. പശ്ചിമേഷ്യ അതീവ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വേളയിലും, ഇന്ത്യയും യു എ ഇയും വികസനത്തെയും സമാധാനത്തെയും കേന്ദ്രീകരിച്ചുള്ള സഹകരണ പാത കൂടുതല്‍ ശക്തമാക്കുന്നുവെന്നത് ഏറെ പ്രാധാന്യത്തോടെയാണ് നാം കാണേണ്ടത്. യു എ ഇ തന്റെ “രണ്ടാമത്തെ വീടാണ്’ എന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം ദശാബ്ദങ്ങളായി ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്ക് വളര്‍ന്ന ഹൃദയബന്ധത്തിന്റെ കൂടി സാക്ഷ്യപ്പെടുത്തലാണ്. അത്രക്കും ആ രാജ്യവുമായി നമുക്ക് ആത്മബന്ധമുണ്ട്.
ഭാവി ലോകത്തെ നിര്‍ണയിക്കുന്ന രംഗങ്ങളില്‍ നിരവധി കരാറുകള്‍ ഒപ്പുവെക്കുന്നതിനും സന്ദര്‍ശനം ഹേതുവായി. ഊര്‍ജം, പ്രതിരോധം, കൃത്രിമ ബുദ്ധി, ഡിജിറ്റല്‍ സാങ്കേതികവിദ്യ, മാരിടൈം മേഖലകളിലെല്ലാം കരാറുകള്‍ ഒപ്പ് വെച്ചിട്ടുണ്ട്്്. ഇരു രാജ്യങ്ങളുടെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായ സി ഇ പി എയുടെ കൂടുതല്‍ ആഴത്തിലുള്ള ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. അഡ്‌നോകും ഇന്ത്യന്‍ സ്ഥാപനങ്ങളും തമ്മിലുള്ള ഊര്‍ജ കരാറുകള്‍ ഇന്ത്യയുടെ ഊര്‍ജ സുരക്ഷക്ക് കരുത്തേകും. ജി42 ഗ്രൂപ്പും മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വകലാശാലയും സി-ഡാക്കുമായി കൈകോര്‍ക്കുന്നത് സാങ്കേതിക ഭാവിയെ ഒരുമിച്ച് നിര്‍മിക്കാനുള്ള നീക്കമായി കാണാനാകും. ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുന്ന സൂപ്പര്‍ കമ്പ്യൂട്ടിംഗ് ക്ലസ്റ്റര്‍, ഡിജിറ്റല്‍ യുഗത്തിലെ ഇന്ത്യ- യു എ ഇ ബന്ധത്തിന്റെ പുതിയ ചിഹ്നമായി മാറും. ക്വാണ്ടം കമ്പ്യൂട്ടിംഗിലേക്ക് മാറുന്ന യു എ ഇക്ക് ഇത് പ്രയോജനകരമാകും.
കേരളത്തിന് പ്രത്യേക പ്രതീക്ഷ നല്‍കുന്നതാണ് കൊച്ചിന്‍ ഷിപ്പ്്യാര്‍ഡും ദുബൈ ഡ്രൈഡോക്സ് വേള്‍ഡും തമ്മിലുള്ള കരാര്‍. കപ്പല്‍ നിര്‍മാണ- അറ്റകുറ്റപ്പണി മേഖലകളില്‍ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലവസരങ്ങളും പരിശീലന സംവിധാനങ്ങളും സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന ഈ സംരംഭം കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ ചെറിയ ചലനത്തിനെങ്കിലും തുടക്കമിടും. ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള മേഖലകളില്‍ മലയാളി യുവാക്കള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലടക്കം കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടാന്‍ ഇത് വഴിതുറന്നേക്കും. തൊഴില്‍ മേഖലയെ കേന്ദ്രീകരിച്ചുള്ള ഇത്തരമൊരു ദീര്‍ഘകാല പങ്കാളിത്തം പ്രവാസി സമൂഹത്തിനും വലിയ ആത്മവിശ്വാസമാണ് പകരുന്നത്.
അതേസമയം, മേഖലയിലെ രാഷ്ട്രീയ വെല്ലുവിളികളോടുള്ള ഇന്ത്യയുടെ നിലപാടും ഈ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ വ്യക്തമായി. യു എ ഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും പശ്ചിമേഷ്യയിലെ സ്ഥിരതയുടെ ആവശ്യകത ആവര്‍ത്തിക്കുകയും ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രി, ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും സ്വതന്ത്രമായ നാവിക ഗതാഗതവും ആഗോള സമ്പദ്‌വ്യവസ്ഥക്ക് എത്ര നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് സംവാദങ്ങളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയുമാണെന്ന നിലപാട് മോദി ഇവിടെയും പ്രകടിപ്പിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.
കൊവിഡ് മഹാമാരിയുടെയും പ്രാദേശിക സംഘര്‍ഷങ്ങളുടെയും കാലത്ത് ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിയ യു എ ഇ നേതൃത്വത്തോടുള്ള ഇന്ത്യയുടെ നന്ദിപ്രകടനമായിരുന്നു ഈ സന്ദര്‍ശനത്തിന്റെ ഏറ്റവും മാനുഷികവും ഹൃദ്യവുമായ ഭാഗം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സ്വന്തം ജനതയെപ്പോലെ സംരക്ഷിക്കുന്ന യു എ ഇയുടെ സമീപനം എടുത്തുപറയേണ്ടത് തന്നെയാണ്. രാജ്യങ്ങളും ജനതയും തമ്മിലുള്ളത് വെറും സാമ്പത്തിക കരാറുകളിലെ കൊണ്ടുകൊടുക്കല്‍ മാത്രമല്ലെന്നും ഇതെല്ലാം ഓര്‍മിപ്പിക്കുന്നു.
സെപയെന്ന സമഗ്ര സാമ്പത്തിക കരാറിലൂടെ ഇരു രാജ്യങ്ങളുടെയും വ്യാപാരബന്ധം നൂറ് കോടി ഡോളര്‍ പിന്നിട്ട് 200 കോടി ഡോളറിലേക്കുള്ള യാത്ര തുടരുന്ന ഈ ഘട്ടത്തില്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന് പുതിയ വേഗതയും ദിശയും നല്‍കുമെന്നതില്‍ സംശയമില്ല. ഈ സൗഹൃദം, ഭാവിയുടെ വികസനത്തിനും മേഖലയുടെ സമാധാനത്തിനും ആഗോള പുരോഗതിക്കും കൂടുതല്‍ ശക്തി പകരട്ടെ എന്ന് പ്രത്യാശിക്കാം. വെറും രണ്ട് മണിക്കൂര്‍ മാത്രം നീണ്ടുനിന്ന സന്ദര്‍ശനത്തിനായി യു എ ഇയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ആഗോള സമാധാനം, സുരക്ഷ, സമുദ്ര ഗതാഗത സ്ഥിരത, ആഗോള ഊര്‍ജ വിതരണം എന്നിവ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ വിശദമായ ആശയവിനിമയം നടത്തി.
പ്രധാനമന്ത്രി മോദിയെ വഹിച്ചുകൊണ്ടുള്ള വിമാനം യു എ ഇ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ തന്നെ യു എ ഇയുടെ സൈനിക വിമാനങ്ങളുടെ ഒരു നിര വ്യോമപാതയില്‍ അകമ്പടിയേകി സ്വീകരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രൗഢി വ്യക്തമാക്കുന്നതായി. നിലവിലെ ആഗോള രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയും യു എ ഇയും തമ്മിലുള്ള സൗഹൃദത്തിന് മുമ്പത്തേക്കാള്‍ ഏറെ പ്രാധാന്യമുണ്ടെന്ന് കൂടി തെളിയിക്കുന്നതായിരുന്നു ഈ സന്ദര്‍ശനം.







