Connect with us

Qatar World Cup 2022

ഗോളി വന്മതിലായി; മൊറോക്കോ ക്വാർട്ടറിൽ, സ്പെയിൻ പുറത്ത്

ഷൂട്ടൌട്ടിലാണ് മൊറോക്കോയുടെ വിജയം.

Published

|

Last Updated

ദോഹ | വീറുറ്റ ആഫ്രോ- യൂറോ പോരാട്ടത്തിന് സാക്ഷ്യംവഹിച്ച ഖത്വറിലെ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിൽ വെന്നിക്കൊടി നാട്ടി മൊറോക്കോ. ഷൂട്ടൌട്ടിലാണ് മൊറോക്കോയുടെ വിജയം. നാല് പെനാൽറ്റികളിൽ മൂന്നെണ്ണം സ്പാനിഷ് വലയിലെത്തിക്കാൻ മൊറോക്കോക്ക് സാധിച്ചു. സ്പെയിനിന് ഒരു പെനാൽറ്റി പോലും ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തത് നാണക്കേടായി. മൊറോക്കോ ആദ്യമായാണ് ലോകകപ്പ് ക്വാർട്ടറിലെത്തിയത്. ഇതോടെ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ക്വാർട്ടർ കാണാതെ പുറത്തായി.

മൊറോക്കോയുടെ അബ്ദുല്‍ഹാമിദ് സാബിരി, ഹകീം സിയേച്ച്, അശ്‌റഫ് ഹകീമി എന്നിവരാണ് പെനാല്‍റ്റി ഗോളാക്കിയത്. സ്പാനിഷ് നിരയില്‍ പാബ്ലോ സരാബിയയുടെ ആദ്യ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. കാര്‍ളോസ് സോളര്‍, സെര്‍ജിയോ ബസ്‌ക്വിറ്റ്‌സ് എന്നിവരുടെ ഷോട്ടുകള്‍ ഗോളി തടയുകയും ചെയ്തു. ഫുട്‌ബോള്‍ അതികായരായ സ്‌പെയിനും വടക്കനാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയും തമ്മിലുള്ള പ്രിക്വാര്‍ട്ടര്‍ മത്സരം അക്ഷരാർഥത്തിൽ തീപാറുന്നതായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിത സമനിലയായിതനാലാണ് ഷൂട്ടൌട്ടിലേക്ക് നീണ്ടത്.

ട്രിബിളിംഗും മുന്നേറ്റവും പ്രതിരോധവും പാസുമൊക്കെയായി സ്പാനിഷ് നിരയെ സ്തബ്ധരാക്കുന്ന പ്രകടനമാണ് മൊറോക്കോ കാഴ്ചവെച്ചത്. അശ്‌റഫ് ഹക്കീമിയുടെയും ഹക്കീം സിയേച്ചിന്റെയും നുസൈര്‍ മസ്‌റൂയിയുടെയും വലീദ് ശദിരയുടെയും നേതൃത്വത്തില്‍ പല പ്രാവശ്യം എതിരാളിയുടെ ഗോള്‍മുഖത്തേക്ക് മണല്‍ക്കാറ്റ് കണക്കെ ആര്‍ത്തിരമ്പിയെത്തി സഹാറ മരുഭൂമിയുടെ നാട്ടില്‍ നിന്നുള്ള മൊറോക്കോ താരങ്ങള്‍. ഗോളി യാസീന്‍ ബൂനൂവും മികച്ച സേവുകളാണ് നടത്തിയത്.

മറുഭാഗത്ത് അല്‍വാരോ മൊറാത്തോയുടെയും ഗവിയുടെയും ഡാനി ഒല്‍മോയുടെയും തകര്‍പ്പന്‍ മുന്നേറ്റങ്ങളുമുണ്ടായി. എന്നാല്‍ മൊറോക്കോ പ്രതിരോധവും ഗോളി യാസീനും വന്‍മതിലുകളായി നിലകൊണ്ടു. ഫിനിഷിംഗിലെ പോരായ്മ ഇരു ടീമുകളിലും നിഴലിച്ചു രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ജേതാക്കളായാണ് മൊറോക്കോ പ്രീക്വാർട്ടറിലെത്തിയത്. ഒരു ജയം മാത്രമാണ് സ്പെയിനിന് ഗ്രൂപ്പ് ഘട്ടത്തിലുണ്ടായിരുന്നത്. ഗോൾ ശരാശരിയിൽ പ്രീക്വാർട്ടറിലെത്തുകയായിരുന്നു.