Uae
ആഗോള ഡിജിറ്റല്‍ നോമാഡ് റാങ്കിംഗ്: മുന്നേറ്റവുമായി യു എ ഇ
ഡിജിറ്റല്‍ നാടോടികള്‍ക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത്. 2023ലെ നാലാം സ്ഥാനത്തു നിന്നാണ് യു എ ഇയുടെ വളര്‍ച്ച.

അബൂദബി | ഡിജിറ്റല്‍ നാടോടികള്‍ക്ക് ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി യു എ ഇ. 2025 ലെ ഏറ്റവും പുതിയ ഡിജിറ്റല്‍ നോമാഡ് വിസ സൂചിക പ്രകാരം 2023ലെ നാലാം സ്ഥാനത്തു നിന്നാണ് യു എ ഇയുടെ വളര്‍ച്ച. പ്രതിരോധശേഷിയുള്ള ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം, ഭാവിക്ക് തയ്യാറായ തൊഴില്‍ ശക്തി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഫലമാണ് ഈ നേട്ടം.
ഇമിഗ്രന്റ് ഇന്‍വെസ്റ്റ് പുറത്തിറക്കിയ റാങ്കിംഗില്‍ യു എ ഇ സ്പെയിനിന് തൊട്ടുപിന്നിലും മോണ്ടിനെഗ്രോ, ബഹാമാസ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുന്നിലുമാണ്. ഇന്റര്‍നെറ്റ് ഗുണനിലവാരം, നികുതി നയങ്ങള്‍, ജീവിതച്ചെലവ്, ആരോഗ്യ സംരക്ഷണം, സുരക്ഷ തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്കിംഗ് നിര്‍ണയിക്കുന്നത്. ദുബൈയും അബൂദബിയും ഇപ്പോള്‍ ഡിജിറ്റല്‍ സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെയും പ്രധാന ലക്ഷ്യസ്ഥാനങ്ങളായി മാറിയിരിക്കുന്നു.
2021 മാര്‍ച്ചില്‍ ഡിജിറ്റല്‍ നാടോടികള്‍ക്കായി ഒരു വര്‍ഷം വരെ കാലാവധിയുള്ള വിസ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി യു എ ഇ മാറി. അബൂദബിയുടെ വെര്‍ച്വല്‍ വര്‍ക്കിംഗ് പ്രോഗ്രാമും ദുബൈയുടെ റിമോട്ട് വര്‍ക്ക് വിസയും രാജ്യത്തിന്റെ ഈ നേട്ടത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നു.