National
എതിരാളികളെ അത്ഭുതപ്പെടുത്തി അവതരിപ്പിച്ച ഒരു രൂപ ഓഫര്‍ ജിയോ പിന്‍വലിച്ചു
ജിയോ ആപ്പില്‍ റീചാര്‍ജ് വിഭാഗത്തില്‍ വാല്യൂ എന്ന ബട്ടനു കീഴില്‍ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉള്‍പ്പെടുത്തിയിരുന്നത്.

മുംബൈ| ഉപയോക്താക്കളെ മാത്രമല്ല മറ്റ് ടെലികോം രംഗത്തെ എതിരാളികളെയും അത്ഭുതപ്പെടുത്തി അവതരിപ്പിച്ച പുതിയ ഒരു രൂപ ഓഫര്‍ ജിയോ പിന്‍വലിച്ചു. ഡാറ്റ പാക്കേജിന്റെ വില ഒരു രൂപയാണെന്നതായിരുന്നു ഈ പാക്കേജിന്റെ ഏറ്റവും വലിയ പ്രത്യേകത. 30 ദിവസത്തെ വാലിഡിറ്റിയില്‍ 100 എംബി ഹൈ സ്പീഡ് ഡാറ്റയാണ് പ്ലാന്‍ പ്രകാരം ലഭിക്കുക എന്നായിരുന്നു വാര്‍ത്തകള്‍. ജിയോ ആപ്പില്‍ റീചാര്‍ജ് വിഭാഗത്തില്‍ വാല്യൂ എന്ന ബട്ടനു കീഴില്‍ അതര്‍ പ്ലാന്‍ എന്ന പേരിലാണ് ഇത് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജിയോയുടെ വെബ്സൈറ്റില്‍ പ്ലാന്‍ ദൃശ്യമല്ലായിരുന്നു. ഡാറ്റ 100 എം.ബിയേ ഉള്ളുവെങ്കിലും ജിയോ വ്യക്തമാക്കിയതനുസരിച്ച് വാലിഡിറ്റി കാലയളവില്‍ സൗജന്യമായി അണ്‍ലിമിറ്റഡ് കോളുകളും ദിവസേന 100 വരെ എസ്.എം.എസും ഉപയോക്താവിന് ലഭിക്കും എന്നതാണ് പ്ലാനിന്റെ പ്രധാന സവിശേഷത.
എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ഓഫര്‍ ഇപ്പോള്‍ അപ്രതീക്ഷിതമായി തന്നെ ഇല്ലാതായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ ജിയോ ആപ്പില്‍ ഈ ഓഫര്‍ ലഭ്യമല്ല. കഴിഞ്ഞ ദിവസം മുതലാണ് ഇത് അപ്രത്യക്ഷമായത്. നേരത്തെ ഒരു രൂപ ഓഫര്‍ വന്ന സമയത്ത് തന്നെ അതിനെക്കുറിച്ച് കാര്യമായി പറയാതിരുന്ന കമ്പനി ഇപ്പോഴും ഇതില്‍ മൗനം പാലിക്കുകയാണ്. അതായത് ഈ ഓഫര്‍ എന്തിന് നീക്കം ചെയ്തു എന്നതിന്റെ കാരണം വ്യക്തമല്ല.
അതേസമയം ടെലികോം നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഈ പ്ലാന്‍ അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള ‘എമര്‍ജന്‍സി പ്ലാന്‍’ ആയിരിക്കുമെന്നാണ്. അതിന്റെ ടെസ്റ്റിംഗ് ആയിരിക്കാം പ്ലാന്‍ അവതരിപ്പിച്ച് പിന്‍വലിച്ചതിന് പിന്നില്‍ എന്നാണ് പറയുന്നത്. ഭാവിയില്‍ ഇത്തരം ഒരു പ്ലാന്‍ തിരിച്ചെത്തില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും ടെലികോം നിരീക്ഷകര്‍ വ്യക്തമാക്കി.