Connect with us

Articles

സാമാന്യവത്കരിക്കപ്പെടുന്ന കൂട്ടക്കൊലകള്‍

ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധി കേട്ട് അമ്പരപ്പോടെ നിസ്സഹായരായി നില്‍ക്കുന്ന ഒരു ജനവിഭാഗത്തോട് നിങ്ങള്‍ നീതിക്കും നിയമത്തിനും പുറത്താണെന്ന് വീണ്ടും വിളിച്ചുപറയുന്ന മറ്റൊരു വിധിയാണ് നരോദാ ഗാം കേസിലും പുറത്തുവരുന്നത്. ഇരകള്‍ക്ക് വേണ്ടി സാക്ഷി പറഞ്ഞവരും വേട്ടയാടപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയവരുമടക്കം കലാപവുമായി ബന്ധപ്പെട്ട എല്ലാ ഓര്‍മകളും മായ്ച്ചുകളയാനാണ് ബി ജെ പി ഇപ്പോള്‍ ശ്രമിക്കുന്നത്.

Published

|

Last Updated

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളില്‍ ഒരു വംശഹത്യയുടെ എല്ലാ ദുഃസ്വഭാവങ്ങളുമുണ്ടായിരുന്ന കൂട്ടക്കൊലയാണ് ഗുജറാത്ത് കലാപം. ഒരുപക്ഷേ, ഇത്ര ആസൂത്രിതവും ഭരണകൂട ഒത്താശയോടെ അരങ്ങേറിയതുമായ മറ്റൊരു കലാപം സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ ബാബരിയുടെ ധ്വംസനത്തോളം തന്നെ ഹിന്ദുവോട്ടുബേങ്കിനെ സ്വാധീനിക്കുന്നതില്‍ ഗുജറാത്ത് കലാപത്തിനും വലിയൊരു പങ്കുണ്ട്. സംഘ്പരിവാറിന്റെ പ്രിയ പുത്രനും ഗുജറാത്ത് രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനുമായി വിലസിയ കേശുഭായ് പട്ടേലിന്റെ യുഗം അവസാനിപ്പിച്ച് നരേന്ദ്ര മോദി എന്ന പുതിയ ബ്രാന്‍ഡിനെ സംഘ്പരിവാര്‍ അവതരിപ്പിക്കുന്നതും ആഘോഷിച്ചു തുടങ്ങിയതും ഗുജറാത്ത് കലാപാനന്തരമായിരുന്നു.

അതുവരെ ഗുജറാത്തില്‍ നിന്നുള്ള ബി ജെ പി നേതാവ് എന്ന മേല്‍വിലാസത്തില്‍ മാത്രം ഒതുങ്ങിനിന്ന നരേന്ദ്ര മോദിയെ പാര്‍ട്ടിയുടെ ദേശീയ ഐക്കണായി പരിഗണിച്ചു തുടങ്ങുന്നതിലും മോദിയുടെ മൂലധനം ഈ കലാപം തന്നെയായിരുന്നു. കലാപം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാകുംവിധം ചര്‍ച്ചയായതിനെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പയ് നരേന്ദ്ര മോദിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെന്നും അന്ന് പാര്‍ട്ടിയിലെ രണ്ടാമനും ഉപ പ്രധാനമന്ത്രിയുമായിരുന്ന അഡ്വാനിയുടെ പിന്തുണയായിരുന്നു നരേന്ദ്ര മോദിയെ സംരക്ഷിച്ചതെന്നും പിന്നീട് ബി ജെ പി വിട്ട ശേഷം മുന്‍ ബി ജെ പി നേതാവായിരുന്ന യശ്വന്ത് സിന്‍ഹ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ഗുജറാത്ത് കലാപം അത്ര നല്ല ഒരു ഓര്‍മയല്ല. എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മാഞ്ഞുപോകാത്ത ഒരു കറുത്ത പാടായി ഗുജറാത്ത് വംശഹത്യ മോദിയുടെ പൊളിറ്റിക്കല്‍ കരിയറിൽ ബാക്കി നില്‍ക്കുക തന്നെ ചെയ്യും. ആ ഭൂതകാലത്തെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് അടുത്ത കാലത്തായി കേന്ദ്ര-സംസ്ഥാന ബി ജെ പി ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധിയെയും നോക്കിക്കാണേണ്ടത്.

2002ലെ ഗുജറാത്ത് കലാപ കാലത്ത് ഏറ്റവും ക്രൂരമായ മുസ്‌ലിം വേട്ട നടന്ന പ്രദേശമാണ് നരോദാ പാട്യ, നരോദാ ഗാം തുടങ്ങിയ പ്രദേശങ്ങള്‍. നരോദാ പാട്യയില്‍ അയ്യായിരത്തോളം വരുന്ന വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നടന്ന കലാപത്തില്‍ നരോദാ പാട്യയില്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട 96 പേര്‍ അതിക്രൂരമായി കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ തന്നെ എഴുപതിലധികം പേര്‍ സ്ത്രീകളും കുട്ടികളുമായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇതിന് നേതൃത്വം നല്‍കിയതാകട്ടെ അന്നത്തെ ഗുജറാത്ത് നിയമസഭാംഗവും പിന്നീട് നരേന്ദ്ര മോദി സര്‍ക്കാറിലെ മന്ത്രിയുമായി മാറിയ മായാ കൊഡ്്‌നാനിയായിരുന്നു. ഗുജറാത്ത് കലാപത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നരോദാ മണ്ഡലത്തില്‍ നിന്ന് തന്നെ ഒരുലക്ഷത്തില്‍ പരം വോട്ടിനാണ് അവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ 2007ല്‍ 1,80,000 വോട്ടുകള്‍ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മോദി മന്ത്രിസഭയില്‍ വനിതാ ശിശുവികസന വകുപ്പ് തന്നെ നല്‍കി ബി ജെ പി അവരെ ആദരിച്ചു. 2009ല്‍ കൂട്ടക്കൊല കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ അവര്‍ മന്ത്രിസ്ഥാനത്തിരുന്നു. ഗുജറാത്ത് കലാപത്തിന് ഏറെക്കാലത്തിന് ശേഷമാണ് 2012ല്‍ നീതിയുടെ നേരിയ വെളിച്ചം കണ്ട വിധി പ്രസ്താവിക്കപ്പെടുന്നത്. ഈ കേസില്‍ പ്രത്യേക വിചാരണാ കോടതി 28 കൊല്ലത്തെ തടവിനാണ് മായാ കൊഡ്‌നാനിയെ ശിക്ഷിച്ചത്.

എന്നാല്‍ പിന്നീട് 2018ല്‍ ഗുജറാത്ത് ഹൈക്കോടതി കേസില്‍ കുറ്റവിമുക്തമാക്കുകയും ചെയ്തു. മായാ കൊഡ്‌നാനിക്ക് വേണ്ടി പ്രതിഭാഗത്ത് നിന്ന് സാക്ഷി പറയാന്‍ എത്തിയ പ്രമുഖരില്‍ ഇന്നത്തെ ആഭ്യന്തര മന്ത്രിയും അന്നത്തെ ബി ജെ പി അധ്യക്ഷനുമായിരുന്ന അമിത് ഷായും ഉണ്ടായിരുന്നു എന്നത് കോടതി വിധിയുടെ സഞ്ചാരപഥത്തെ നിര്‍ണയിക്കുന്നതിലേക്ക് വരെ നയിക്കപ്പെട്ടു എന്നത് വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു.

നരേന്ദ്ര മോദിയുടെ ഗുജറാത്ത് മന്ത്രിസഭയിലെ ശിക്ഷിക്കപ്പെട്ട ഏക എം എല്‍ എയും സ്ത്രീയും മായാ കൊഡ്‌നാനി തന്നെയായിരുന്നു. ഇതിന് സമാനമായ സംഭവങ്ങളാണ് നരോദാ ഗാമിലും അരങ്ങേറിയത്. മുസ്‌ലിം സമുദായത്തിലെ 11 പേര്‍ കൊല്ലപ്പെട്ട കേസില്‍ കൊഡ്‌നാനിക്കൊപ്പം, മുന്‍ ബജ്റംഗ് ദള്‍ നേതാവ് ബാബു ബജ്റംഗി, വിശ്വഹിന്ദു പരിഷത്ത് നേതാവ് ജയദീപ് പട്ടേല്‍ എന്നിവരുള്‍പ്പെടെ 68 പ്രതികളെയും അഹമ്മദാബാദിലെ പ്രത്യേക എസ് ഐ ടി കോടതി ഇപ്പോള്‍ വെറുതെ വിട്ടിരിക്കുകയാണ്.

നീതിപീഠത്തിലുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടും വിധത്തിലാണ് ഗുജറാത്ത് കലാപത്തിലെ ഒാരോ കേസും ഈ അടുത്ത കാലത്തായി വിധി പറയപ്പെട്ടത്. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധി കേട്ട് അമ്പരപ്പോടെ നിസ്സഹായരായി നില്‍ക്കുന്ന ഒരു ജനവിഭാഗത്തോട് നിങ്ങള്‍ നീതിക്കും നിയമത്തിനും പുറത്താണെന്ന് വീണ്ടും വിളിച്ചു പറയുന്ന മറ്റൊരു വിധിയാണ് നരോദാ ഗാം കേസിലും പുറത്തുവരുന്നത്. ഇരകള്‍ക്ക് വേണ്ടി സാക്ഷി പറഞ്ഞവരും വേട്ടയാടപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തിയവരുമടക്കം കലാപവുമായി ബന്ധപ്പെട്ട എല്ലാ ഓര്‍മകളും മായ്ച്ചുകളയാനാണ് ബി ജെ പി ഇപ്പോള്‍ ശ്രമിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരെ നാനാവതി-മേത്ത കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയ ഗുജറാത്ത് എ ഡി ജി പിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍, മോദിക്കെതിരെ നിരന്തരം ശബ്ദിച്ച പോലീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ട്, ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്റ്റ സെതല്‍വാദ്, കലാപത്തെ കുറിച്ച് പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബ്… ഇങ്ങനെ നീതിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയവരെ മുഴുവന്‍ തിരഞ്ഞുപിടിച്ച് നിരന്തരം വേട്ടയാടുകയും നിശ്ശബ്ദമാക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഗുജറാത്ത് വംശഹത്യയിലെ ഓരോ ഏടും തങ്ങള്‍ക്ക് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ബി ജെ പി ഭരണകൂടം പറയാതെ പറയുന്നത്. നരോദാ ഗാം വിധിയോടെ രണ്ട് കേസിലും കുറ്റവിമുക്തയാക്കപ്പെട്ട മായാ കൊഡ്‌നാനിയെ രാജ്യസഭയിലേക്ക് അയക്കുമെന്നും പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങള്‍ നല്‍കി ആദരിക്കുമെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. അങ്ങനെ സംഭവിക്കുന്നതോടെ മാഞ്ഞുപോകുന്നത് ഗുജറാത്ത് കലാപത്തിലെ നരോദാ കൂട്ടക്കൊല എന്ന അധ്യായം മാത്രമാകില്ല, ഇന്ത്യന്‍ നീതിപീഠത്തിലുള്ള ഒരു ജനതയുടെ വിശ്വാസം തന്നെയാകും.

Latest