National
സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തുടരും
2026 മെയ് 30 വരെ അദ്ദേഹത്തിന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടിനല്‍കി

ന്യൂഡല്‍ഹി | സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ അദ്ദേഹം സ്ഥാനത്ത് തുടരും.
2022 സെപ്റ്റംബര്‍ 30നായിരുന്നു ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി അനില്‍ ചൗഹാന്‍ ചുമതല ഏറ്റത്. ഇന്ത്യന്‍ സായുധ സേനയുടെ രണ്ടാമത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സി ഡി എസ്) ആണ് അദ്ദേഹം. 2021 ഡിസംബറില്‍ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം സി ഡി എസ് സ്ഥാനത്ത് എത്തിയത്.
2018 ജനുവരിയില്‍ അദ്ദേഹത്തെ ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ് ആയി നിയമിച്ചു. 2019-ല്‍ പാകിസ്താനെതിരായ ബാലകോട്ട് വ്യോമാക്രമണം, ഇന്ത്യ-മ്യാന്‍മര്‍ സംയുക്ത കലാപ വിരുദ്ധ ആക്രമണമായ ഓപ്പറേഷന്‍ സണ്‍റൈസ് എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത് ഈ കാലയളവിലാണ്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലുമായി പരിശീലനം നേടിയിട്ടുള്ള അനില്‍ ചൗഹാന് പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ് സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയും ലഭിച്ചിട്ടുണ്ട്.