Connect with us

Uae

ജി സി സി രാജ്യങ്ങള്‍ ഷെന്‍ഗെന്‍ മാതൃകയിലുള്ള ടൂറിസ്റ്റ് വിസ നല്‍കാന്‍ ആലോചിക്കുന്നു

യൂറോപ്പിലൂടെ യാത്രക്കു പ്രയോജനപ്പെടുത്താവുന്ന വിസയാണ് ഷെന്‍ഗെന്‍ വിസ. വിനോദസഞ്ചാരികള്‍ക്ക്, 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൂടെ തടസ്സരഹിതമായ യാത്ര അനുഭവിക്കാനാവും.

Published

|

Last Updated

ദുബൈ | ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി ‘ഷെന്‍ഗെന്‍’ മാതൃകയിലുള്ള വിസ നടപടികള്‍ ആരംഭിക്കുമെന്ന് സൂചന. ഏകീകൃത വിസ എങ്ങനെ നേടാം എന്നതിനെക്കുറിച്ച് ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ മന്ത്രിതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ബഹ്റൈനിലെ ടൂറിസം മന്ത്രി ഫാത്വിമ അല്‍ സൈറാഫി വ്യക്തമാക്കി.

മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും വരുമാനവും ടൂറിസം മേഖലയില്‍ കുതിപ്പും വര്‍ധിപ്പിക്കുന്നതാവും ഇത്തരമൊരു നീക്കം. ദുബൈയില്‍ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ‘ജി സി സി യാത്രയുടെ ഭാവി’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് അല്‍ സൈറാഫി ഈ അഭിപ്രായപ്രകടനം നടത്തിയത്.

‘യൂറോപ്പിലേക്ക് പോകുന്ന ആളുകള്‍ സാധാരണ ഒരു രാജ്യത്തേക്കാള്‍ നിരവധി രാജ്യങ്ങളില്‍ സമയം ചെലവഴിക്കുന്നത് കാണുന്നു. ഇത് ഓരോ രാജ്യത്തിനും നല്‍കുന്ന മൂല്യം ഞങ്ങള്‍ ശരിക്കും മനസിലാക്കുന്നു. യു എ ഇ, സഊദി അറേബ്യ എന്നിവക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതില്‍ ബഹ്റൈന് നേട്ടമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് വിനോദസഞ്ചാര മേഖല സുപ്രധാനമാണെന്ന് എല്ലാ ജി സി സി രാജ്യങ്ങളും വിശ്വസിക്കുന്നുവെന്ന് പാനല്‍ ചര്‍ച്ചയില്‍ യു എ ഇ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലെഹും വ്യക്തമാക്കി. ജി സി സി രാജ്യങ്ങള്‍ക്ക് ഒരു പൊതു വിപണിയും ഏകീകൃത നയങ്ങളുമുണ്ട്. വിനോദസഞ്ചാര മേഖലയില്‍, വളര്‍ച്ച സുഗമമാക്കുന്നതിനുള്ള നിയന്ത്രണങ്ങളും നയങ്ങളും നടപടിക്രമങ്ങളും നടപ്പാക്കി പ്രയോജനം നേടാനാകും. ഇപ്പോള്‍ ജി സി സിയിലേക്ക് ആളുകളുടെ ഒഴുക്ക് വര്‍ധിച്ചിട്ടുണ്ട്. അത് കാലക്രമേണ വര്‍ധിച്ചുവരികയുമാണ്. സന്ദര്‍ശകര്‍ക്ക് നല്ല ഒരു അനുഭവം നല്‍കുകയാണെങ്കില്‍, ഒരു രാജ്യം സന്ദര്‍ശിക്കുന്നതിനു പകരം, അവരുടെ സന്ദര്‍ശനങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി ഉണ്ടാകും. അതിര്‍ത്തി കടന്നുള്ള യാത്ര സുഗമമാക്കുന്നതിലൂടെയും ജി സി സിയിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു പാക്കേജ് ഏകീകരിക്കുന്നതിലൂടെയും സന്ദര്‍ശകര്‍ കൂടുതല്‍ സന്തുഷ്ടരാകുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിരമായ ടൂറിസം മേഖല ഉറപ്പാക്കുന്നതിനുമായി ഏകീകൃത ജി സി സി ടൂറിസം തന്ത്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അബ്ദുല്ല അല്‍ സാലെഹ് കൂട്ടിച്ചേര്‍ത്തു.

ഇക്കാലത്ത് യാത്രക്കാര്‍ ഒരു രാജ്യത്തെക്കുറിച്ചല്ല, ഒരു പ്രദേശത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് സഊദി ടൂറിസം അതോറിറ്റി സി ഇ ഒ. ഫഹദ് ഹമീദാദ്ദീന്‍ പറഞ്ഞു. ഖത്വറില്‍ നടന്ന ഫിഫ ലോകകപ്പില്‍ നിന്ന് തങ്ങള്‍ക്ക് വളരെയധികം പ്രയോജനം ലഭിച്ചു. ഇത് സംയുക്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും എല്ലാവര്‍ക്കും പ്രയോജനം നേടാനും കഴിയുമെന്നതിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഷെന്‍ഗെന്‍ വിസ
യൂറോപ്പിലൂടെ യാത്രക്കു പ്രയോജനപ്പെടുത്താവുന്ന വിസയാണ് ഷെന്‍ഗെന്‍ വിസ. വിനോദസഞ്ചാരികള്‍ക്ക്, 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൂടെ തടസ്സരഹിതമായ യാത്ര അനുഭവിക്കാനാവും.