International
ഗസ്സ വെടിനിർത്തൽ: സഹായവിതരണം യു എൻ നിയന്ത്രണത്തിൽ പുനരാരംഭിക്കണമെന്ന ഹമാസ് നിർദേശം ഇസ്റാഈൽ തള്ളി; ചർച്ച തുടരും
ചർച്ചകൾ നടക്കുന്നത് ഖത്വർ തലസ്ഥാനമായ ദോഹയിലും അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിലും

ഗസ്സ സിറ്റി | ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ ഖത്വർ തലസ്ഥാനമായ ദോഹയിലും അമേരിക്കയിലെ വാഷിംഗ്ടണിലും ഇന്നും തുടരും. ഗസ്സയിലെ സഹായവിതരണം യു എൻ നിയന്ത്രണത്തിൽ പുനരാരംഭിക്കണമെന്ന ഹമാസ് നിർദേശത്തെ ഇസ്റാഈൽ എതിർത്തു. ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അമേരിക്കയിൽ നേതാക്കളുമായി തിരക്കിട്ട ചർച്ചയിലാണ്. വ്യാഴാഴ്ചയോടെ താത്കാലിക വെടിനിർത്തൽ കരാർ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
ഹമാസ്, ഇസ്റാഈൽ പ്രതിനിധി സംഘങ്ങളാണ് ദോഹയിൽ തുടരുന്ന ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചകൾ ശരിയായ ദിശയിലെന്ന് അമേരിക്ക അറിയിച്ചു. ഭിന്നതകൾക്ക് പരിഹാരം കണ്ട് ഉടൻ വെടിനിർത്തലിലേക്ക് നീങ്ങാൻ ഇരുപക്ഷത്തിനും കഴിയുമെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു. വെടിനിർത്തൽ വേളയിൽ ഗസ്സയിലേക്കുള്ള സഹായ വിതരണം യു എന്നിനോ സ്വതന്ത്ര ഏജൻസിക്കോ കൈമാറണമെന്നതാണ് ഹമാസ് ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ ഇസ്റാഈൽ ഇത് എതിർക്കുകയാണ്.
വാഷിംഗ്ടണിൽ ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ഇന്നലെ സ്റ്റിവ് വിറ്റ്കോഫ് ചർച്ച നടത്തി. യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇന്ന് നെതന്യാഹു ചർച്ച നടത്തും. വെടിനിർത്തലിന് പുറമെ യുദ്ധാനന്തര ഗസ്സയുടെ ഭാവി, ഇറാൻ ആണവ പദ്ധതിക്കെതിരായ നടപടി എന്നിവ സംബന്ധിച്ചും അമേരിക്കൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്റാഈൽ- ഗസ്സ അതിർത്തിയോട് ചേർന്ന് മുഴുവൻ ഫലസ്തീനികളെയും പ്രത്യേകം പുനരധിവസിപ്പിച്ച് ഹമാസിന്‍റെ സ്വാധീനം ഇല്ലാതാക്കുന്നതുൾപ്പെടെയുള്ള ചില നിർദേശങ്ങളാണ് നെതന്യാഹു അമേരിക്കക്ക് മുമ്പാകെ സമർപ്പിച്ചതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.