Connect with us

പടനിലം

ഗംഗാനഗർ: താങ്ങുവില ഭീഷണി; വിളവിൽ ആശങ്ക

പ്രദേശത്ത് ഉയർന്നുവന്ന കർഷക രോഷമാണ് ബി ജെ പിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

Published

|

Last Updated

രാജസ്ഥാനിൽ കർഷകർക്ക് പ്രാമുഖ്യമുള്ള മണ്ഡലങ്ങളിലൊന്നാണ് ഒന്നാം ഘട്ടത്തിൽ ബൂത്തിലേക്കു പോകുന്ന വടക്കുപടിഞ്ഞാറ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഗംഗാനഗർ. 2014 മുതൽ തുടർച്ചയായി ബി ജെ പി ജയിച്ച, പാർട്ടിയുടെ സുരക്ഷിത സീറ്റായി കരുതിയിരുന്ന ഈ മണ്ഡലത്തിൽ അവർ ഇപ്പോൾ നന്നായി വിയർക്കുന്നുണ്ട്.

പ്രദേശത്ത് ഉയർന്നുവന്ന കർഷക രോഷമാണ് ബി ജെ പിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. 70ലധികം ശതമാനം ഗ്രാമീണ മേഖല ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ പ്രധാനമായും കാർഷികവൃത്തിയെ ആശ്രയിച്ചാണ് ജീവിതം.

മിനിമം താങ്ങുവിലക്കു നിയമ പരിരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി അടുത്തിടെ പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകൾ നടത്തിയ പ്രക്ഷോഭത്തിൽ ഗംഗാനഗറിൽ നിന്നുള്ള കർഷകരും സജീവമായി പങ്കെടുത്തിരുന്നു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും ആയിരങ്ങൾ പ്രതിഷേധമുയർത്തി. താങ്ങുവില നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാത്ത നരേന്ദ്ര മോദി സർക്കാറിനെതിരെ രോഷം ഇപ്പോഴും പ്രകടമാണ്.
സിഖ് സ്വാധീനം

പഞ്ചാബിനോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ സിഖ് ജനത വസിക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ 33.52 ശതമാനം പട്ടിക ജാതി വിഭാഗവുമാണ്. ശ്രീ ഗംഗാനഗർ, ഹനുമാൻഗഢ് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 8,97,177 വോട്ട് നേടിയാണ് ബി ജെ പിയുടെ നിഹാൽചന്ദ് മേഘ്‌വാൾ വിജയിച്ചത്. ഇപ്പോൾ ബി ജെ പിക്ക് കാര്യങ്ങൾ അത്ര സുഖകരമല്ല. 2023 നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മണ്ഡല പരിധിയിൽ വരുന്ന എട്ട് നിയമസഭാ സീറ്റുകളിൽ അഞ്ചിടത്ത് കോൺഗ്രസ്സാണ് ജയിച്ചത്. സംസ്ഥാനത്ത് അധികാരത്തിലെത്തിയെങ്കിലും ബി ജെ പി രണ്ടിലൊതുങ്ങി. ഒന്ന് സ്വതന്ത്രനും ലഭിച്ചു.

അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും കർഷക പ്രതിഷേധത്തിന്റെ ആഘാതം ബി ജെ പി നേരിടേണ്ടിവന്നു. പാർട്ടിക്ക് ഒരു ജില്ലാ പരിഷത്ത് (പഞ്ചായത്ത് സമിതി ബോർഡ്) പോലും നേടാനായില്ല. ഇപ്പോൾ മണ്ഡലത്തിൽ ബി ജെ പിയും കോൺഗ്രസ്സും ഉന്നയിക്കുന്ന പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കർഷകർക്കുള്ള ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണ്.
വനിതാ പ്രതിനിധ്യം ഉറപ്പാക്കാൻ നിഹാൽചന്ദ് മേഘ്‌വാളിനെ മാറ്റി പ്രിയങ്കാ ബാലനെയാണ് ബി ജെ പി കളത്തിലിറക്കിയത്. പ്രമുഖ പട്ടികജാതി വിഭാഗമായ മേഘ്‌വാൾ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ നിന്ന് നിഹാൽചന്ദിനെ മാറ്റിയതിൽ പാർട്ടിക്കുള്ളിൽ അമർഷമുണ്ട്.

പട്ടിക ജാതി സംവരണ മണ്ഡലവും പട്ടിക ജാതി വിഭാഗത്തിന് കൂടുതൽ സ്വധീനമുള്ള മണ്ഡലവുമാണ് ഗംഗാനഗർ. നിയമസഭാ തിരഞ്ഞെടുപ്പിൽ അനൂപ്ഗഢ് മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട പാർട്ടി നേതാവ് കുൽദീപ് ഇന്ദോറയാണ് കോൺഗ്രസ്സ് സ്ഥാനാർഥി.
ഇക്കുറി ബി ജെ പിയെ മണ്ഡലത്തിൽ പരാജയപ്പെടുത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്ര സർക്കാർ കർഷകരെ കബളിപ്പിക്കുകയാണെന്നും ബി ജെ പിക്ക് വോട്ട് ചെയ്യാതെ പകരം മറ്റേതെങ്കിലും പാർട്ടിക്ക് ചെയ്യണമെന്നും ഗ്രാമ കിസാൻ മജ്ദൂർ സമിതി രാജസ്ഥാൻ പ്രസിഡന്റ്‌രഞ്ജിത് സിംഗ് രാജുവും മറ്റ് കർഷക നേതാക്കളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

“നീണ്ട പ്രക്ഷോഭത്തിനു ശേഷമാണ് കർഷകർക്കെതിരായ കരിനിയമങ്ങൾ ബി ജെ പി സർക്കാർ പിൻവലിച്ചത്. ഈ വിഷയത്തിൽ ഞങ്ങൾക്ക് ഇപ്പോഴും ഭയമുണ്ട്. കർഷകരുടെ ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും താങ്ങുവില ഉറപ്പാക്കാനുള്ള നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കണ്ട കർഷകശക്തി ലോക്സഭാ തിരഞ്ഞെടുപ്പിലും കാണാം’- രഞ്ജിത് സിംഗ് രാജു പറഞ്ഞു. ഏത് പാർട്ടിയെ പിന്തുണക്കണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ബി ജെ പിക്കെതിരെ വോട്ട് ചെയ്യുമെന്ന കാര്യത്തിൽ ഒറ്റ നിലപാടാണ് ഇതര കർഷക നേതാക്കൾക്കും. ഗംഗാനഗറിലെയും ഹനുമാൻഗഢിലെയും കർഷക സമൂഹത്തിൽ കേന്ദ്ര സർക്കാറിനും ബി ജെ പിക്കുമെതിരെ വലിയ രോഷമുണ്ടെന്ന് ഭഖ്ദ കിസാൻ സംഘ് നേതാവ് റേ സിംഗ് ജാഖദ് പറഞ്ഞു.

---- facebook comment plugin here -----

Latest