Connect with us

Kerala

കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത്; കേന്ദ്ര ബജറ്റ് നിരാശാജനകം: മുഖ്യമന്ത്രി

സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ്

Published

|

Last Updated

തിരുവനന്തപുരം |  കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗവും തേടാത്തതും കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശമുന്നയിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉള്‍പ്പെടുത്താത്തതും കേരളത്തിന്റെ റെയില്‍ വികസനത്തിനായുള്ള പരാമര്‍ശങ്ങളൊന്നും ഉള്‍പ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി ബജറ്റിനോട് പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.

അതിസമ്പന്നരുടെമേല്‍ ന്യായമായും ചുമത്തേണ്ട നികുതി ചുമത്താനുള്ള നടപടികള്‍ ഒന്നുംതന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്ക് 2021-22 സാമ്പത്തിക വര്‍ഷം 98,467.85 കോടി രൂപയാണ് ചെലവിട്ടത്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം 89,400 കോടി രൂപയാണ്. 2023-24 ല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 60,000 കോടി രൂപയാണ്. സുപ്രധാനമായ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് വിഹിതത്തില്‍ ക്രമാനുഗതമായ വെട്ടിക്കുറവാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത് തിരുത്തപ്പെടേണ്ടതാണ്.

ആരോഗ്യമേഖലയിലെ കേന്ദ്ര പദ്ധതികള്‍ക്ക് 2021-22 ല്‍ 15097.44 കോടി രൂപ ചെലവിട്ടിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 11,868.63 കോടിയായി കുറഞ്ഞിട്ടുണ്ട്. 2023-24 ലെ ബജറ്റ് വകയിരുത്തില്‍ ഇത് 8820 കോടി രൂപയായി കുറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടി 2021-22 ല്‍ 27,447.56 കോടി രൂപ ചെലവിട്ടു. 2022-23 ലെ പുതുക്കിയ കണക്കുകളില്‍ ഇത് 28,974.29 കോടി രൂപയാണ്. 2023-24 ലെ ബജറ്റ് അനുമാനത്തില്‍ ഇത് 29,085.26 കോടി രൂപയാണ്. കേവലം 0.42 ശതമാനത്തിന്റെ നാമമാത്രമായ വര്‍ദ്ധന. ആരോഗ്യമേഖലയോട് വേണ്ടത്ര പരിഗണന ഉണ്ടായിട്ടില്ല എന്നുള്ളതിന്റെ ദൃഷ്ടാന്തങ്ങളാണിത്.

കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിച്ച് കേരളത്തിന് പ്രയോജനകമാകുന്നവ ഏതൊക്കെയാണെന്ന് പരിശോധിച്ച് അവ പരമാവധി വിനിയോഗം ചെയ്യാനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.

Latest