Connect with us

udf strike

ഇന്ധനം ഇനി തെരുവില്‍ കത്തും

സത്യാഗ്രഹം നിര്‍ത്തിയ എം എല്‍ എ മാരും സമരമുഖത്തേക്ക്

Published

|

Last Updated

കോഴിക്കോട്|  ഇന്ധന സെസ് അടക്കം നികുതി വര്‍ധനക്കെതിരെ യു ഡി എഫ് സമരം ഇനി നിയമ സഭയ്ക്കു പുറത്ത്.
നിയമസഭ നടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞതോടെയാണ് പ്രതിപക്ഷം സമരവുമായി തെരുവിലേക്ക് ഇറങ്ങുന്നത്. വിവിധ ജില്ലാ കലക്ടറേറ്റുകള്‍ക്കുമുമ്പില്‍ ഇന്നു യൂത്ത് കോണ്‍ഗ്രസ് സമരം നടന്നു. യു ഡി എഫ് ഘടക കക്ഷികള്‍ സ്വന്തം നിലയില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു നേരത്തെ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ധന സെസ് അടക്കം നികുതി നിര്‍ദ്ദേശങ്ങളൊന്നും പിന്‍വലിക്കില്ലെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ ഇന്നു നിയമസഭയില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയതെങ്കിലും സഭാ ടി വി ഇതിന്റെ ദൃശ്യങ്ങളൊന്നും പുറത്തുവിട്ടില്ല. തുടര്‍ന്നു സഭ താല്ക്കാലികമായി പിരിയുകയാണെന്നു സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇനി 27ന് മാത്രമേ നിയമസഭ ചേരുകയുള്ളു. നിയമസഭയില്‍ നാല് എംഎല്‍എമാര്‍ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു.

കേരളത്തിന്റെ പൊതു താത്പര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമത്തില്‍ നിന്ന് പിന്‍മാറണമെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ അഭ്യര്‍ഥനം പ്രതിപക്ഷം തള്ളിക്കളഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന് ലിറ്ററിന് 20 രൂപ വീതം പിരിക്കുന്നുണ്ടെന്നും അപ്പോഴൊന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസ്സ് നിലപാടിനെ മന്ത്രി വിമര്‍ശിച്ചു.

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സമരത്തിനു വേണ്ടിയുള്ള സമരമാണ് അവര്‍ നടത്തുന്നതെന്നും ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞു.

സമരം ചെയ്യുന്നവരെ ധനമന്ത്രി അവഹേളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശക്തമായ പ്രതിഷേധം തുടരും.

സഭാ സമ്മേളനത്തിന് അവധി നല്‍കിയ സാഹചര്യത്തില്‍ സഭയ്ക്ക് പുറത്തെ പ്രതിഷേധം ഏതു രീതിയില്‍ വേണമെന്ന കാര്യം നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. പ്രതിരോധിക്കാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളെ മറന്നാണ് അവരുടെ പ്രവര്‍ത്തനം. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് അവര്‍ക്ക്. പ്രതിപക്ഷം സമരം ചെയ്തതിന്റെ പേരില്‍ നികുതി കുറക്കില്ലെന്ന നിലപാടാണ് അവര്‍ക്ക്. സമരം ചെയ്തത് കൊണ്ട് നികുതിയിളവ് തരുന്നില്ലെന്നു പറയുന്നത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ്. പണ്ട് ഇതേ പോലെ നികുതി വര്‍ധന വന്നപ്പോള്‍ നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പറഞ്ഞയാളാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധന സെസ് രണ്ടു രൂപ ഏര്‍പ്പെടുത്തിയതു പ്രതിപക്ഷ പ്രതിഷേധം ഉയരുമ്പോള്‍ ഒരു രൂപ കുറച്ച് സമരം ഒത്തു തീര്‍പ്പാക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന നിലയില്‍ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു.
ഷാഫി പറമ്പില്‍, മാത്യു കുഴല്‍ നാടന്‍, സിആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നീ നാല ് എം എല്‍ എ മാര്‍ക്ക് സമരം അവസാനിപ്പിക്കേണ്ടി വരികയും ചെയ്ത.ു

എം എല്‍ എ മാര്‍ നടത്തി വന്ന സത്യഗ്രഹസമരം അവസാനിപ്പിച്ചെങ്കിലും മറ്റ് സമരപരിപാടികളുമായി ശക്തമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Latest