Kerala
ശബരിമല സ്വര്‍ണക്കൊള്ള; യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പിയെ എസ് ഐ ടി ചോദ്യം ചെയ്യുന്നു
അടൂര്‍ പ്രകാശ് പല സ്ഥലങ്ങളില്‍ പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതും പാരിതോഷികങ്ങള്‍ കൈപ്പറ്റിയതും വിനയായി
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പിയെ എസ് ഐ ടി ചോദ്യം ചെയ്യുന്നു. പോലീസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം അടക്കം എസ് ഐ ടി ചോദിച്ചറിയുന്നുണ്ട്.
ശബരിമലയില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം വാങ്ങിയവരും വിറ്റവരും തമ്മിലുള്ള ബന്ധം, അടൂര്‍ പ്രകാശ് പല സ്ഥലങ്ങളില്‍ ഇവരുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യം, പാരിതോഷികങ്ങള്‍ കൈപ്പറ്റിയ സാഹചര്യം അടക്കം എസ് ഐ ടി വിശദമായി ചോദിക്കുന്നതായാണ് വിവരം. അതീവ സുരക്ഷയില്‍ ഉള്ള സോണിയാ ഗാന്ധിയുടെ വസതിയില്‍ സ്വര്‍ണക്കൊള്ള പ്രതികളുമായി എത്തിയത് എങ്ങനെ എന്തിന് തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്കും അടൂര്‍ പ്രകാശ് ഉത്തരം നല്‍കേണ്ടി വരും.
എസ് ഐ ടി യെ നിയന്ത്രിക്കുന്നത് ഹൈക്കോടതി അല്ലെന്നും മുഖ്യമന്ത്രിയാണ് നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ജാഥയില്‍ വിറളി പൂണ്ടാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. ഫോട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതെങ്കില്‍ മുഖ്യമന്ത്രിയേയും ചോദ്യംചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.


