Connect with us

Crude oil

ഇന്ധന വില കുറഞ്ഞേക്കും; അന്താരാഷ്ട്രാ വിപണിയില്‍ കണ്ണും നട്ട് സമ്പത്തിക വിദഗ്ധര്‍

ക്രൂഡ് ഓയിലിന് കുറയുന്ന വിലയുടെ ആനുകൂല്യം എണ്ണ കമ്പനികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ രണ്ട് മുതല്‍ മൂന്ന് രൂപ വരെ കുറവ് എണ്ണ വിലയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ജനങ്ങളുടെ നടുവൊടിച്ചും പേഴ്‌സ് കാലിയാക്കിയും രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന് തന്നെ തുടരുകയാണ്. എന്നാല്‍, അടുത്ത് തന്നെ ഇന്ധന വില വര്‍ധനയില്‍ കാര്യമായ കുറവ് വന്നേക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ കുറവ് ഉണ്ടാവുന്നുണ്ട്. അത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയും ഇന്ധനവില ഇപ്പോഴുള്ളതില്‍ നിന്ന് കാര്യമായ കുറവ് വരുമെന്നുമാണ് പ്രതീക്ഷ.

നിലവില്‍ ക്രൂഡോയില്‍ വില ബാരലിന് 80 ഡോളര്‍ ആണ്. കഴിഞ്ഞ ഒക്ടോബര്‍ ആദ്യം വാരം വരെ ഈ നിലയിലായിരുന്നു അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയില്‍ വ്യാപാരം നടന്നത്. എന്നാല്‍, പിന്നീട് വിലയില്‍ പെട്ടെന്നുള്ള ഉയര്‍ച്ച ഉണ്ടാവുകയും മാസാവസാനത്തോടെ 86 ഡോളറിലേക്ക് വില എത്തുകയും ചെയ്തു.

റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറക്കുന്നതിനെക്കുറിച്ച്, എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് ചര്‍ച്ച നടത്തി എന്ന സൂചനയാണ് ലഭിക്കുന്നത്. വരുന്ന ആഴ്ചകളില്‍ കുറഞ്ഞ വിലക്ക് ക്രൂഡ് ഓയില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് ഇവര്‍ ആലോചിക്കുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ ഉത്പാദനം വര്‍ധിപ്പിച്ച് വില കുറക്കാനാണ് ഉദ്ദേശിക്കുന്നത്. ദിവസം രണ്ട് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്നതിലൂടെ ക്രൂഡ് ഓയില്‍ വില 75 ഡോളര്‍ ആക്കാന്‍ കഴിയും എന്നാണ് ഒപെക് കണക്ക് കൂട്ടുന്നത്. ഉത്പാദനം വര്‍ധിപ്പിക്കുമ്പോള്‍ ആവശ്യം കുറയും ഇത് വില കുറയാനും കാരണമാവും. ഇന്ത്യന്‍ മാര്‍ക്കറ്റിലും ഇതിനോട് അനുബന്ധിച്ചുള്ള കുറവ് പ്രകടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പുലര്‍ത്തുന്ന പ്രതീക്ഷ.

ക്രൂഡ് ഓയിലിന് കുറയുന്ന വിലയുടെ ആനുകൂല്യം എണ്ണ കമ്പനികള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ രണ്ട് മുതല്‍ മൂന്ന് രൂപ വരെ കുറവ് എണ്ണ വിലയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, ഡോളറിനെതിരെ രൂപക്ക് വിനിമയ നിരക്ക് കുറയുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാവില്ല. ക്രൂഡ് ഓയിലിന്റെ വിലക്ക് പുറമെ മൂന്ന് കാര്യങ്ങളാണ് ഇന്ധന വിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ വിനിമയ നിരക്ക്, സംസ്ഥാന- കേന്ദ്ര സര്‍ക്കാറുകള്‍ പിരിക്കുന്ന നികുതി, രാജ്യത്തെ ഇന്ധന ഡിമാന്‍ഡ് എന്നിവയാണത്.

Latest