Connect with us

Pathanamthitta

സര്‍ക്കാര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; യുവാവ് പിടിയില്‍

പ്രതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം കേസുകള്‍

Published

|

Last Updated

പത്തനംതിട്ട |  ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ഉളിയാതുറ ചെമ്പഴന്തി ശ്രീകാര്യം ചെറുകുന്നം പങ്കജമന്ദിരം വീട്ടില്‍ വിഷ്ണു(29)നെയാണ് ഇലവുംതിട്ട പോലിസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മെഴുവേലി സ്വദേശിനിയുടെ പരാതിയിലാണ് നടപടി

കഴിഞ്ഞവര്‍ഷം മേയ് 25 മുതല്‍ ജൂണ്‍ 26 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഇലവുംതിട്ടയിലെ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള പരാതിക്കാരിയുടെ അക്കൗണ്ടില്‍ നിന്നും, പ്രതിയുടെ ബേങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് 1,68,000 രൂപ പലതവണയായി അയച്ചുകൊടുക്കുകയായിരുന്നു. ജോലി തരപ്പെടുത്തി കൊടുക്കുകയോ, പണം തിരികെ കൊടുക്കുകയോ ചെയ്യാതെ പ്രതി വിശ്വാസവഞ്ചന കാട്ടി എന്നതാണ് കേസ്. ഇത് സംബന്ധിച്ച് ഈ മാസം 21ന് രമ്യ പരാതിയുമായി പോലിസിനെ സമീപിച്ചു. തനിക്ക് സണ്‍ ഫാര്‍മയുടെ മരുന്നുകളുടെ വിതരണം തരപ്പെടുത്തികൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പി എസ് സിയുടെ റാങ്ക് ലിസ്റ്റിലുള്ള യുവതിക്ക് ഫാര്‍മസിസ്റ്റ് ജോലി ലഭ്യമാക്കി കൊടുക്കാതെ പ്രതി കബളിപ്പിച്ചതായി വെളിപ്പെട്ടു.

പ്രതി, എറണാകുളം തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിശ്വാസവഞ്ചന കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കാക്കനാട് ജില്ലാ ജയിലിലും തുടര്‍ന്ന്, ഇടുക്കി ജില്ലാ ജയിലിലും കഴിയുന്നതിനിടയിലാണ് ഇലവുംതിട്ട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം, അപേക്ഷ നല്‍കി പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയാനും തെളിവുകള്‍ ശേഖരിക്കാനുമാണ് പോലീസ് നീക്കം.

വിഷ്ണു തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ കേസിന് പുറമെ, ആലപ്പുഴ അര്‍ത്തുങ്കല്‍, തൃശൂര്‍ ചേലക്കര എന്നീ പോലീസ് സ്റ്റേഷനുകളിലെ വിശ്വാസ വഞ്ചന കേസുകളില്‍ പ്രതിയാണ്. ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.