Connect with us

KM BASHEER

ലഹരിക്കൊലക്ക് നാലാണ്ട്; നിയമത്തിന് വഴങ്ങാതെ ശ്രീറാം

ഇയാളുടെ പ്രവർത്തനങ്ങളെല്ലാം നിയമത്തെ മറികടക്കാനുള്ള നീക്കങ്ങളായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ നിയമം ലംഘിച്ച് നടത്തിയ ലഹരിക്കൊലപാതകത്തിന്റെ നീറുന്ന ഓർമകൾക്ക് നാലാണ്ട്. ലഹരി സൃഷ്ടിച്ച ദുരന്തത്തിന്റെ ഇരയായ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ ഓർമകൾ നാലാണ്ട് പിന്നിടുമ്പോഴും നിയമത്തിന് വഴങ്ങാതെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയാണ് കേസിൽ കുറ്റവാളിയായി പ്രതിചേർക്കപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ. ദൃക്സാക്ഷികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ വിചാരണ കോടതി കുറ്റം ചാർത്തിയ ഇയാൾ ഇത് മറികടക്കാൻ നടത്തിയ നീക്കങ്ങളെ ഹൈക്കോടതി റദ്ദ് ചെയ്ത് വിചാരണ നേരിടാൻ വിധിച്ചെങ്കിലും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

കേസിന്റെ തുടക്കം മുതൽ നീതിന്യായ വ്യവസ്ഥിതിക്കും നിയമത്തിനും വഴങ്ങാൻ വിസമ്മതിച്ച പ്രതിയുടെ നീക്കങ്ങളാണ് അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും കേസിൽ വിചാരണ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാക്കിയിരിക്കുന്നത്. സംഭവത്തിന് തൊട്ടടുത്ത ദിവസം അറസ്റ്റിലായത് മുതൽ നിയമത്തെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് നീതിയും നിയമവും പ്രാവർത്തികമാക്കേണ്ട ഈ ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത്. അറസ്റ്റിലായി ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലേക്ക് കൊണ്ടുപോയത് മുതൽ സുപ്രീം കോടതിയിലെത്തി നിൽക്കുന്ന ഇയാളുടെ പ്രവർത്തനങ്ങളെല്ലാം നിയമത്തെ മറികടക്കാനുള്ള നീക്കങ്ങളായിരുന്നു.

ജയിലിൽ നിന്ന് പുറത്ത് കടക്കാൻ മാരകമായ രോഗം അഭിനയിക്കുകയും പിന്നീട് കേസ് കോടതിയിലെത്തിയപ്പോൾ തടസ്സവാദങ്ങൾ ഉന്നയിച്ച് നീട്ടിക്കൊണ്ടുപോകുകയും ഒടുവിൽ മനഃപൂർവം നരഹത്യ ഒഴിവാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പരമോന്നത കോടതിയെ സമീപിച്ചതുൾപ്പെടെ നിയമത്തിന് വഴങ്ങാൻ തയ്യാറല്ലെന്ന രീതിയാണ് സ്വീകരിച്ചത്. ഇതുവഴി കോടതി നടപടികൾ നാല് വർഷമായി നീണ്ടുപോകുകയാണ്.

അവസാനമായി നരഹത്യ ഒഴിവാക്കി കേസ് ജുഡീഷ്യൽ കോടതിക്ക് കൈമാറിയ തിരുവനന്തപുരം ജില്ലാ സെഷൻ കോടതിയുടെ ഉത്തരവ് റദ്ദാക്കി കേസ് സെഷൻസ് കോടതി തന്നെ ഏറ്റെടുത്ത് വിചാരണ തുടങ്ങണമെന്ന ഹൈക്കോടതിയുടെ നിർദേശ പ്രകാരം വിചാരണാ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ഇതിനെതിരെ ഇയാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുൾപ്പെടെ കോടതി നടപടികളെ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടരുകയാണിപ്പോഴും.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം രാജപാതയിലെ മ്യൂസിയത്തിന് സമീപത്ത് വെച്ച് ഇയാൾ ലഹരിയുടെ ഉന്മാദത്തിൽ അമിതവേഗതയിൽ വാഹനമോടിച്ച് പ്രതിഭാധനനായ ഒരു യുവ മാധ്യമപ്രവർത്തകന്റെ ജീവൻ കവർന്നെടുത്തത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം