Connect with us

pocso case

നാലര വയസ്സുകാരിക്ക് ലൈംഗിക പീഡനം: പ്രതിക്ക് 43 വര്‍ഷം തടവും 1,75,000 രൂപ പിഴയും

പുന്നയൂര്‍ കുഴിങ്ങര ദേശത്ത് കൈതവായില്‍ വീട്ടില്‍ ജിതിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷ വിധിച്ചത്

Published

|

Last Updated

കുന്നംകുളം | നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വര്‍ഷം തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക വേഴ്ചക്ക് ഇരയാക്കിയ കേസില്‍ പുന്നയൂര്‍ കുഴിങ്ങര ദേശത്ത് കൈതവായില്‍ വീട്ടില്‍ ജിതിനെയാണ് (29) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷ വിധിച്ചത്.

നിര്‍ധന കുടുംബാംഗമായ കുട്ടിയെ പ്രതി പലപ്രാവശ്യം ലൈംഗിക ചൂഷണം നടത്തിയതിന് 2016ല്‍ വടക്കേക്കാട് പോലീസ് എസ് ഐ പി കെ മോഹിത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ കെ ജി സുരേഷ്, എ ജെ ജോണ്‍സന്‍ എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ വിചാരണ നേരിടുന്നയാളാണ്. ജിതിന്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൂടാതെ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പെട്ടയാളുമാണ്.

പ്രോസിക്യൂഷന് വേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ എസ് ബിനോയ് ഹാജരായി. 13 സാക്ഷികളെ വിസ്തരിക്കുകയും രേഖകള്‍ ഹാജരാക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സി പി ഒ പി വി അനൂപും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി പി ഒ എം ബി ബിജുവും പ്രവര്‍ത്തിച്ചിരുന്നു.