Connect with us

Kerala

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് മുൻ അഡീഷനൽ സെക്രട്ടറി

സെക്രട്ടറിയേറ്റിലെ ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാർ കൊളത്താപ്പിള്ളിയാണ് മാപ്പ് പറഞ്ഞത്.

Published

|

Last Updated

തിരുവനന്തപുരം | അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ മാപ്പ് പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനാ നേതാവുമായിരുന്ന നന്ദകുമാർ കൊളത്താപ്പിള്ളിയാണ് മാപ്പ് പറഞ്ഞത്. അച്ചു ഉമ്മൻ പോലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും പരാതി നൽകിയതിന് പിന്നാലെയാണ് നന്ദകുമാറിൻ്റെ ക്ഷമാപണം. ഫേസ്ബുക്കിലൂടെയാണ് നന്ദകുമാർ മാപ്പ് പറഞ്ഞത്

”ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഞാൻ ഉദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിനു കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്കു മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായി പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽ പെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലിറ്റ് ചെയ്തു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു.”- നന്ദകുമാർ പോസ്റ്റ് ചെയ്തു.

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ, ഉമ്മൻ ചാണ്ടിയുടെ മകളായ അച്ചു ഉമ്മൻ്റെ പ്രൊഫഷനൽ ജീവിതവും ചിത്രങ്ങളും സമീപ ദിവസങ്ങളിൽ സൈബർ ലോകത്ത് വ്യാപക ചർച്ചയായിരുന്നു. ഇതിനിടയിൽ അവരെ വ്യക്തിപരമായി ചിലർ ആക്ഷേപിച്ചു. പിണറായി വിജയൻ്റെ മകൾ വീണയുടെ വ്യക്തിജീവിതം വലിയ ചർച്ചയായതിന് ബദൽ എന്ന നിലക്കാണ് ഇടത് സൈബർ പട അച്ചു ഉമ്മനെതിരെ തിരിഞ്ഞത്. ലളിത ജീവിതം നയിച്ച ഉമ്മൻ ചാണ്ടിയുടെ മകൾ വിദേശത്ത് ആഡംബര ജീവിതം നയിക്കുകയാണെന്ന് പറഞ്ഞായിരുന്നു ഇടത് സൈബർ പടയുടെ നീക്കം. ഭർത്താവിനൊപ്പം യു എ ഇയിൽ കഴിയുന്ന അച്ചു ഉമ്മൻ, സഹോദരന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്.

Latest