Connect with us

Featured

കൊമ്പന്‍ നിശ്ചലമാക്കിയ വനയാത്ര

അതുവരെ നടന്ന വഴികളെ ഒരു സാന്നിധ്യം കൊണ്ടു നിശ്ചലമാക്കിക്കളഞ്ഞു ആ കാട്ടുകൊമ്പന്‍. സായാഹ്്നത്തിന്റെ ഇരുള്‍ വീണ വേളയിൽ ഏറെ നേരം ഞങ്ങളെ കാട്ടില്‍ തളച്ചിട്ടുകളഞ്ഞു ആ ഗജരാജന്‍. സഹ..

ഒരു വനയാത്ര പോവുക. വനപാതയിലൂടെ കിലോമീറ്ററുകള്‍ താണ്ടിയിട്ടും ഒന്നോ രണ്ടോ മലയണ്ണാന്മാരൊഴികെ വന്യ മൃഗങ്ങളൊന്നും കണ്‍മുന്നില്‍ പെടാതിരിക്കുക. നൈരാശ്യം കലര്‍ന്ന യാത്ര അതിന്റെ അവസാന ചുവടിലേക്കു നടക്കുകയായിരുന്നു. പൊടുന്നനെ കാടകങ്ങളില്‍ നിന്ന് മണ്ണില്‍ പുതഞ്ഞ ഒരാന വഴിമുറിച്ച് അതിവേഗം ഓടിപ്പോകുന്നു. ഓടിപ്പോയവന്‍ കാടുകള്‍ക്കിടയിലൂടെ തിരിച്ചുവന്നേക്കുമോ എന്ന ഭയം പിടികൂടിയെങ്കിലും ഒരാനയെ കണ്ടതോടെ വനയാത്ര സഫലമായെന്ന ആഹ്ലാദം.

ആഹ്ലാദം പുറത്തുകാട്ടാതെ നിശ്ശബ്ദരായി നില്‍ക്കെ ഒരു കൂറ്റന്‍ കൊമ്പനാന കാടിളക്കി കടന്നുവന്നു. അവന്‍ ഇങ്ങോട്ടു തിരിഞ്ഞാല്‍ ചീറിയടുക്കുമെന്നുറപ്പായിരുന്നു. ഭാഗ്യം… അവന്‍ എതിര്‍വശത്തേക്കു ശാന്തനായി നടന്നു. നീളന്‍ കൊമ്പുകള്‍ കുലുക്കി മസ്തകം ഇളക്കിയുള്ള നട.

അതുവരെ അനായാസേന നടന്ന വഴികളെ ഒരു സാന്നിധ്യം കൊണ്ടു നിശ്ചലമാക്കിക്കളഞ്ഞു ആ കാട്ടുകൊമ്പന്‍. സായാഹ്നത്തിന്റെ ഇരുള്‍ വീണ വേളയിൽ ഏറെ നേരം ഞങ്ങളെ കാട്ടില്‍ തളച്ചിട്ടുകളഞ്ഞു ആ ഗജരാജന്‍.
സഹ്യപുത്രന്മാര്‍ വെള്ളം തേടിയെത്തുന്ന ചതുപ്പുകള്‍, മാന്‍കൂട്ടങ്ങള്‍ ഇളംപുല്ലു തിന്നാനിറങ്ങുന്ന മേച്ചില്‍പുറങ്ങള്‍…അവിടെ ഇളംമാനിറച്ചിക്കായി കാത്തുകിടക്കുന്ന ഹിംസ്രമൃഗങ്ങള്‍…അവ ആവോളം ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളായ മാന്‍കൊമ്പുകള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു.

സംസ്ഥാന വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍, കാലിക്കറ്റ് പ്രസ്‌ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി വയനാട് സുല്‍ത്താന്‍ ബത്തേരി റേഞ്ചിലെ കല്ലുമുക്ക്- ഒട്ടിപ്പാറ സെക്്ഷന്‍ വനമേഖലയില്‍ നടത്തിയ ട്രെക്കിംഗ് ആണ്് വനയാത്രയുടെ വേറിട്ട അനുഭവം പകര്‍ന്നത്.

വനയാത്രക്കു മുമ്പെ കോഴിക്കോട് സെക്്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യുവുമായി നടത്തിയ മുഖാമുഖത്തോടെ വന്യ ജീവികളെക്കുറിച്ചുള്ള എല്ലാ പരമ്പരാഗത കാഴ്ചപ്പാടുകളും തകര്‍ന്നുപോയി. മനുഷ്യ- മൃഗ സംഘർഷങ്ങളുടെ ഭീതിജനകമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്ന കാലത്ത് അറിയാതെപോകുന്ന വന രഹസ്യങ്ങളാണ് അദ്ദേഹം തുറന്നിട്ടത്. ഒരു വന്യമൃഗവും അക്രമകാരിയല്ലെന്ന പാഠം. വനത്തിലെ ഭക്ഷ്യശൃംഖലയില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്ന കടുവയുടെ ജീവിതത്തിലൂടെയായിരുന്നു സംസാരം പുരോഗമിച്ചത്.
കടുവക്കുഞ്ഞുങ്ങളെ അമ്മ വേട്ടയാടാന്‍ പരിശീലിപ്പിച്ചാണ് സ്വതന്ത്രരാക്കുന്നത്. കടുവയുടെ വേട്ടയാടലില്‍ ഓരോ മൃഗത്തേയും എവിടെനിന്ന് ആക്രമിക്കണമെന്നും എങ്ങനെ എളുപ്പം കീഴടക്കി കൊല്ലാമെന്നും പഠിപ്പിക്കുന്നുണ്ട്. കടുവയുടെ ഈ വേട്ടയാടല്‍ പാഠങ്ങളിലൊന്നും ഇരുകാലിയായ മനുഷ്യനെ വേട്ടയാടുന്നതിനെക്കുറിച്ചു പഠിപ്പിച്ചിട്ടില്ല. അതിനാല്‍ തന്നെ മനുഷ്യനെ കാണുമ്പോള്‍ കടുവകള്‍ വേട്ടയെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല എന്നതാണ് കാട്ടറിവ്.

കടുവകള്‍ തങ്ങളുടെ പരിധിയില്‍ മറ്റൊരു കടുവയെ അനുവദിക്കില്ല. മരങ്ങളില്‍ അടയാളമിട്ടും മൂത്രം തളിച്ചും കടുവ തന്റെ അധികാര പരിധി സ്ഥാപിക്കുന്നു. തന്നേക്കാള്‍ എത്രയോ മടങ്ങു ഭാരമുള്ള കാട്ടുപോത്തുകളെയാണ് കടുവ വേട്ടയാടുന്നത്. അല്ലെങ്കില്‍ വലിയ സാമ്പര്‍ മാനുകളെ. വീണുകഴിഞ്ഞ കാട്ടുപോത്തിനെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാന്‍ കടുവക്കു കഴിയും. മൂന്ന് ദിവസങ്ങളിലായാണ് കടുവ ഒരു കാട്ടുപോത്തിനെ ഭക്ഷിക്കുന്നത്. അതിനു ശേഷം വിശക്കുന്നതുവരെ വേട്ടയില്ല. പുലി ചെറിയ മാനുകളേയും കുരങ്ങുകളേയുമെല്ലാം വേട്ടയാടും.

ഒരു കാട്ടില്‍ കടുവയും പുലിയുമെല്ലാം ഉണ്ടെങ്കില്‍ അര്‍ഥം ആ കാട് ജൈവ സമ്പന്നമാണെന്നാണ്. കടുവക്കു ഭക്ഷിക്കാനുള്ള സസ്യഭുക്കുകള്‍ സമ്പന്നമാകണമെങ്കില്‍ കാട്ടില്‍ വെള്ളവും മറ്റു ജൈവ സാഹചര്യവും സമ്പന്നമായിരിക്കണം.

കാട്ടറിവുകളെക്കുറിച്ചുള്ള കലവറ തുറന്ന ശേഷമായിരുന്നു വനയാത്ര. ഫോറസ്റ്റ് ഗാര്‍ഡുമാരായ കടക്കാട് കാട്ടുനായ്ക കോളനിയിലെ അപ്പുവും മാരനുമാണ് മുന്നില്‍ നടന്നത്. അരിവാള്‍കത്തി കൈയിലേന്തിയാണ് അവരുടെ യാത്ര. അവര്‍ക്കു കാട്ടിലെ ശബ്ദങ്ങളറിയാം. ആന എവിടെ നില്‍ക്കുന്നു. കടുവ എവിടെയുണ്ടാകും എന്നെല്ലാം കാടിന്റെ നേർത്ത ശബ്ദങ്ങളിലൂടെ അവര്‍ തിരിച്ചറിയും. അതിനനുസരിച്ചാണ് യാത്ര മുന്നേറുന്നത്. വഴിയില്‍ ഇരിക്കുകയായിരുന്ന കടുവ അവരെ കണ്ടു വിനയാന്വിതനായി കാട്ടിലേക്കു നീങ്ങി. ദൂരെ മാന്‍കൂട്ടങ്ങള്‍ ഓടി മറിഞ്ഞു.
കാട്ടില്‍ നടക്കുമ്പോള്‍ എങ്ങനെ നീങ്ങണമെന്നു സെക്്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ബാബു ഒരധ്യാപകനേപ്പോലെ പഠിപ്പിച്ചു. കാട്ടില്‍ നടക്കുമ്പോള്‍ കാടിന്റെ ശബ്ദത്തിനു കാതോര്‍ക്കാന്‍ അദ്ദേഹം പരിശീലിപ്പിച്ചു. വിവിധ മരങ്ങള്‍, ജല സ്രോതസ്സുകള്‍, നീരൊഴുക്കുകള്‍ എന്നിവയുടെ പ്രകൃതി പാഠങ്ങള്‍ പകര്‍ന്നുതന്നു. കാടിനേയും മൃഗങ്ങളേയും എത്രമാത്രം കാത്തു സൂക്ഷിക്കുന്നുവോ അതാണ് ഒരു ജനതയുടെ സാംസ്‌കാരിക ഔന്നത്യം വിളിച്ചോതുന്നതെന്ന രാഷ്ട്രപിതാവിന്റെ ആഹ്വാനം ആ യാത്രയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. കാടിനെ കാത്തു സൂക്ഷിക്കാന്‍ വനപാലകരും ആദിവാസി സമൂഹവും കാണിക്കുന്ന നിതാന്ത ജാഗ്രതയുടെ ഫലമാണ് ഇപ്പോഴും വന്യമൃഗങ്ങളുടെ വീടായി കാട് നിലനില്‍ക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്