Kerala
വനം കായിക മേള; സംസ്ഥാനത്ത് വനം വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളില്‍ കൊവിഡ് പടരുന്നു

പത്തനംതിട്ട | സംസ്ഥാനത്ത് വനം വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങളില്‍ കൊവിഡ് പടരുന്നു. ജനുവരി 11, 12 തീയതികളില്‍ തിരുവനന്തപുരത്ത് നടന്ന 27 ാമത് സംസ്ഥാന വനം കായിക മേളയില്‍ പങ്കെടുത്തവരില്‍ നിന്നാണ് കൊവിഡ് പടരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. നിലവില്‍ തിരുവനന്തപുരം എസ് എ പി, അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പകുതിയില്‍ അധികം പരിശീലനാര്‍ഥികളും കൊവിഡ് രോഗബാധിതരാണ്. അരിപ്പയില്‍ 38 പേരും തിരുവനന്തപുരം എസ് എ പിയില്‍ 16 പേരും കൊവിഡ് രോഗം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ പരിശീലനത്തിലുള്ള കാഡറ്റുകളില്‍ പലരും രോഗലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. ക്യാമ്പുകളില്‍ രോഗബാധിതരായാല്‍ മുമ്പൊക്കെ പരിശീലനാര്‍ഥികളെ വീടുകളിലേക്ക് അയക്കുന്ന രീതീയായിരുന്നു സ്വീകരിച്ചു വന്നിരുന്നത്.
സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഈ സ്ഥാപനങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ ഉള്‍പ്പെട്ടിട്ടും ട്രെയിനിങ് താത്ക്കാലികമായി നിര്‍ത്തിവക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയാറാവാത്തത് പരിശീലനാര്‍ഥികളില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സ്ത്രീകളും പ്രായമായവരും പങ്കെടുക്കുന്ന വനം പരിശീലന കേന്ദ്രങ്ങളില്‍ കടുത്ത രോഗബാധ ഉണ്ടായിട്ടും പരിശീലനം താത്ക്കാലികമായി നിര്‍ത്തിവച്ച് രോഗ വ്യാപനം തടയുന്നതിന് നടപടി സ്വീകരിക്കാത്തതില്‍ പരിശീലനാര്‍ഥികളും അവരുടെ കുടുംബങ്ങളും കടുത്ത ആശങ്കയിലാണ്. ഈ നില തുടര്‍ന്നാല്‍ ഇവിടെയുള്ള മറ്റുള്ളവരും രോഗബാധിതരാകുന്ന സാഹചര്യം ഉണ്ടാകുമെന്ന ആക്ഷേപവും ശക്തമാണ്.
കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ ദൂരത്തില്‍ എന്ന ആപ്തവാക്യവുമായി നടന്ന കായികമേളയില്‍ 16 മത്സര ഇനങ്ങളിലായി 10 വേദികളില്‍ 12,00 കായിക താരങ്ങളാണ് പങ്കെടുത്തത്. കായികമേളയില്‍ വനം വകുപ്പിന്റെ അഞ്ച് സര്‍ക്കിളുകള്‍ക്കു പുറമേ , കെ എഫ് ഡി സി, കെ എഫ് ആര്‍ ഐ, ഫോറസ്റ്റ് സെക്രട്ടേറിയറ്റ് എന്നീ ടീമുകളാണ് പങ്കെടുത്തത്.