Business
ഫുട്‌ബോള്‍ ലോകകപ്പ്; പ്രമോഷനല്‍ കാമ്പയിനുമായി ഒമാന്‍ അവന്യൂസ് മാള്‍
നിരവധി ഗെയിമുകള്‍ക്ക് പുറമെ സന്ദര്‍ശകരെ പ്രചോദിപ്പിക്കുന്നതിനായി പ്രമോഷനുകളും ആനൂകൂല്യങ്ങളും നേടാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്.

മസ്‌കത്ത് | ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി പ്രമോഷനല്‍ കാമ്പയിനുമായി ഒമാന്‍ അവന്യൂസ് മാള്‍. ‘ഫുട്ബള്‍ യൂനൈറ്റഡ്’ എന്ന പേരില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ കാമ്പയിന്‍ ഡിസംബര്‍ 31 വരെ നീണ്ടുനില്‍ക്കും. കുടുംബങ്ങള്‍ക്കും മാള്‍ സന്ദര്‍ശിക്കുന്ന മറ്റുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് കാമ്പയിന്‍ ഒരുക്കിയിരിക്കുന്നത്.
നിരവധി ഗെയിമുകള്‍ക്ക് പുറമെ സന്ദര്‍ശകരെ പ്രചോദിപ്പിക്കുന്നതിനായി പ്രമോഷനുകളും ആനൂകൂല്യങ്ങളും നേടാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. ഷോപ് ആന്‍ഡ് വിന്‍ എന്ന തലക്കെട്ടില്‍ നടക്കുന്ന കാമ്പയിനിലൂടെ മാളുകളിലെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 15 റിയാലില്‍ കുറയാത്ത സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് റാഫിള്‍ നറുക്കെടുപ്പുകളിലൂടെ 100 റിയാലിന്റെ മൂല്യമുള്ള അല്‍ സാദ മാള്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ നേടാന്‍ കഴിയും. 12 ആഴ്ച നീണ്ടുനില്‍ക്കുന്ന പ്രമോഷന്‍ കാലയളവില്‍ 24 വിജയികളെ തിരഞ്ഞെടുക്കും. 15 റിയാലിന് ഒറ്റത്തവണ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ 31ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലും പങ്കെടുക്കാം. സ്പോര്‍ടി ജീപ്പ് റാങ്ലര്‍ ഗ്ലാഡിയേറ്ററാണ് മെഗാസമ്മാനം.
ഗള്‍ഫ് മേഖലയിലേക്ക് ആദ്യമായെത്തുന്ന ലോകകപ്പ് വളരെ ആവേശകരമായ അന്തരീക്ഷമാണ് നല്‍കുകയെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ലീസിങ് ആന്‍ഡ് ഡെവലപ്‌മെന്റ് ജനറല്‍ മാനേജര്‍ ജോജി ജോര്‍ജ് പറഞ്ഞു. കുടുംബങ്ങളും സുഹൃത്തുക്കളും അടുക്കുന്ന ഈ വേളയില്‍ ഒമാന്‍ അവന്യൂസ് മാളില്‍ ആഘോഷിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ‘സ്പെന്‍ഡ് ആന്‍ഡ് വിന്‍’ കാമ്പയിനു പുറമേ സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാനും ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും കഴിയുന്ന ഹ്യൂമന്‍ ഫൂസ്‌ബോള്‍ മത്സരവും നടത്തും. സാധാരണ ഫൂസ്‌ബോളിന് സമാനമാണ് ഹ്യൂമന്‍ ഫൂസ്‌ബോള്‍. എന്നാല്‍, പ്ലാസ്റ്റിക് കളിക്കാരുടെ സ്ഥാനം മനുഷ്യര്‍ ഏറ്റെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്.
മാളിലെ സിനിമാ ഓപ്പറേറ്റര്‍ ആയ സിനിപോളിസ് ലോകകപ്പ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാളില്‍ നടക്കുന്ന വിവിധ മത്സരങ്ങളില്‍ വിജയികളാകുന്ന അഞ്ചുപേര്‍ക്ക് മത്സരം തത്സമയം കാണുന്നതിന് രണ്ട് ടിക്കറ്റ് വീതം ലഭിക്കും. മാളിലെ ഈ പ്രമോഷനും പരിപാടികളും ഞങ്ങളുടെ എല്ലാ സന്ദര്‍ശകര്‍ക്കും സന്തോഷം നല്‍കുന്നതും തൃപ്തിയുളവാക്കുന്നതുമായിരിക്കുമെന്ന് ഒമാന്‍ അവന്യൂസ് മാള്‍ ജനറല്‍ മാനേജര്‍ ഡെറിക് മൈക്കല്‍ പറഞ്ഞു.