Connect with us

Kerala

ഫുട്‌ബോള്‍ അക്കാദമി: പിണറായിയുടെ പോസ്റ്റിനു താഴെ മലപ്പുറത്തെ സ്റ്റേഡിയങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി ആഷിക് കുരുണിയന്‍

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിന്റെയും പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ശോചനീയാവസ്ഥ യാണ് ആഷിക് ചൂണ്ടിക്കാട്ടിയത്.

Published

|

Last Updated

മലപ്പുറം| സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് മൂന്ന് ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മലപ്പുറത്തെ സ്റ്റേഡിയങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ആഷിക് കുരുണിയന്‍. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിന്റെയും പയ്യനാട് ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ശോചനീയാവസ്ഥ യാണ് ആഷിക് ചൂണ്ടിക്കാട്ടിയത്.

ആഷിക്കിന്റെ കമന്റ് ഇങ്ങനെ; ‘മലപ്പുറം ജില്ലയില്‍ കോട്ടപ്പടി സ്റ്റേഡിയം, പയ്യനാട് സ്റ്റേഡിയം എന്നിവ കോടികള്‍ മുടക്കി പണികഴിപ്പിച്ച ഈ സ്റ്റേഡിയങ്ങള്‍ ഇന്ന് യാതൊരു ഫുട്‌ബോള്‍ മത്സരങ്ങളും നടത്താതെ വെറുതെ പൂട്ടിയിട്ടിരിക്കുകയാണ്. ഒരു ഫുട്‌ബോള്‍ പ്ലെയര്‍ എന്ന നിലയില്‍ അതിയായ സങ്കടമുണ്ട് ഈ കാര്യത്തില്‍. കാരണം ഞാന്‍ കളിച്ചു വളര്‍ന്ന ഗ്രൗണ്ട് കൂടിയാണ് കോട്ടപ്പടി സ്റ്റേഡിയം. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള ഈ രണ്ട് സ്റ്റേഡിയങ്ങളുടെയും ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. കൃത്യമായി മെയിന്റനന്‍സ് വര്‍ക്കുകള്‍ നടക്കാത്തത് മൂലം ഗ്രൗണ്ടില്‍ കാടുമൂടി കിടക്കുകയാണ്. ഇത് കാണുമ്പോള്‍ ഒരു ഫുട്‌ബോള്‍ പ്ലെയര്‍ എന്ന നിലയില്‍ അതിയായ ദുഃഖം ഉണ്ട്. കാരണം വരുംതലമുറയ്ക്ക് ഉപകാരപ്രദം ആവേണ്ട ഗ്രൗണ്ടുകള്‍ ആണ് ഇവ രണ്ടും. അങ്ങയുടെ ഭാഗത്തുനിന്ന് ഈ ഗ്രൗണ്ടിലെ നവീകരണത്തിനും രാജ്യാന്തര മത്സരങ്ങള്‍ കൊണ്ടുവരുന്നതിനും ശ്രദ്ധ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു’.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായിക-യുവജനകാര്യ ഡയറക്ടറേറ്റിന്റെ രണ്ട് അക്കാദമികള്‍ കണ്ണൂരിലും തിരുവനന്തപുരത്തും സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെ അക്കാദമി എറണാകുളത്തുമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കണ്ണൂര്‍, എറണാകുളം അക്കാദമികള്‍ വനിതകള്‍ക്ക് മാത്രമായുള്ളതാണ്.

 

Latest