Idukki
വെളളച്ചാട്ടത്തില്‍ നഷ്ടമായ നവരത്ന മോതിരം മുങ്ങിയെടുത്ത് അഗ്‌നിരക്ഷ സേന
നോര്‍ത്ത് പറവൂരില്‍ നിന്നും എത്തിയ സംഘത്തിലെ ഒരാളുടെ വിലപ്പെട്ട മോതിരമാണ് വെളളത്തില്‍ പോയത്.
തൊടുപുഴ | ആനയടിക്കുത്തിലെ കുത്തൊഴുക്കില്‍ നഷ്ടപ്പെട്ട വിനോദ സഞ്ചാരിയുടെ നവരത്ന മോതിരം മുങ്ങിയെടുത്ത് തിരികെ നല്‍കി അഗ്‌നിരക്ഷാ സേന സ്‌കൂബ ടീം. നോര്‍ത്ത് പറവൂരില്‍ നിന്നും എത്തിയ സംഘത്തിലെ ഒരാളുടെ വിലപ്പെട്ട മോതിരമാണ് വെളളത്തില്‍ പോയത്. ഞായറാഴ്ചയാണ് 50 അംഗ സംഘം തൊടുപുഴക്ക് സമീപമുള്ള പ്രകൃതിരമണീയമായ ആനയടി കുത്തില്‍ എത്തിയത്. ഇവിടെ വെള്ളത്തില്‍ ഇറങ്ങി നിന്ന സമയത്താണ് ഒരാളുടെ മോതിരം നഷ്ടമായത്. ഉടന്‍ കൂടെയുളളവരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതോടെ തൊടുപുഴ ഫയര്‍ ഫോഴ്സിന്റെ സഹായം തേടി.ഇന്നലെ തൊടുപുഴ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ടി എച്ച് സാദിഖിന്റെ നിര്‍ദേശാനുസരണം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എ ജാഫര്‍ഖാന്‍ നേതൃത്വം നല്‍കുന്ന സംഘം ആനയടി കുത്തിലെത്തി.മോതിരം നഷ്ടപ്പെട്ട സ്ഥലം മനസ്സിലാക്കിയ ശേഷം, വൈദഗ്ധ്യമുള്ള സ്‌കൂബ ടീം മണിക്കൂറുകളോളം തിരച്ചില്‍ നടത്തി.
പാറക്കെട്ടുകള്‍ നിറഞ്ഞതും ഒഴുക്കുള്ളതുമായ ഭാഗത്ത് നടത്തിയ കഠിന പരിശ്രമത്തിനൊടുവില്‍ നവരത്‌ന മോതിരം കണ്ടെടുത്തു.മോതിരം സേന ഉദ്യോഗസ്ഥര്‍ ഉടമസ്ഥനെ ഏല്‍പ്പിച്ചു. വിലയേറിയ മോതിരം സുരക്ഷിതമായി തിരികെ ലഭിച്ച വിനോദസഞ്ചാരികളുടെ സംഘം അഗ്നിരക്ഷ സേനാംഗങ്ങള്‍ക്ക് നന്ദി അറിയിച്ചു. സംഘത്തില്‍ ഫയര്‍ ഓഫീസര്‍മാരായ പി എന്‍ അനൂപ്, ടി കെ വിവേക്, കെ എസ് അബ്ദുല്‍ നാസര്‍ എന്നിവരുണ്ടായിരുന്നു.





