Kerala
വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ ആറംഗ കുടുംബത്തെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
ഡങ്കി ബോട്ട് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം

തിരുവല്ല | തിരുവല്ലയിലെ പെരിങ്ങരയില്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍ നിന്നും വയോധിക അടക്കമുള്ള ആറംഗ കുടുംബത്തെ അഗ്നി രക്ഷാസേനയെത്തി രക്ഷപ്പെടുത്തി. പെരിങ്ങര പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ചാത്തങ്കരി വൈ എം സി എക്ക് സമീപം പുതുപ്പറമ്പില്‍ വീട്ടില്‍ റോസമ്മ ആന്‍ഡ്രൂസ് (86), മക്കളായ ആലിസ് രാജു (53), ജോയ്മോന്‍ (46), ജോയിയുടെ ഭാര്യ ജോളി ജോയ്, ജോയ്മോന്റെ മക്കളായ ജോയല്‍ ജോയ് (14), റീമ ജോയ് (15) എന്നിവരെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ലയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.
പ്രധാന റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍ നിന്ന് ഡങ്കി ബോട്ട് ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സുരക്ഷിതരായി പൊടിയാടിയില്‍ എത്തിച്ച കുടുംബം ബന്ധു വീട്ടിലേക്ക് പോയി.