Connect with us

Eranakulam

ബ്രഹ്മപുരത്തെ നായകനെ തോളിലുയർത്തി അഗ്നിരക്ഷാ പ്രവർത്തകർ

തൃക്കാക്കര അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ സതീഷ് നമ്പൂതിരിയെ തോളിലുയർത്തിയാണ് സഹപ്രവർത്തകർ ആഹ്ലാദം പങ്കിട്ടത്

Published

|

Last Updated

കൊച്ചി | പന്ത്രണ്ട് ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ  ബ്രഹ്മപുരത്തെ അഗ്നി ബാധയും പുകയും പൂർണ്ണമായി കെടുത്തിയ അഗ്നിരക്ഷാ പ്രവർത്തകർക്കിത് ആഹ്ലാദ നിമിശം. തങ്ങളെ മുന്നിൽ നിന്ന് നയിച്ച തൃക്കാക്കര അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ സതീഷ് നമ്പൂതിരിയെ തോളിലുയർത്തിയാണ് സഹപ്രവർത്തകർ ആഹ്ലാദം പങ്കിട്ടത്. ഇതിന്റെ ദൃശ്യം കേരള ഫയർ ആൻഡ് റെസ്ക്യു സെർവീസസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു.

രാപ്പകൽ ബേധമന്യെ മണ്ണുമാന്തികളുടെ സഹായത്തോടെ നടത്തിയ പരിശ്രമത്തിനാണ് ഇന്നലെ വൈകീട്ട് ഫലം കണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് പുക അണയ്ക്കാനായതായി ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചത്. സ്മോൾഡറിംഗ് ഫയർ ആയതുകൊണ്ട് ചെറിയ തീപ്പിടിത്തങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂർ വരെ ജാഗ്രത തുടരും. ചെറിയ തീപ്പിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് അഗ്നിശമന സേനാംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കാനാകും. ഇതിനാവശ്യമായ എസ്‌കവേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

ഭാവിയിൽ തീപ്പിടിത്തം ആവർത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല പദ്ധതി തയ്യാറാക്കാൻ അഗ്നിരക്ഷാ സേനക്ക് നിർദേശം നൽകി. ഫയർ വാച്ചർമാരെ നിയോഗിക്കുന്നതിലും ഹൈഡ്രന്റ്സ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കർമപദ്ധതി തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് നൽകും. ഇതനുസരിച്ചായിരിക്കും അടുത്ത നടപടി. തീപ്പിടിത്തം ആവർത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ഉടൻ നടപ്പാക്കും.

തീ അണയ്ക്കൽ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഉദ്യോഗസ്ഥർക്ക് ശാരീരികവും മാനസികവുമായ സമ്മർദം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള ജീവനക്കാർക്ക് ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് അതത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ നടപടിയുണ്ടാകും. ഇവരുടെ തുടർ ആരോഗ്യപരിപാലനവും ഉറപ്പാക്കും.

പുകയണയ്ക്കുന്നതിനായി അവസാനഘട്ടത്തിൽ 98 അഗ്നിശമന സേനാംഗങ്ങളും 57 സിവിൽ ഡിഫൻസ് അംഗങ്ങളും 24 കൊച്ചി കോർപറേഷൻ ജീവനക്കാരും 16 ഹോം ഗാർഡുകളും നാല് പോലീസുകാരുമാണ് രംഗത്തുണ്ടായിരുന്നത്. 22 എസ്‌കവേറ്ററുകളും 18 ഫയർ യൂനിറ്റുകളും മൂന്ന് ഹൈ പ്രഷർ പമ്പുകളുമാണ് പ്രവർത്തിപ്പിച്ചത്. സെക്ടർ വെസ്റ്റിലെയും സെക്ടർ ഒന്നിലെയും പുകയണയ്ക്കലാണ് ഏറ്റവുമൊടുവിൽ പൂർത്തിയാക്കിയത്. ചതുപ്പിലെ പുക ശമിപ്പിക്കുന്നതായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം.