Kerala
അഗ്നിയിലാണ്ട് രണ്ട് മണിക്കൂർ; സമീപ ജില്ലകളിലെ ഫയര്‍ യൂനിറ്റുകളും കോഴിക്കോട്ടേക്ക്
കത്തുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവയുടെ ഗന്ധം നഗരമാകെ പരക്കുന്നു

കോഴിക്കോട് | ബസ് സ്റ്റാന്‍ഡിനകത്തുണ്ടായ തീപ്പിടിത്തം അണക്കാന്‍ സമീപ ജില്ലകളിലെ ഫയര്‍ യൂനിറ്റുകളും കോഴിക്കോട്ടെത്തുന്നു. വൈദ്യുതി ബന്ധം പൂര്‍ണമായും വിഛേദിച്ചതും രാത്രി ഇരുട്ടിയതും മൂലം അഗ്നിശമന സേന താത്കാലിക വെളിച്ചമൊരുക്കിയാണ് തീയണക്കല്‍ ദ്രുതഗതിയില്‍ തുടരുന്നത്. രണ്ട് മണിക്കൂറിലേറെയായി തീ ആളിപ്പടരുന്നതിനാൽ കോഴിക്കോട് നഗരമാകെ പുകമൂടി. കത്തുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവയുടെ ഗന്ധം നഗരത്തിലെങ്ങും വ്യാപിച്ചു. അപകട സാധ്യതയോറിയതിനാല്‍ സന്നദ്ധ പ്രവർത്തകരുൾപ്പെടെ പ്രദേശത്തേക്ക് കടക്കരുതെന്നാണ് പോലീസിന്റെ കര്‍ശന നിര്‍ദേശം.
ജില്ലാ കലക്ടര്‍, റെയ്ഞ്ച് ഐ ജി, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി. ആളുകളെ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് പൂര്‍ണമായും മാറ്റിയാണ് തീ അണക്കല്‍ തുടരുന്നത്. തീപ്പിടിത്തമുണ്ടായ സ്റ്റാന്‍ഡിലെ മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തിയമരുകയാണ്. മറ്റ് കെട്ടിടത്തിലേക്കും തീ പടര്‍ന്നുതുടങ്ങിയതാണ് ആശങ്കയുളവാക്കിയത്. ഫയര്‍ യൂനിറ്റുകള്‍ കുരുക്കുകളില്ലാതെയെത്താന്‍ നഗരത്തിലെ റോഡ് പൂര്‍ണമായും ഒഴിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് അഞ്ചോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ രണ്ടാം നിലയിൽ തീപ്പിടിത്തമുണ്ടായത്. കടയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ആദ്യം മെഡിക്കൽ ഷോപ്പിലായിരുന്നു തീപ്പിടിച്ചത്. തുടർന്ന് വസ്ത്ര വ്യാപാരശാലയായ കാലിക്കറ്റ് ടെക്സ്റ്റൈൽസിലേക്ക് പടരുകയായിരുന്നു.