Connect with us

Kerala

പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റിലെ തീപിടിത്തം: വിശദമായ അന്വേഷണം നടത്തുമെന്ന് ഹര്‍ഷിത അട്ടല്ലൂരി

എല്ലാ ഗോഡൗണിലും സുരക്ഷാ പരിശോധന നടത്തും. മന്ത്രി എം ബി രാജേഷ് സ്ഥലം സന്ദര്‍ശിക്കും.

Published

|

Last Updated

തിരുവല്ല | തീപിടിത്തമുണ്ടായ തിരുവല്ല പുളിക്കീഴ് പമ്പ റിവര്‍ ഫാക്ടറി ബീവറേജസ് ഔട്ട്‌ലെറ്റ് ബെവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷിത അട്ടല്ലൂരി സന്ദര്‍ശിച്ചു. അഗ്നിരക്ഷാ മാര്‍ഗങ്ങളെല്ലാം ഉള്ള ഗോഡൗണ്‍ ആയിരുന്നിട്ടും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്ന് അവര്‍ പറഞ്ഞു. വിശദമായ അന്വേഷണം നടത്തും. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ഗോഡൗണിലും സുരക്ഷാ പരിശോധന നടത്തുമെന്നും സി എം ഡി വ്യക്തമാക്കി.

ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തില്‍ ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും 45,000 കെയിസ് മദ്യവും കത്തിനശിച്ചു. 10 കോടി രൂപയുടെ നഷ്ടം ബിവറേജ് കോര്‍പ്പറേഷനുണ്ടായതായാണ് പ്രാഥമിക കണക്കെടുപ്പില്‍ വ്യക്തമായത്. എന്നാല്‍, നഷ്ടം 20 കോടിക്കു മുകളിലേക്ക് എത്താനാണ് സാധ്യത.

അലൂമിനിയം ഷീറ്റിന്റെ മേല്‍ക്കൂരിയുള്ള കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു. ഔട്ട്‌ലെറ്റിന്റെ ഗോഡൗണിന്റെ പിന്‍ഭാഗത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. തീ പടരുന്നത് കണ്ട് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന സേനാ യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിനോട് ചേര്‍ന്നാണ് ജവാന്‍ മദ്യനിര്‍മാണശാല ഉള്ളത്. ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സ്പിരിറ്റ് ടാങ്കുകളുടെ ഭാഗത്തേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി ഉയരുമായിരുന്നു.

ഗോഡൗണില്‍ അറ്റകുറ്റപ്പണിക്കായി കെ എസ് ഇ ബിയുടെ അനുമതി പോലും വാങ്ങാതെ വൈദ്യുതി കണക്ഷന്‍ എടുത്തതായും പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമായതെന്ന് പത്തനംതിട്ട എം പി. ആന്റോ ആന്റണി ആരോപിച്ചു. ഇന്ന് വൈകീട്ട് നാലോടെ എക്സൈസ് മന്ത്രി എം ബി രാജേഷ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

 

Latest