Connect with us

Editorial

വ്യാജ ഏറ്റുമുട്ടലുകൾ ഭരണകൂട ഭീകരത

"സിറ്റിസൺ എഗൈൻസ്റ്റ് ഹേറ്റി'ന്റെ പഠന റിപോർട്ടനുസരിച്ച്, യു പി, ഹരിയാന മേഖലയിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ കൂടുതലും കൊല്ലപ്പെട്ടത് ഒരു പ്രത്യേക മതവിഭാഗത്തിലുള്ള യുവാക്കളാണെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്. രാജ്യത്ത് ഏറ്റുമുട്ടലുകൾ വർധിച്ചു വരുന്നതിൽ സുപ്രീം കോടതി പലപ്പോഴും ആശങ്ക രേഖപ്പെടുത്തിയതാണ്.

Published

|

Last Updated

ഹൈദരാബാദിൽ 2019ൽ നടന്ന പോലീസ് ഏറ്റുമുട്ടൽ കൊലയും വ്യാജ ഏറ്റുമുട്ടൽ പട്ടികയിലേക്ക്. സുപ്രീം കോടതി നിയോഗിച്ച കമ്മീഷനാണ് 2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ മരിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്നു കണ്ടെത്തിയത്. പ്രതികൾക്ക് നേരെ പോലീസ് വെടിയുതിർത്തത് മനഃപൂർവം അവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന് സിർപൂർക്കർ കമ്മീഷൻ സമർപ്പിച്ച റിപോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികൾ പൊലീസിന്റെ ആയുധങ്ങൾ തട്ടിയെടുത്തു കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നായിരുന്നു ഇതേക്കുറിച്ച പോലീസ് ഭാഷ്യം. ഇതു അവാസ്തവമാണെന്നും സംഭവത്തിൽ ഉൾപ്പെട്ട പത്തിലധികം പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്.

കമ്മീഷൻ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നും പരസ്യമാക്കരുതെന്നും കോടതിയോട് തെലങ്കാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്ലി എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാന സർക്കാറിന്റെ ആവശ്യം നിരസിക്കുകയും റിപോർട്ട് പരസ്യമാക്കാൻ അനുമതി നൽകുകയും ചെയ്തു. ഹൈദരാബാദ് ഏറ്റുമുട്ടൽ കേസ് സ്വതന്ത്രമായി അന്വേഷിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചു 2019 ഡിസംബർ 19നു അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് മുൻ സുപ്രീം കോടതി ജഡ്ജി വി എസ് സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സി ബി ഐ മുൻ ഡയറക്ടർ ഡി ആർ കാർത്തികേയൻ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

ഭരണകൂടത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതിനു സ്ഥാനക്കയറ്റം നേടാനും മതന്യൂനപക്ഷ വേട്ടയുടെ ഭാഗമായും പോലീസും സൈന്യവും നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകൾ ഇടക്കിടെ റിപോർട്ട് ചെയ്യപ്പെടാറുണ്ട്. ആത്മരക്ഷാർഥമാണ് പോലീസ് വെടിവെച്ചതെന്നു വരുത്തിത്തീർക്കാൻ അതിനൊരു തിരക്കഥയും തയ്യാറാക്കും. മണിപ്പൂരിലും കശ്മീരിലും ഉത്തർ പ്രദേശിലുമാണ് വ്യാജ ഏറ്റുമുട്ടലുകൾ കൂടുതലായി നടക്കുന്നത്. പോലീസിന്റെ ന്യായം നടപ്പാക്കലിന്റെ ഒരു ഭാഗമായി മാറിയിരിക്കയാണ് യു പിയിൽ വ്യാജഏറ്റുമുട്ടലുകൾ. കോടതിക്കു വിട്ടുകൊടുക്കാതെ കാര്യങ്ങൾ പോലീസ് സ്വയം നടപ്പാക്കുകയാണ്. യു പി പോലീസ് 2020ൽ വെളിപ്പെടുത്തിയ കണക്കനുസരിച്ചു തൊട്ടുമുമ്പത്തെ മൂന്ന് വർഷം സംസ്ഥാനത്ത് നടന്നത് 5,178 ഏറ്റുമുട്ടലുകളാണ്. ക്രിമിനലുകളെ അമർച്ച ചെയ്യാനെന്ന പേരിൽ നടത്തിയ ഈ ഏറ്റുമുട്ടലുകളിൽ ഗണ്യഭാഗവും വ്യാജമാണെന്നാണ് സന്നദ്ധ സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും പറയുന്നത്. സർക്കാർ നിലപാടുകളോട് വിയോജിക്കുന്നവരെയും പോലീസിനു താത്പര്യമില്ലാത്തവരെയും മതന്യൂപക്ഷ വിഭാഗക്കാരെയും ക്രിമിനലുകളാക്കി മുദ്രകുത്തി കൊലപ്പെടുത്തുകയാണ്. ‘സിറ്റിസൺ എഗൈൻസ്റ്റ് ഹേറ്റി’ന്റെ പഠന റിപോർട്ടനുസരിച്ച്, യു പി, ഹരിയാന മേഖലയിൽ നടന്ന പോലീസ് ഏറ്റുമുട്ടലിൽ കൂടുതലും കൊല്ലപ്പെട്ടത് ഒരു പ്രത്യേക മതവിഭാഗത്തിലുള്ള യുവാക്കളാണെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്.

രാജ്യത്ത് ഏറ്റുമുട്ടലുകൾ വർധിച്ചു വരുന്നതിൽ സുപ്രീം കോടതി പലപ്പോഴും ആശങ്ക രേഖപ്പെടുത്തിയതാണ്. മണിപ്പൂരിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും നടക്കുന്ന ഏറ്റുമുട്ടലുകളിൽ ബന്ധപ്പെട്ട സർക്കാറുകൾ കൃത്യമായി ഇടപെടുന്നില്ലെന്നും മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അർഹിക്കുന്ന ഗൗരവത്തോടെ കാണണമെന്നും 2012 നവംബറിൽ ജസ്റ്റിസ് അഫ്താബ് ആലം, രഞ്ജന ദേശായി എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിൽ വ്യാജ ഏറ്റുമുട്ടലുകളിലൂടെ 1,528 നിരപരാധികളെ കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹരജിയുടെ പരിഗണനാ വേളയിലായിരുന്നു കോടതിയുടെ ഈ പരാമർശം.

കേരളത്തിലും നടക്കുന്നുണ്ട് വ്യാജ ഏറ്റുമുട്ടലുകൾ. നിലമ്പൂരിൽ 2016 നവംബർ 26നു മാവോവാദി നേതാക്കളായ കുപ്പുദേവരാജും അജിതയും, 2019 മാർച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിൽ മാവോയിസ്റ്റ് സി പി ജലീലും, അതേ വർഷം ഒക്ടോബർ 29നു അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയിൽ മണിവാസകം ഉൾപ്പെടെ നാല് പേരും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മാവോയിസ്റ്റ് വേട്ടക്കു കേന്ദ്ര സർക്കാർ 580 കോടി അനുവദിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാല് വർഷത്തിനിടെ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കേന്ദ്ര ഫണ്ട് കൈക്കലാക്കാനാണ് ഈ കൊലകളെന്നു ആരോപിക്കപ്പെടുന്നുണ്ട്.
പലപ്പോഴും മേലുദ്യോഗസ്ഥരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പോലീസുകാർ നിരായുധരായ ആളുകളെ വെടിവെച്ചു കൊന്നു ഏറ്റുമുട്ടൽ കഥകൾ സൃഷ്ടിക്കുന്നത്. വ്യാജ ഏറ്റുമുട്ടൽ കേസിൽ സസ്‌പെൻഷനിലായ മണിപ്പൂരിലെ തൗനോജം ഹെരോജിത്ത് എന്ന പോലീസ് ഹെഡ് കോൺസ്റ്റബിൾ 2016ൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. 2009ൽ പീപ്പിൾസ് ലിബറേഷൻ ആർമി പ്രവർത്തകനെന്ന സംശയത്തിൽ 22കാരനായ സജീത് മെയ്തയെ വെടിവെച്ചു കൊന്ന കേസിലാണ് തൗനോജം ഹെരോജിത്ത് നിയമനടപടിക്കു വിധേയമായത്. ഏറ്റുമുട്ടലിലല്ല സജീത് മെയ്ത കൊല്ലപ്പെട്ടതെന്നും അന്നത്തെ ഇംഫാൽ വെസ്റ്റ് അഡീഷനൽ എസ് പി കൊല്ലാൻ ആവശ്യപ്പെട്ടതിനെ തുടർന്നു നിരായുധനായ സജീത് മെയ്തയെ ഏകപക്ഷീയമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് തൗനോജം ഹെരോജിത്ത് വെളിപ്പെടുത്തിയത്.

വ്യാജ ഏറ്റുമുട്ടൽ കൊല കൊലപാതകമാണെന്ന് 2011 മെയ് 13 നു പ്രകാശ് കദം- രാംപ്രസാദ് വിശ്വനാഥ് ഗുപ്ത കേസിൽ സുപ്രീം കോടതി തറപ്പിച്ചു പറയുകയും വ്യാജഏറ്റുമുട്ടൽ നടത്താനുള്ള ബോധം ക്രിമിനൽ ബോധമാണെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 1995-97 കാലത്ത് മുംബൈ പോലീസ് നടത്തിയ 99 വ്യാജ ഏറ്റുമുട്ടൽ കേസുകൾ പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് ആർ എം ലോധയുടെ നേതൃത്വത്തിലുള്ള ബഞ്ച് നിയമം കൈയിലെടുക്കാൻ പോലീസുകാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും രാജ്യത്ത് വ്യാജ ഏറ്റുമുട്ടൽ കൊലകൾ വർധിക്കുന്നുവെന്നത് ആശങ്കാജനകമാണ്.