Connect with us

Prathivaram

ഫാഡ് ഡയറ്റ്: നിങ്ങൾ അറിയേണ്ടത്

ആരോഗ്യകരമായ ഭക്ഷണ ശീലം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നഷ്ടപ്പെടാതെ ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്കെത്താൻ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് സമീകൃത ആഹാരം ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

Published

|

Last Updated

ഫാഡ് ഡയറ്റ് എന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപ്രിയമായ ഒരു ഭക്ഷണക്രമമാണ്. സാധാരണ ഭക്ഷണ നിർദേശങ്ങൾ അല്ലാതെ വേഗത്തിൽശരീരഭാരം കുറക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും പലപ്പോഴും യുക്തിരഹിതമായ അവകാശവാദങ്ങൾ ഇവ ഉന്നയിക്കുന്നു. ഭാരം കുറക്കുന്നതിനുള്ള ഏറ്റവും മികച്ചതും വേഗമേറിയതുമായ ഡയറ്റ്പ്ലാനുകൾ എന്ന സവിശേഷതയാൽ ഇവ അറിയപ്പെടുന്നു. നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും ഒഴിവാക്കാൻ ഇവ നിർദേശിക്കുന്നു. ഒരിക്കൽ ഭക്ഷണക്രമംനിർത്തിയാൽ നഷ്ടപ്പെട്ട നമ്മുടെ ഭാരം സാധാരണയായി വേഗത്തിൽ കൂടും. Fad diet ശരീരഭാരം വേഗം കുറക്കുന്നു. എന്നാൽ ഇവ നമ്മുടെ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. മാത്രമല്ല, ഈ ഡയറ്റുകൾ നമ്മുടെ ജീവിതത്തിലുടനീളം സുസ്ഥിരമല്ല. ഏത് രീതിയിലുള്ള ഡയറ്റ് തുടങ്ങുന്നതിനു മുന്പ് താങ്കളുടെ ആരോഗ്യത്തിന് ഉചിതമാണോഎന്ന് അറിയുന്നതിനായി ഒരു ഡയറ്റീഷ്യന്റെ നിർദേശം സ്വീകരിക്കുന്നത് നല്ലതാണ്.

ഫാഡ് ഡയറ്റ് ഏതെല്ലാമാണെന്ന്‌ നമുക്ക്‌ നോക്കാം.

1. അറ്റ്കിൻസ് ഡയറ്റ് ( atkin’s diet )

ശരീര ഭാരം കുറക്കാൻ സാധാരണയായി പലരും അവലംബിക്കുന്ന ഭക്ഷണക്രമമാണ് ഇത്. ഈ ഡയറ്റിൽ കുറഞ്ഞ അളവിൽ അന്നജവും കൂടുതൽ മാംസ്യവും കൊഴുപ്പും അടങ്ങിയിരിക്കുന്നു. ഇതിന് നാല് ഘട്ടങ്ങളാണുള്ളത്. ആദ്യത്തെ ഘട്ടത്തിൽ ആദ്യത്തെ രണ്ടാഴ്ച അന്നജത്തിന്റെ അളവ് 20 ഗ്രാം ആയി പരിമിതപ്പെടുത്തുന്നു. ഇതിനു ശേഷം ക്രമേണ അന്നജത്തിന്റെ അളവ് അഞ്ച് ഗ്രാം കൂട്ടുകയും ചെയ്യുന്നു.

2. വേഗൻ ഡയറ്റ് ( vegan diet )

ഹ്രസ്വകാലവും ദീർഘകാലവുമായ പല പഠനങ്ങളിൽ ശരീരഭാരം കുറക്കാൻ vegan diet അഥവാ സസ്യാഹാരം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാംസ ഉത്പന്നങ്ങൾ അടങ്ങിയിട്ടില്ലാത്തതിനാൽ അവ അസന്തുലിതമാണെന്ന് പറയപ്പെടുന്നുണ്ട്. പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയാണ് ഇവയിൽ ഉൾപ്പെടുന്നത്. ഈ ഭക്ഷണക്രമത്തിൽ വിറ്റാമിൻ ബി 12 കുറവുണ്ട്. അതിനാൽ അവരുടെ ഭക്ഷണക്രമത്തിൽ വിറ്റാമിൻ ബി 12 സപ്ലിമെന്റ്, ഫോർട്ടി ഫൈഡ് ധാന്യങ്ങൾ എന്നിവ നൽകേണ്ടതുണ്ട്. കൂടാതെ ഇത് ഒരു പരിസ്ഥിതി സംരക്ഷണ ഭക്ഷണ ക്രമീകരണം കുടിയാണ്.

3. കീറ്റോജനിക് ഡയറ്റ് ( ketogenic diet )

ഈ ഭക്ഷണക്രമത്തിൽ ഒരു വ്യക്തി വളരെ കുറച്ച് അന്നജവും മിതമായ അളവിൽ മാംസ്യവും കൂടിയ അളവിൽ കൊഴുപ്പുമാണ് ഉപയോഗിക്കുന്നത്. കീറ്റോജെനിക് ഡയറ്റ് ശരീരഭാരം കുറക്കാൻ സഹായിക്കും എന്നതിൽ പല പഠനങ്ങളുമുണ്ട്. എന്നാൽ, ഈ പഠനങ്ങൾ ചെറിയ സാമ്പിൾ വലിപ്പവും ഹ്രസ്വകാല പ്രഭാവം മാത്രവുമാണ് വിലയിരുത്തുന്നത്. ശരീരഭാരം കുറക്കാൻ ആളുകൾ മിക്കപ്പോഴും ഈ ഭക്ഷണക്രമം ഉപയോഗിക്കുന്നു. എന്നാൽ ഈ ഭക്ഷണക്രമീകരണം ഒരു ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ മേൽനോട്ടത്തിൽ ചെയ്യേണ്ടതാണ്. ഈ രീതി കൂടുതലായി ഉപയോഗിക്കുന്നവർക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാം.

4. പാലിയോ ഡയറ്റ് ( paleo diet )

പൂർവികരുടെ ഭക്ഷണ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ മുഴുവനും. സംസ്‌കരിക്കാത്ത ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പയറുവർഗങ്ങൾ, ധാന്യങ്ങൾ എന്നീ ഭക്ഷണങ്ങൾ ഇതിൽ നിയന്ത്രിക്കുന്നു. കൂടാതെ നമ്മുടെ പൂർവികർ കഴിച്ചതുപോലെയുള്ള ഭക്ഷണം കഴിക്കുന്നത് പ്രായോഗികമല്ല. ഈ ഭക്ഷണക്രമം സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണരീതിയാണ്. സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുകയും വൈവിധ്യമാർന്ന സസ്യ, മാംസ ഉത്പന്നങ്ങൾ കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

5. ഇന്റർമീറ്റ്ടൻഡ് ഫാസ്റ്റിംഗ്
( Intermittent fasting)

വിവിധ തരത്തിലുള്ള ഇന്റർമീറ്റ്ടൻഡ് ഫാസ്റ്റിംഗ് ഉണ്ട്. ഓരോ ഉപവാസവും നിങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇതിൽ 16:8 ഫാസ്റ്റിംഗ് രീതിയാണ് സാധാരണയായി കൂടുതൽ ആളുകളും ചെയ്യുന്നത്. 16 മണിക്കൂർ ഫാസ്റ്റിംഗ് ചെയ്യാനുള്ള സമയം നമുക്ക് തന്നെ തിരഞ്ഞെടുക്കാം.

ഉദാഹരണത്തിന് രാവിലെ ആറ് മുതൽ വൈകുന്നേരം അഞ്ച് വരെ ഭക്ഷണം കഴിക്കാം. തുടർന്ന് അഞ്ച് മുതൽ അടുത്ത ദിവസം രാവിലെ ഒന്പത് വരെ ഫാസ്റ്റിംഗ് ആയിരിക്കും. സമയം നിയന്ത്രണത്തോടെയുള്ള ഭക്ഷണ നിയന്ത്രണം ഉണ്ട്. വെള്ളം , മോരുവെള്ളം, മധുരമില്ലാത്ത കാപ്പി പോലുള്ള കലോറി കുറവുള്ള പാനീയങ്ങൾ ധാരാളം ഉൾപ്പെടുത്തുകയും ചെയ്യാം.
കലോറി കുറവുള്ളതും നാരുകൾ, മാംസ്യം എന്നിവ കൂടുതൽ അടങ്ങിയതുമായ ഭക്ഷണം ഇതിൽ കൂടുതൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും. പഴങ്ങൾ, പച്ചക്കറികൾ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണക്രമീകരണം പലവിധ അസുഖങ്ങൾക്കും പരിഹാരമാണ്. എന്നാൽ പ്രമേഹം , ഗ്യാസ്ട്രൈറ്റിസ് എന്നീ രോഗമുള്ളവർ ഒരു വിദഗ്ധ നിർദേശം തേടുന്നത് ഉചിതമായിരിക്കും.
ഇത്തരം ഭക്ഷണക്രമീകരണങ്ങൾ ശരീരഭാരം കുറക്കാൻ ഹ്രസ്വ കാലത്തേക്ക്‌ സഹായിച്ചേക്കാം. എന്നാൽ ഇതിൽ നിന്ന് നമുക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ല. ആരോഗ്യപ്രശ്‌നങ്ങൾ പോലും ഉണ്ടാകാം. അതിനാൽ ഇതുപോലുള്ള ഭക്ഷണക്രമീകരണം തുടങ്ങുന്നതിനു മുന്പ് ഒരു വിദഗ്ധ നിർദേശം ഡയറ്റീഷ്യനിൽ നിന്ന് സ്വീകരിക്കുന്നത് ഉചിതമാണ്.
ആരോഗ്യകരമായ ഭക്ഷണ ശീലം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ നഷ്ടപ്പെടാതെ ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്കെത്താൻ ദൈനംദിന ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് സമീകൃത ആഹാരം ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിൽ ധാന്യങ്ങൾ, പയർ വർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാലുത്പന്നങ്ങൾ, മാംസ്യം എന്നിവ ഉൾപ്പെടുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കുക, നല്ല ഉറക്കം ശീലമാക്കുക, വ്യായാമം ശീലമാക്കുക, റിഫൈൻഡ് ഭക്ഷണവും സംസ്‌കരിച്ച ഭക്ഷണവും ഒഴിവാക്കുക, പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന അളവ് പരിമിതപ്പെടുത്തുക.

ഡയറ്റിഷ്യൻ, കമ്മ്യൂണിറ്റി ന്യൂട്രിഷൻ ഫോറം എറണാകുളം