Connect with us

fact check

FACT CHECK: ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം യോഗിയുടെ യു പിയിലോ?

ബീജിംഗിനെ കോപ്പിയടിക്കുകയാണോയെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ ചോദിക്കുന്നത്.

Published

|

Last Updated

ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ നിര്‍മിക്കുകയാണെന്ന പ്രചാരണം വീഡിയോ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരും ബി ജെ പി നേതാക്കളും അണികളുമെല്ലാമാണ് ഈ പ്രചാരണത്തിന് മുന്നില്‍. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഭരണനേട്ടമായാണ്, വിമാനത്താവളം പൂര്‍ത്തിയായാല്‍ എങ്ങനെയിരിക്കുമെന്ന വീഡിയോ സഹിതമുള്ള പ്രചാരണം. ഇതിന്റെ വസ്തുതയറിയാം:

പ്രചാരണം : ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം നോയിഡയില്‍ ഉയരുന്നു. 35,000 രൂപ ചെലവഴിച്ചാണ് വിമാനത്താവളം നിര്‍മിക്കുന്നത്. വിമാനത്താവളം മുഖേന ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജോലി ലഭിക്കുകയും മേഖലയുടെ വികസനം ത്വരിതഗതിയിലാക്കുകയും ചെയ്യും (സാമൂഹിക മാധ്യമ പ്രചാരണത്തില്‍ നിന്ന്). കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, അരുണ്‍ റാം മെഗ്വാള്‍, ഉത്തര്‍ പ്രദേശ് ബി ജെ പി ജനറല്‍ സെക്രട്ടറി പങ്കജ് സിംഗ് അടക്കമുള്ളവര്‍ വെരിഫൈഡ് അക്കൗണ്ടുകളില്‍ ഈ പോസ്റ്റ് വീഡിയോ സഹിതം നല്‍കിയിട്ടുണ്ട്.

വസ്തുത : കേന്ദ്ര മന്ത്രിമാര്‍ അടക്കം നോയിഡ വിമാനത്താവളമാണെന്ന് അവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ ചൈനയിലെ ബീജിംഗ് വിമാനത്താവളത്തിന്റെതാണ്. പ്രമുഖ ആര്‍ക്കിടെക്ട് സാഹ ഹദീദ് രൂപകല്പന ചെയ്ത ബീജിംഗ് വിമാനത്താവളത്തിന്റെ ദൃശ്യങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ നേട്ടമായി പ്രചരിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പാസഞ്ചര്‍ ടെര്‍മിനല്‍ എന്ന മുദ്രാവാക്യത്തിലാണ് സാഹ ഹദീദിന്റെ ഈ രൂപകല്പന പുറത്തുവന്നിരുന്നത്.

ചുരുക്കത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ജിവാറില്‍ ശിലാസ്ഥാപനം നടത്തിയ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെതെന്ന നിലയില്‍ കേന്ദ്ര മന്ത്രിമാര്‍ അടക്കം പ്രചരിപ്പിക്കുന്നത് ബീജിംഗ് വിമാനത്താവളത്തിന്റെ ദൃശ്യങ്ങളാണ്. നോയിഡ വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ ഇങ്ങനെയായിരിക്കുമെന്ന തരത്തിലാണ് പ്രചാരണമെങ്കിലും ബീജിംഗിനെ കോപ്പിയടിക്കുകയാണോയെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ ചോദിക്കുന്നത്.

Latest