Connect with us

fact check

FACT CHECK: ഉത്തര്‍ പ്രദേശിലെ തൊഴിലില്ലായ്മ നിരക്ക് യോഗി ഭരണത്തില്‍ മൂന്നിലൊന്നായി കുറഞ്ഞുവോ?

സത്യാവസ്ഥയറിയാം:

Published

|

Last Updated

ഉത്തര്‍ പ്രദേശിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്‍ഷം കൊണ്ട് മൂന്നിലൊന്നായി കുറഞ്ഞുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഭരണ നേട്ടമായാണ് ബി ജെ പി നേതാക്കളും അണികളും ഇക്കാര്യം ആഘോഷിക്കുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:

പ്രചാരണം : .യോഗി ആദിത്യനാഥ് ഭരണമേറ്റെടുത്ത 2017ല്‍ യു പിയിലെ തൊഴിലില്ലായ്മ നിരക്ക് 17.5 ശതമാനമായിരുന്നെങ്കില്‍ 2021ല്‍ 4.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. സെന്റര്‍ ഫോര്‍ മോണിട്ടറിംഗ് ദ ഇന്ത്യന്‍ എക്കോണമി (സി എം ഐ ഇ) വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരമാണിത്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഉത്തര്‍ പ്രദേശ് 2017ല്‍ 12ാം സ്ഥാനത്ത് ആണെങ്കില്‍ 2020ല്‍ അത് രണ്ടാം സ്ഥാനത്താണ്. ലോക ബേങ്ക് കണക്ക് പ്രകാരമാണിത് (വാട്ട്‌സാപ്പിലും ട്വിറ്ററിലും പ്രചരിക്കുന്ന പോസ്റ്റില്‍ നിന്ന്).

വസ്തുത : 2017ല്‍ യു പിയിലെ തൊഴിലില്ലായ്മ നിരക്ക് 17.5 ശതമാനം എന്നത് തെറ്റാണ്. ആ വര്‍ഷം തൊഴിലില്ലായ്മ നിരക്ക് രണ്ടക്കം പോലും കടന്നിട്ടില്ല. 2017ലെ എല്ലാ മാസങ്ങളിലും തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തില്‍ താഴെയായിരുന്നു. മാത്രമല്ല, 2021ലെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനം എന്നതും തെറ്റാണ്. ഒക്ടോബറില്‍ മാത്രമാണ് ഈയൊരു നിരക്കുണ്ടായത്. ഒക്ടോബറിന് മുമ്പ് ഈ വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനത്തിനും മുകളിലായിരുന്നു. സ്വതന്ത്ര തിങ്ക്ടാങ്കായ സി എം ഐ ഇ വര്‍ഷാവര്‍ഷം രാജ്യത്തെ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് പ്രസിദ്ധീകരിക്കുന്നില്ല. പലപ്പോഴും മാസാടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരാറുള്ളത്.

വൈറല്‍ പോസ്റ്റില്‍ പറയുന്നത് പോലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിംഗ് ലോക ബേങ്കിന്റെത് അല്ല. മറിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വകുപ്പ് തയ്യാറാക്കിയ റാങ്കിംഗിലാണ് യു പി രണ്ടാമതെത്തിയത്.