Connect with us

siraj editorial

അതീവ ദുഷ്‌കരം മാധ്യമപ്രവര്‍ത്തനം

മാധ്യമപ്രവര്‍ത്തനം ലോകം മുഴുക്കെ വെല്ലുവിളി നേരിടുകയാണ്. മിക്ക രാഷ്ട്രങ്ങളിലും ഭാഗികമായോ പൂര്‍ണമായോ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടയപ്പെടുന്നു. വ്യാജ കേസുകള്‍ മുതല്‍ വധഭീഷണി വരെ പലവിധ ഭീഷണികളാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത്

Published

|

Last Updated

വര്‍ഷം (2021) ഭരണകൂട ഭീകരതക്കും സാമൂഹിക ദ്രോഹികളുടെ തോക്കിനും ഇരയായ മാധ്യമപ്രവര്‍ത്തകരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നു റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (ആര്‍ എസ് എഫ്). 488 മാധ്യമ പ്രവര്‍ത്തകരാണ് ഈ വര്‍ഷം ആഗോളതലത്തില്‍ ജയിലിലടക്കപ്പെട്ടത്. 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തങ്ങള്‍ കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയ 1995 മുതല്‍ ജയിലില്‍ അടക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം ഇത്രത്തോളം ഉയര്‍ന്നിട്ടില്ലെന്ന് ആര്‍ എസ് എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ രാജ്യങ്ങളിലായി 46 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തു ഈ വര്‍ഷം. പാരീസ് ആസ്ഥാനമായ അന്താരാഷ്ട്ര മാധ്യമ, അഭിപ്രായ സ്വാതന്ത്ര്യ സംഘടനയാണ് ആര്‍ എസ് എഫ്.

പതിവ് പോലെ ചൈനയാണ് ഈ വര്‍ഷവും ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലിലടച്ചത് (127 പേര്‍). ഭരണകൂട വിമര്‍ശകരെ നിരന്തരം വേട്ടയാടുകയാണ് ചൈനീസ് അധികൃതര്‍. ചൈനീസ് ഭരണകൂടത്തിന്റെ നയവൈകല്യങ്ങളെ വിമര്‍ശിച്ചതിനാണ് ഫ്രീലാന്‍ഡ്‌സ് വീഡിയോ ജേര്‍ണലിസ്റ്റ് ഷാംഗ് ഷാനെ കഴിഞ്ഞ വര്‍ഷം തടവിലിട്ടത്. “കലാപത്തിന് പ്രേരിപ്പിച്ചു, സംഘര്‍ഷം ഇളക്കിവിട്ടു’ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോടതി നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് നേരിട്ട് നിയന്ത്രിക്കുന്ന സൈബേഴ്‌സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ മാധ്യമ ലോകത്തെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളൊന്നും ഭരണകൂടത്തിനു ഹിതകരമല്ലാത്ത വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ആഫ്രിക്കയിലും കരീബിയന്‍ മേഖലയിലും സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങള്‍ക്ക് പുറമെ പ്രാദേശിക മാധ്യമങ്ങളില്‍ വരെ നിക്ഷേപം നടത്തുന്നുണ്ട് ചൈന. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് രാഷ്ട്രം ഒട്ടും വിലകല്‍പ്പിക്കുന്നില്ല.

കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണപ്രകാരം മെക്സിക്കോയും അഫ്ഗാനിസ്ഥാനുമാണ് മാധ്യമപ്രവര്‍ത്തനത്തിന് ഏറ്റവും അപകടകരമായ രാജ്യങ്ങളായി ആര്‍ എസ് എഫ് കണക്കാക്കുന്നത്. ആറ് മാധ്യമ പ്രവര്‍ത്തകരാണ് ഇരു രാജ്യങ്ങളിലും കൊല്ലപ്പെട്ടത്. യമനും ഇന്ത്യയുമാണ് തൊട്ടുപിറകില്‍. ജോലി നിര്‍വഹിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെന്നും 2019ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം മോദി ഭരണകൂടത്തെ പിന്തുണക്കുന്ന തീവ്ര വലതുപക്ഷ ഹിന്ദുത്വ ആശയ സംഹിതകള്‍ക്ക് വഴങ്ങാന്‍ മാധ്യമങ്ങള്‍ സമ്മര്‍ദത്തിലാണെന്നും ആര്‍ എസ് എഫ് വിലയിരുത്തുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ തയ്യാറാക്കിയ ലോകത്തിലെ 180 രാജ്യങ്ങളുടെ പട്ടികയില്‍ 142ാം സ്ഥാനത്താണ് ഇന്ത്യ.

അമേരിക്കയിലുമുണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങ്. വെള്ളക്കാരല്ലാത്ത മാധ്യമ പ്രവര്‍ത്തകരെയാണ് ഭരണകൂടം വേട്ടയാടുന്നത്. ആഫ്രിക്കൻ‍-ലാറ്റിന്‍ വംശജനായ ഉമര്‍ ഹെമിനെസിനെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തത് തൊലിയുടെ നിറം നോക്കിയാണ്. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി വെളുത്ത വര്‍ഗക്കാരനായ പോലീസുകാരന്‍ ഡെറക് ഷോവിന്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തെ പിടികൂടിയത്. റിപ്പോര്‍ട്ടിംഗിനിടെ പോലീസ് അദ്ദേഹത്തെ കൈകള്‍ ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. എന്തിനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്ന് ഹെമിനെസ് ചോദിച്ചപ്പോള്‍, സി എന്‍ എന്‍ പ്രതിനിധിയായത് കൊണ്ടെന്നായിരുന്നു പോലീസിന്റെ മറുപടി. അതേസമയം, ഹെമിനെസിനോടുള്ള സമീപനമായിരുന്നില്ല തങ്ങളോടെന്നാണ്, അദ്ദേഹത്തോടൊപ്പം വാര്‍ത്താ ശേഖരണത്തിനെത്തിയിരുന്ന മാധ്യമ സംഘത്തിലെ വെളുത്ത വംശജര്‍ വെളിപ്പെടുത്തിയത്. പരമ്പരാഗതമായി മാധ്യമ സ്വാതന്ത്ര്യത്തിന്റെ ശക്തരായ വക്താക്കളായിരുന്ന അമേരിക്കയില്‍ ട്രംപിന്റെ വരവോടെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ ഭീഷണി ഉയര്‍ന്നതെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്സ് (സി പി ജെ) ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബര്‍ട്ട് മഹോണി പറയുന്നു. പൊതുവെ മാധ്യമ സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്ന ബ്രിട്ടനും ഇന്‍വെസ്റ്റിഗേറ്ററി പവേഴ്സ് ആക്ട് വഴി മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു ഭീഷണി സൃഷ്ടിക്കുന്ന നിയമമാണിത്.

മാധ്യമ പ്രവര്‍ത്തനം ലോകം മുഴുക്കെ വെല്ലുവിളി നേരിടുകയാണ്. മിക്ക രാഷ്ട്രങ്ങളിലും ഭാഗികമായോ പൂര്‍ണമായോ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം തടയപ്പെടുന്നു. വ്യാജ കേസുകള്‍ മുതല്‍ വധഭീഷണി വരെ പലവിധ ഭീഷണികളാണ് മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്നത്. അധികാര സ്ഥാനീയര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥാപന ഉടമകള്‍ക്കു തന്നെയും സ്വയം പണയം വെക്കാത്ത മാധ്യമ പ്രവര്‍ത്തനം നന്നേ ദുഷ്‌കരമാണ്. ജനാധിപത്യ രാജ്യങ്ങള്‍ പോലും മാധ്യമങ്ങളുടെ കാര്യത്തില്‍ ഉദാരമല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. കൊവിഡ് മഹാമാരി കാലത്ത് ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമായിരുന്നു. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇത് പ്രയാസങ്ങള്‍ സൃഷ്ടിച്ചു. അടുത്തിടെ ചീഫ് ജസ്റ്റിസ് എന്‍ വി രമണ നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. പണ്ട് അന്വേഷണാത്മക പത്രപ്രവര്‍ത്തനങ്ങളിലൂടെ നിരവധി അഴിമതി വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നിരുന്നു മാധ്യമങ്ങള്‍. ഇന്നിപ്പോള്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന ആശയം തന്നെ ഇല്ലാതാകുകയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ അധികാരി വര്‍ഗത്തില്‍ നിന്ന് നേരിടുന്ന ഭീഷണിയാണിതിനു കാരണമെന്നും അദ്ദേഹം വിലയിരുത്തി. മാധ്യമ നിരീക്ഷകരായ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് അഭിപ്രായപ്പെട്ടതു പോലെ വരും ദശാബ്ദങ്ങളില്‍ ജേര്‍ണലിസത്തിന്റെ ഭാവി കൂടുതല്‍ ദുഷ്‌കരമാകാനാണ് സാധ്യത.

---- facebook comment plugin here -----

Latest