league leaders against kunjalikkutty
സംസ്ഥാന പ്രവര്‍ത്തക സമിതിയിൽ വളഞ്ഞിട്ടാക്രമണം; കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കി
കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ഭരണപക്ഷത്താണോ പ്രതിപക്ഷത്താണോ എന്നു പോലും കുറ്റപ്പെടുത്തലുണ്ടായി.

കോഴിക്കോട് | മുസ്‌ലിം ലീഗ് യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കി. എറണാകുളത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. പാര്‍ട്ടിയോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നപ്പോഴാണ് കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയത്. യോഗത്തില്‍ കുഞ്ഞാലിക്കുട്ടി തീര്‍ത്തും ഒറ്റപ്പെട്ടു. പി കെ ബശീര്‍ ആണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് കെ എസ് ഹംസ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തുകയായിരുന്നു.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കും ചന്ദ്രിക മാനേജര്‍ സമീറിനുമെതിരെ മുഈനലി തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയായിരുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പി കെ ബശീര്‍ ചൂണ്ടിക്കാട്ടിയത്. ചന്ദ്രികയിലേക്ക് വരുന്ന പണം എങ്ങോട്ട് പോകുന്നു. പാര്‍ട്ടിയിലുള്‍പ്പെടെ വര്‍ഷങ്ങളായി ഈ സംവിധാനം തുടരുകയാണെന്നും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. തുടര്‍ന്നാണ് സെക്രട്ടറി കെ എസ് ഹംസ അതിരൂക്ഷമായ ഭാഷയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത് വന്നത്. പി കെ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ഭരണപക്ഷത്താണോ പ്രതിപക്ഷത്താണോ എന്നു പോലും കുറ്റപ്പെടുത്തലുണ്ടായി. നിയമസഭയില്‍ യു ഡി എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊപ്പം പി കെ കുഞ്ഞാലിക്കുട്ടി പോലും നില്‍ക്കില്ലെന്ന കെ ടി ജലീലിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം. ഇത്തരത്തില്‍ കെ ടി ജലീല്‍ വിമര്‍ശം നടത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടി മൗനം പാലിച്ചുവെന്നായിരുന്നു കെ എസ് ഹംസയുടെ ആക്ഷേപം.
സാദിഖലി തങ്ങളുടെ ജില്ലാ പര്യടനത്തില്‍ ഒരിക്കല്‍ പോലും സര്‍ക്കാറിനെയോ പിണറായിയേയോ വിമര്‍ശിക്കാന്‍ കുഞ്ഞാലിക്കുട്ടി തയ്യാറായില്ല എന്നതുള്‍പ്പെടെ വിമര്‍ശം കടുത്തപ്പോഴാണ് താന്‍ രാജിവച്ചൊഴിയാന്‍ സന്നദ്ധനാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയത്. അതേസമയം കെ എസ് ഹംസ രൂക്ഷ വിമര്‍ശനമുന്നയിക്കുമ്പോള്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ച് കൊണ്ടിരുന്നു. എന്നാല്‍ രാജി പ്രഖ്യാപനം നടത്തിയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് ആരും രംഗത്ത് വരാത്തത് ശ്രദ്ധേയമായി. അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി പോലുള്ള മൂന്നാം നിര നേതാക്കള്‍ മാത്രമേ അദ്ദേഹത്തെ പിന്തുണച്ചുള്ളൂ. സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നതാധികാര സമിതി നേതാക്കളാരും അദ്ദേഹത്തെ അനുകൂലിച്ച് മുന്നോട്ട് വന്നില്ല. പാര്‍ട്ടിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വരാന്‍ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുന്നത്.