Connect with us

National

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മാലിദ്വീപും ശ്രീലങ്കയും സന്ദര്‍ശിക്കും

മാലിദ്വീപുമായും ശ്രീലങ്കയുമായും അടുത്ത സൗഹൃദ ബന്ധത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് മുതല്‍ ഈ മാസം 30 വരെ മാലിദ്വീപിലും ശ്രീലങ്കയിലും സന്ദര്‍ശനം നടത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മാലിദ്വീപിലെത്തുന്ന ജയശങ്കര്‍ അദ്ദു നഗരം സന്ദര്‍ശിക്കും. പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹുമായും വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ഉഭയകക്ഷി വികസന സഹകരണം, ഇന്ത്യയുടെ പിന്തുണയുള്ള നിരവധി പ്രധാന പദ്ധതികളുടെ ഉദ്ഘാടനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാലിദ്വീപിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്നതും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതുമാകും കരാറുകള്‍.

മാലിദ്വീപില്‍ നിന്ന് തിങ്കളാഴ്ച ജയശങ്കര്‍, ആഭ്യന്തര കലഹം രൂക്ഷമായ ശ്രീലങ്കയിലെത്തും. 2021 ഡിസംബറില്‍ ശ്രീലങ്കന്‍ ധനമന്ത്രി തുളസി രാജപക്സെയുടെയും ഈ മാസത്തിന്റെ തുടക്കത്തിലും കഴിഞ്ഞ ഫെബ്രുവരിയിലും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ജി എല്‍ പീരിസിന്റെയും ഇന്ത്യാ സന്ദര്‍ശനങ്ങളെ തുടര്‍ന്നാണ് ജയശങ്കറിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം.

മാര്‍ച്ച് 29ന് കൊളംബോയില്‍ നടക്കുന്ന ബിംസ്റ്റെക് മന്ത്രിതല യോഗത്തിലും വിദേശകാര്യ മന്ത്രി പങ്കെടുക്കും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന സമുദ്ര അയല്‍ക്കാരാണ് മാലിദ്വീപും ശ്രീലങ്കയും എന്നും പ്രധാനമന്ത്രിയുടെ ‘സാഗര്‍’ ദര്‍ശനത്തിലും അയല്‍പക്ക പ്രഥമ നയത്തിലും ഇരു രാജ്യങ്ങള്‍ക്കും പ്രത്യേക സ്ഥാനമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മാലിദ്വീപുമായും ശ്രീലങ്കയുമായും അടുത്ത സൗഹൃദ ബന്ധത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനമെന്നും മന്ത്രാലയം അറിയിച്ചു.

 

---- facebook comment plugin here -----

Latest