Connect with us

covid vaccine

കയറ്റുമതി പുനരാരംഭിക്കും; വാക്സീൻ മൈത്രി

പ്രഥമ പരിഗണന അയൽ രാജ്യങ്ങൾക്ക്. ഉത്പാദനം കൂട്ടും

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ താത്കാലികമായി നിർത്തിവെച്ച വാക്‌സീൻ കയറ്റുമതി യജ്ഞമായ “വാക്‌സീൻ മൈത്രി’ പുനരാരംഭിക്കുന്നു. കൊവിഡ് വാക്‌സീൻ കയറ്റുമതി അടുത്ത മാസം മുതൽ പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് വാക്സീൻ നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ആവശ്യത്തിന് ശേഷം വരുന്ന വാക്‌സീൻ കയറ്റുമതി ചെയ്യും. അയൽരാജ്യങ്ങൾക്കാകും പ്രധാന പരിഗണന. അടുത്ത മാസം രാജ്യത്ത് മുപ്പത് കോടിയിലധികം ഡോസ് ഉത്പാദിപ്പിക്കും. മൂന്ന് മാസത്തിനുള്ളിൽ നൂറ് കോടിയിലധികം ഡോസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബയോളജിക്കൽ ഇ ഉൾപ്പെടെയുള്ള കമ്പനികളും ഉത്പാദനം ആരംഭിക്കുന്നതോടെ വാക്‌സീൻ ഉത്പാദനത്തിന്റെ തോത് ഉയരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് നൂറോളം രാജ്യങ്ങൾക്കായി 6.6 കോടി ഡോസ് വാക്‌സീൻ ഇന്ത്യ കയറ്റിയയച്ചിരുന്നു. രണ്ടാം തരംഗം രൂക്ഷമാകുകയും വാക്‌സീനും കൊവിഡ് പ്രതിരോധ സൗകര്യങ്ങളും ലഭ്യമാകാതെ വരികയും ചെയ്തതോടെ കയറ്റുമതിക്കെതിരെ രൂക്ഷ വിമർശമാണ് ഉയർന്നത്. ഇതേത്തുടർന്നാണ് കയറ്റുമതി നിർത്തിവെച്ചത്. നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുമുമ്പാണ് കയറ്റുമതി പുനരാരംഭിക്കുന്നത്. നേരത്തേ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ വാക്‌സീൻ കയറ്റുമതി പുനരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.