Connect with us

Kerala

മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാം; മുഖ്യമന്ത്രി പിണറായി വിജയന്‍

മതരാഷ്ട്ര വാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി മാനവികതയുടെ ശത്രു ഫാസിസമാണെന്നും പറഞ്ഞു

Published

|

Last Updated

കാസര്‍കോട് | ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ഇ കെ വിഭാഗം സംഘടിപ്പിച്ച ശതാബ്ദി സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതരാഷ്ട്ര വാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയ മുഖ്യമന്ത്രി മാനവികതയുടെ ശത്രു ഫാസിസമാണെന്നും അത് ലോകത്ത് എവിടെയാണെങ്കിലും ശക്തമായി എതിര്‍ത്തുപോകണമെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തെ മതനിരപേക്ഷ സമൂഹമായി വളര്‍ത്തിയെടുക്കുന്നതില്‍ നവോഥാന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് മതസംഘടനകളും വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ ഇത്തരം സംഘടനകള്‍ നിലകൊണ്ടു. വിശ്വാസസംബന്ധമായ പരിഷ്‌കരണങ്ങളില്‍ പോലും പ്രകോപനരഹിതമായി മാത്രം പെരുമാറി. അതെല്ലാം മതനിരപേക്ഷതയുടെ സംസ്‌കാരത്തെ വലിയ അളവില്‍ ശക്തിപ്പെടുത്തി.

മതനിരപേക്ഷ ശക്തികള്‍ക്കൊപ്പം നിന്നുകൊണ്ട് മാത്രമെ വര്‍ഗീയതയെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും വര്‍ഗീയതയ്ക്ക് വര്‍ഗീയതയല്ല മറുപടി എന്നുമൊക്കെയുള്ള നിലപാടുകള്‍ക്ക് വര്‍ത്തമാനകാല സാമൂഹിക അന്തരീക്ഷത്തില്‍ വലിയ പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമാണ്. ഇന്ത്യയുടെ ബഹുമത ഘടനയും ബഹുസ്വര സാംസ്‌കാരിക പൈതൃകവും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ഇവിടെ നടക്കുന്നുവെന്നത് ഗൗരവമായി കാണേണ്ടതുണ്ട്. ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു ഭക്ഷണരീതി, ഒരു വസ്ത്രധാരണ സമ്പ്രദായം എന്നിങ്ങനെ ഇന്ത്യയെ അതിന്റെ വൈവിധ്യം തകര്‍ത്ത് ഏകശിലാ രൂപത്തില്‍ വാര്‍ത്തെടുക്കാനാണ് ശ്രമം. എന്തുവിലകൊടുത്തും അതിനെ ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വത്തിന്റെ മാനദണ്ഡം വരെ മതമാക്കി വ്യവസ്ഥ ചെയ്യുന്ന കാലമാണിതെന്ന് ഓര്‍ക്കണം. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അനുവദിക്കാനാകില്ല. പൗരത്വത്തിന്റെ പേരില്‍ ചിലരെ പ്രത്യേകം ചില മുദ്രയടിച്ച് ജയിലില്‍ അടക്കണമെന്ന തിട്ടൂരം വരെ ഇറക്കുന്നു. അത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിക്കാത്ത നാടായി കേരളം നിലനില്‍ക്കുന്നു. കേരളത്തില്‍ പൗരത്വത്തിന്റെ പേരില്‍ ഒരാളെയും തടങ്കല്‍ പാളയത്തില്‍ അടക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് ആവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുണിയയില്‍ നടന്ന നൂറാം വാര്‍ഷിക സമാപന സമ്മേളനം അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ പ്രൊഫ. ഡോ. സലാമ ജുമുഅ അലി ദാവൂദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. സാദിഖലി ശിഹാബ് തങ്ങള്‍, എം കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് അലിയ്യുല്‍ ഹാശിമി, ഹമദ് സാമി ഹുസൈന്‍ റാഷിദ് അദ്ദൗസരി ബഹ്റൈന്‍, അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഹസന്‍, ഇറാഖ് ഗ്രാന്റ് മുഫ്തി ഡോ. റാഫിഅ് ത്വാഹാ രിഫാഈ, മുഹമ്മദ് കോയ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി മുക്കം, കെ മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പി എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എം ടി അബ്ദുല്ല മുസ്ലിയാര്‍, എം എ യൂസുഫലി, ഇബ്റാഹിം അഹമ്മദലി ഹാജി ഷാര്‍ജ പ്രസംഗിച്ചു.

പെരുന്നാളുകള്‍ക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.