Connect with us

interview

പരീക്ഷണ കവിതകളെ പടിക്ക് പുറത്ത് നിർത്തുന്നു

വലിയ പരീക്ഷണങ്ങളൊന്നും മലയാള കവിതയിൽ ഇന്നും ഉണ്ടായിട്ടില്ല. കവിതകളെ നിയന്ത്രിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളാണ്. കവികൾ പരീക്ഷണങ്ങൾക്ക് മുതിർന്നാലും അത് സാധ്യമാകണമെന്നില്ല. ഇന്നും മലയാള കവിത പഴയ വൃത്തഘടനയിലേക്കാണ് തിരിച്ചു നടക്കുന്നത്.

Published

|

Last Updated

? താങ്കൾ എത്രാമത്തെ വയസ്സിലാണ് ആദ്യ രചന നടത്തുന്നത്? അതിനും മുമ്പ് ചെറു പ്രായത്തിലെ വീടും നാടുമായി ബന്ധപ്പെട്ട ഓർമകൾ എന്തൊക്കെയാണ്? വീട്ടിലെ വായനക്കാർ, നാട്ടിലെ വായനശാലകൾ…..

ആദ്യ കവിത എന്നതിലുപരി ആദ്യ രചന എന്ന് പറയുന്നതാവും ശരി. ഒരേ കാലത്ത് തന്നെ കഥയും കവിതയും സാഹിത്യത്തിലെ മറ്റിതര സർഗാത്മക രചനകളും നിർവഹിച്ചിരുന്നു. യു പി സ്കൂൾ പഠനം മുതൽ ചെറുതായി എഴുതിത്തുടങ്ങിയിരുന്നു. ഹൈസ്കൂൾ തലത്തിൽ എത്തിയപ്പോഴേക്കും അതിന് കാര്യഗൗരവം വന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഡിറ്റക്ടീവ് നോവലെഴുതിയത് ഓർമയിലുണ്ട്. 80 കൾ അപസർപ്പക നോവലുകളുടെ കാലമായിരുന്നല്ലോ. അതിൽ നിന്നും പ്രചോദനം കൊണ്ടാണ് ആ നോവൽ എഴുതിയത്. ക്ലാസിലെ കൈയെഴുത്ത് മാസികയിലാണ് അത് വെളിച്ചം കണ്ടത്.

വീട്ടിൽ അക്ഷരജ്ഞാനത്തിന്റെ ഒരു പിൻബലമുണ്ടായിരുന്നില്ല. ഉപ്പാക്കും ഉമ്മാക്കും എഴുത്ത് അറിയില്ലായിരുന്നു. പിന്നീട് ഉമ്മ സാക്ഷരതാ ക്ലാസിൽ പോയി വായിക്കാൻ പഠിച്ചു. എന്നാലും മനോഹരമായ ഉപമകളും ഉൽപ്രേക്ഷകളും പ്രയോഗിക്കാൻ അസാമാന്യ കഴിവുണ്ടായിരുന്നു ഉമ്മാക്ക്.

നാട്ടിൽ വായനശാലകൾ ഉണ്ടായിരുന്നില്ല. നാലും അഞ്ചും കിലോമീറ്റർ നടന്നാണ് പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിച്ചിരുന്നത്. അന്നെനിക്ക് മൂന്ന് ഗ്രന്ഥാലങ്ങളിൽ മെന്പർഷിപ്പ് ഉണ്ടായിരുന്നു.

? കവിതയിൽ ആരാണ് ഗുരു? സ്വാധീനിച്ച കവി

കവിതയിൽ ആരും ഗുരുക്കന്മാരായില്ല. എന്നാൽ ഓരോ പുതിയ കവി പോലും ആ സ്ഥാനത്ത് ഉണ്ടുതാനും.

? പ്രസിദ്ധമായ അറ്റ്്ലസ് – കൈരളി അവാർഡ് , കല അവാർഡ് , കുഞ്ഞുണ്ണി മാഷ് പുരസ്കാരം, അംബേദ്കർ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ താങ്കളുടെ കവിതകളെ തേടിവന്നെങ്കിലും അവാർഡുകളിൽ കള്ളനാണയങ്ങൾ വർധിച്ചു വരുന്നത് താങ്കളെ പോലുള്ള കവികൾ മനഃപുർവം കാണാതിരിക്കുകയാണോ? തങ്ങൾക്കു കിട്ടിയ അവാർഡ് സത്യസന്ധമാണ് എന്ന് വായനക്കാരോട് വിളിച്ചു പറയേണ്ട ഗതികേട് എഴുത്തുകാർക്കുണ്ടോ?

പുരസ്കാരങ്ങൾ പലതും തട്ടിക്കൂട്ടു പ്രസ്ഥാനങ്ങളായി മാറുന്ന ഒരു കാലമാണിത്. പലർക്കുമിത് പണമുണ്ടാക്കാനുള്ള ഉപാധികൾ മാത്രം. ഒട്ടും സത്യസന്ധമല്ലാത്തതാണിവയിൽ പലതും. പുതിയ എഴുത്തുകാരാണ് ഈ കെണിയിൽ വന്നു വീഴുന്നത്. എളുപ്പത്തിൽ പേരെടുക്കാൻ മത്സരിക്കുന്ന ഒരു ലോകമാണിന്ന് എഴുത്ത് ലോകം. അതിനെ ചൂഷണം ചെയ്യാൻ കഴുകൻ കണ്ണുമായ് ചുറ്റിലും അവാർഡ് ദാതാക്കളുണ്ട്. യഥാർഥ പുരസ്കാരങ്ങളെ കൊഞ്ഞനം കുത്തുന്ന ഏർപ്പാടാണിത്. ഇത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

?ഏകദേശം 43 വർഷമായി താങ്കൾ എഴുത്തിന്റെ വഴിയിലുണ്ട്. 80ൽ തുടങ്ങി 2023ൽ എത്തിയപ്പോൾ താങ്കളിലെ കവിതയിലും മലയാള കവിതയിലും എന്തെന്തു മാറ്റങ്ങളുണ്ടായെന്നാണ് താങ്കൾ കരുതുന്നത്?

വലിയ മാറ്റങ്ങൾ ഈ നീണ്ട വർഷത്തിനുള്ളിൽ സംഭവിച്ചിട്ടുണ്ട്. 300ൽ പരം കവിതകൾ അച്ചടിച്ചു വന്നതായി എന്റെതായുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിലാണിത്. പല കവിതകളും തമിഴിലും ഇംഗ്ലീഷിലും വിവർത്തനം ചെയ്യപ്പെട്ടു. കവിതയുടെ എണ്ണപ്പെരുപ്പമുണ്ടെങ്കിലും സമാഹാരങ്ങൾ കുറവാണ്. ഡി സി അടക്കം പുസ്തകമിറക്കിയതാണ് ഒരു ആഹ്ലാദം. മലയാള കവിതയുടെ മാറ്റങ്ങൾ കാണുകയും അതിനോട് ചേർന്നു നിൽക്കാൻ എന്നും ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്.

?താങ്കളെ ഏറെ സ്പർശിച്ച കവിത “ഉപ്പ’യാണെന്നു പറയുന്നു?

ഉപ്പയുടെ മരണമാണ് എന്നെ ഏറെ വേദനിപ്പിച്ചത്. ഞാനന്ന് വിദേശത്താണ്. ഉപ്പയില്ലാതായതിന്റെ സങ്കടത്തിൽ നിന്നാണ് “ഉപ്പ’ എന്ന കവിത എഴുതുന്നത്. ഡി സി ഇറക്കിയ സമാഹാരത്തിൽ ആ കവിതയുണ്ട്. ആ കവിത വായിച്ച് എന്നേക്കാൾ സങ്കടപ്പെട്ടവർ ഏറെയുണ്ട്. പലരും ഇപ്പോഴും കാണുമ്പോൾ ആ കവിതയെക്കുറിച്ച് പറയും.

? താങ്കൾ ധാരാളം യാത്ര ചെയ്തിട്ടുണ്ടല്ലോ. ഇപ്പോഴും യാത്രകൾ പതിവാണ്. കവിത എഴുത്തിനെ ഇത് സ്വാധീനിച്ചിട്ടുണ്ടോ
ചെറിയ പ്രായത്തിൽ തന്നെ ധാരാളം യാത്രകൾ ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജീവിത പ്രാരാബ്ധങ്ങളെ മറികടക്കാനായിരുന്നു ഈ യാത്രകളെല്ലാം. 30 വയസ്സിനുള്ളിൽ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ചുറ്റിസഞ്ചരിച്ചിട്ടുണ്ട്. എഴുത്തിന് ഇത് വലിയ പ്രചോദനം നൽകി.

? മലയാള കവിതയിലുണ്ടായ കാതലായ മാറ്റത്തെ കവിയും വിവർത്തകനുമായ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്

വലിയ പരീക്ഷണങ്ങളൊന്നും മലയാള കവിതയിൽ ഇന്നും ഉണ്ടായിട്ടില്ല. കവിതകളെ നിയന്ത്രിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങളാണ്. കവികൾ പരീക്ഷണങ്ങൾക്ക് മുതിർന്നാലും അത് സാധ്യമാകണമെന്നില്ല. ഇന്നും മലയാള കവിത പഴയ വൃത്തഘടനയിലേക്കാണ് തിരിച്ചുനടക്കുന്നത്. പലരും ആ വഴിക്ക് തന്നെ സഞ്ചരിക്കുന്നു. പരീക്ഷണ കവിതകളെ പടിക്ക് പുറത്ത് നിർത്തുന്നു. വിദേശ കവിതകളുമായുള്ള അടുപ്പമില്ലായ്മ പുതുമുറക്കവികളുടെ ഒരു പോരായ്മയായി തോന്നിയിട്ടുണ്ട്.

Latest