Connect with us

Articles

നീതിപീഠ ഇടപെടലുകളിലെ പ്രതീക്ഷകള്‍

നമ്മുടെ ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും ശരിയായ കാഴ്ചപ്പാടുള്ള ന്യായാധിപര്‍ തന്നെയാണ് കോടതികളെ ഇപ്പോഴും നിയന്ത്രിക്കുന്നത് എന്ന തിരിച്ചറിവ് കൂടെയാണ് ഭരണഘടനാ പൊരുള്‍ ഉള്‍ക്കൊണ്ടുള്ള നീതിപീഠ ഇടപെടലുകള്‍ നല്‍കുന്നത്. പ്രതീക്ഷയുടെ ചെറു സ്ഫുലിംഗങ്ങള്‍ പ്രകാശിപ്പിക്കുന്ന അത്തരം വര്‍ത്തമാനങ്ങള്‍ വേറെയുമുണ്ട്.

Published

|

Last Updated

‘ഞങ്ങളുടെ ജനസംഖ്യ 140 കോടിക്കടുത്താണ്. 120ഓളം ഭാഷകളും ഉപഭാഷകളും ഞങ്ങള്‍ക്കുണ്ട്. 4,000ത്തില്‍ അധികം സമുദായങ്ങളും 700ല്‍ അധികം ഗോത്രങ്ങളും. 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും. ഓരോന്നിനും വേറിട്ട സവിശേഷതകളുള്ള നിരവധി പ്രദേശങ്ങളുണ്ട്. സാമൂഹികവും ഭൂമിശാസ്ത്രപരവുമായ ഈ വൈവിധ്യങ്ങള്‍ ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലും പ്രതിഫലിക്കണം’. സുപ്രീം കോടതി ബഞ്ചില്‍ ഉണ്ടാകേണ്ട വ്യത്യസ്ത വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചും നീതിന്യായ വ്യവസ്ഥയുടെ ജനാധിപത്യവത്കരണത്തെക്കുറിച്ചും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ കഴിഞ്ഞ ഏപ്രില്‍ 11ന് നടത്തിയ അഭിപ്രായ പ്രകടനമാണിത്. ലോകത്തെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ സുപ്രീം കോടതികളുടെ താരതമ്യ സമീപനം എന്ന പ്രമേയത്തില്‍ യു എസ് സുപ്രീം കോടതി ജഡ്ജി സ്റ്റീഫന്‍ ബ്രെയറുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് മുഖ്യ ന്യായാധിപന്‍ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്.

ഇന്ത്യന്‍ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വലിയ രീതിയില്‍ പോറലേറ്റുകൊണ്ടിരിക്കുന്ന വിപത്സന്ധിയില്‍ പരമോന്നത നീതിപീഠത്തിന് ഭാരിച്ച ഉത്തരവാദിത്വമാണുള്ളത്. എന്നാല്‍ നീതിപീഠം ഏറെക്കുറെ മൂകസാക്ഷിയാണെന്ന വിമര്‍ശമാണ് സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തില്‍ ഘനീഭവിച്ചു നില്‍ക്കുന്നത്. രാജ്യം ഭരിക്കുന്നവരുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങളെ നേര്‍ക്കുനേര്‍ പരിശോധനക്ക് വിധേയമാക്കാതെ മുട്ടാപ്പോക്ക് നയം സ്വീകരിച്ചാണ് നമ്മുടെ കോടതികള്‍ ഇപ്പോള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഭരണഘടനാപരമായി സവിശേഷ പ്രാധാന്യമുള്ള നിയമ വ്യവഹാരങ്ങളില്‍ പോലും ഭരണഘടനാ മൂല്യങ്ങളുടെ ബലത്തില്‍ തുറന്ന സമീപനത്തോടെ തീര്‍പ്പു കല്‍പ്പിക്കാന്‍ ന്യായാസനങ്ങള്‍ക്ക് കഴിയാതെ പോകുന്നു. അത്തരമൊരു ഘട്ടത്തിലും എന്താണ് ഇന്ത്യയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നമ്മുടെ മുഖ്യ ന്യായാധിപന്‍. രാഷ്ട്രഗാത്രമാസകലം ബഹുസ്വരമാണ് എന്നാണല്ലോ യു എസ് സുപ്രീം കോടതി ജഡ്ജിയുമായുള്ള സംഭാഷണത്തില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ അങ്ങനെ വിശ്വസിക്കുന്നവര്‍ക്ക് ഇന്ത്യയെ ഏകശിലാത്മകമാക്കാന്‍ ഭഗീരഥ യത്നം നടത്തുന്ന ഭരണകൂട അജന്‍ഡയുമായി ഒത്തുപോകാന്‍ കഴിയില്ല. എന്നിരിക്കെ നീതിപീഠങ്ങളില്‍ ദൃശ്യമാകുന്ന ഭരണഘടനാ വ്യതിചലനം നിസ്സഹായതയില്‍ നിന്ന് ഉണ്ടാകുന്നതാണെന്ന് വേണം മനസ്സിലാക്കാന്‍.

നീതിപീഠം വലിയ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്ന് പറയാന്‍ ജഹാംഗീര്‍പുരിയിലെ ഭരണകൂട ഇടപെടല്‍ മാത്രം മതി. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് അവഗണിച്ച് മുന്നോട്ട് പോകാനുള്ള ശ്രമം അരങ്ങേറിയത് രാജ്യവും ലോകവും കണ്ടുകൊണ്ടിരിക്കെ പകല്‍ വെളിച്ചത്തിലാണ്. അപ്പോഴും നമ്മുടെ ജുഡീഷ്യറിയുടെ ശക്തിയും സ്വാധീനവും അല്‍പ്പമെങ്കിലും ബോധ്യപ്പെടുത്താനുള്ള ആര്‍ജവം സുപ്രീം കോടതിയില്‍ നിന്നുണ്ടായി എന്നത് ശുഭോദര്‍ക്കമാണ്. നമ്മുടെ ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും ശരിയായ കാഴ്ചപ്പാടുള്ള ന്യായാധിപര്‍ തന്നെയാണ് കോടതികളെ ഇപ്പോഴും നിയന്ത്രിക്കുന്നത് എന്ന തിരിച്ചറിവ് കൂടെയാണ് ഭരണഘടനാ പൊരുള്‍ ഉള്‍ക്കൊണ്ടുള്ള നീതിപീഠ ഇടപെടലുകള്‍ നല്‍കുന്നത്. പ്രതീക്ഷയുടെ ചെറു സ്ഫുലിംഗങ്ങള്‍ പ്രകാശിപ്പിക്കുന്ന അത്തരം വര്‍ത്തമാനങ്ങള്‍ വേറെയുമുണ്ട്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോയ വാരം അമൃത്സറിലെ പ്രസിദ്ധമായ പാര്‍ട്ടീഷ്യന്‍ മ്യൂസിയം സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. വിഭജനത്തിനുള്ള ഏത് ശ്രമങ്ങള്‍ക്കെതിരെയും നാം എപ്പോഴും ജാഗ്രത പുലര്‍ത്തണമെന്നായിരുന്നു സന്ദര്‍ശനത്തിനിടെ അദ്ദേഹം പ്രതികരിച്ചത്. ഇന്ത്യയെന്നത് കേവല ഭൂമിശാസ്ത്രപരമായ അതിരുകളല്ലെന്നും അതിന് അസ്തിവാരമിട്ട ശ്രേഷ്ഠമായ ഒരാശയമുണ്ടെന്നും അപരത്വ നിര്‍മിതികളും അതിന്റെ ഉത്പന്നമായ വര്‍ഗീയ വിഭജനവും ചെറുത്തു തോല്‍പ്പിക്കേണ്ടതാണെന്നുമുള്ള ബോധ്യം പങ്കുവെക്കുകയാണ് മുഖ്യ ന്യായാധിപനെങ്കില്‍ അത് ചെറിയ കാര്യമല്ല. പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപരില്‍ നിന്ന് സമീപ കാലത്ത് കേള്‍ക്കാന്‍ സാധിക്കാത്ത ശബ്ദമാണിപ്പോള്‍ പലകുറി കേട്ടുകൊണ്ടിരിക്കുന്നത്.

ഭരണഘടനാപരമായി അതിപ്രധാനവും രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ ചലനങ്ങളെ നിര്‍ണായകമായി സ്വാധീനിക്കുന്നതുമായ നിയമ വ്യവഹാരങ്ങള്‍ തീര്‍പ്പ് കാത്തുനില്‍ക്കുന്നുണ്ട് സുപ്രീം കോടതിയില്‍. പൗരത്വ ഭേദഗതി നിയമം, ഐ ടി റൂള്‍സ് 2021, ക്രിമിനല്‍ പ്രൊസീജ്യര്‍ (ഐഡന്റിഫിക്കേഷന്‍) ആക്ട് 2022 തുടങ്ങിയ വ്യത്യസ്ത തലങ്ങളിലുള്ള നിയമ വ്യവഹാരങ്ങളാണവ. അതിലൊന്നും യഥോചിതം വിചാരണ നടത്താനോ വ്യക്തതയുള്ള വിധി പുറപ്പെടുവിക്കാനോ പരമോന്നത നീതിപീഠത്തിന് സാധിക്കുന്നില്ല എന്നത് ന്യായാസനങ്ങളില്‍ ആശയറ്റ വലിയൊരു സമൂഹത്തെ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട് എന്നത് നേരാണ്. നിര്‍ണായക നിയമ വ്യവഹാരങ്ങളെ സ്പര്‍ശിക്കാതെ മുഖ്യ ന്യായാധിപര്‍ കാലം കഴിക്കുന്നെന്നും ഒടുവില്‍ ബാറ്റണ്‍ കൈമാറുന്ന പലരും അടുത്തൂണ്‍ പറ്റുന്നത് ഭരണകൂട ചെലവിലാണെന്നതും വാസ്തവമാണ്.
എന്നാല്‍ ഏറ്റവും പ്രധാനമായ രണ്ട് നിയമ വ്യവഹാരങ്ങളില്‍ വിചാരണ ആരംഭിക്കാനുള്ള സന്നദ്ധത പോയ വാരങ്ങളില്‍ ചീഫ് ജസ്റ്റിസ് അറിയിച്ചത് പ്രതീക്ഷ പകരുന്നതാണ്. ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിശിഷ്യാ രാജ്യം ഭരിക്കുന്നവര്‍ക്ക് വലിയ രീതിയില്‍ രാഷ്ട്രീയ സംഭാവനകള്‍ സ്വീകരിക്കാന്‍ കൊണ്ടുവന്ന സംവിധാനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്നതാണ് അതിലൊന്ന്. രാജ്യത്ത് അടിക്കടി തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇലക്ടറല്‍ ബോണ്ടിന്റെ ഭരണഘടനാപരത ഏറ്റവും വേഗത്തില്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.

ജമ്മു കശ്മീരില്‍ വന്‍തോതിലുള്ള വികസന ഘോഷമാണ് പ്രധാനമന്ത്രി മുഴക്കിയിരിക്കുന്നത്. എന്നെ വിശ്വസിക്കൂ, ഞാന്‍ നിങ്ങളുടെ ജീവിതനിലവാരമുയര്‍ത്തും എന്നൊക്കെയാണ് പ്രധാന സേവകന്റെ വായ്ത്താരി. എന്നാല്‍ ആ ജനതയെ തെല്ലും വിശ്വാസത്തിലെടുക്കാതെയാണ് കശ്മീരിന്റെ സവിശേഷ ഭരണഘടനാ പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് എന്ന കാര്യം പ്രധാനമന്ത്രി ബോധപൂര്‍വം വിസ്മരിക്കുന്നു. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ സവിശേഷ പദവി 370ാം ഭരണഘടനാനുഛേദം റദ്ദാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. താഴ് വരയില്‍ നടത്തിയ അസാധാരണ സൈനിക ഇടപെടലുകളില്‍ കാണാതായവരെ തേടി സുപ്രീം കോടതിയില്‍ നിരവധി ഹേബിയസ് കോര്‍പസ് ഹരജികള്‍ സമര്‍പ്പിച്ചതില്‍ അവധാനതയോടെ നടപടി സ്വീകരിക്കാന്‍ നീതിപീഠത്തിനായില്ല എന്ന വിമര്‍ശം അന്താരാഷ്ട്ര തലത്തില്‍ തന്നെയുണ്ടായി. ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ വേനലവധിക്ക് ശേഷം വിചാരണ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. നേരത്തേ ഉണ്ടായിരുന്ന അഞ്ചംഗ ബഞ്ച് പുനഃസംഘടിപ്പിച്ചായിരിക്കും ഹരജികള്‍ കേള്‍ക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചത് ചില ദിശാമാറ്റങ്ങളുടെ തുടക്കമായി കരുതാം. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഭരണകൂട ദാസ്യം പ്രഖ്യാപിച്ച ന്യായാധിപരിലൂടെ അല്ല ഇന്ത്യന്‍ ജുഡീഷ്യറി അതിജീവിച്ചത്. സമരസപ്പെടാത്ത ചുരുക്കം ചില ന്യായാധിപ പ്രമുഖരിലൂടെയാണ്. അതിനിനിയും തുടര്‍ച്ച ഉണ്ടാകുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം.

 

---- facebook comment plugin here -----

Latest