Editorial
തിരഞ്ഞെടുപ്പ് പ്രചാരണം വര്‍ഗീയവത്കരിക്കരുത്
പ്രശ്നം വര്‍ഗീയവത്കരിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷമാക്കരുത്. വഖ്ഫ് സംബന്ധിച്ച ഇസ്‌ലാമിക നിയമത്തെക്കുറിച്ച് അറിയാത്ത രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയ ലാഭത്തിനായി അഭിപ്രായപ്രകടനം നടത്തി രംഗം വഷളാക്കുകയുമരുത്.
നാടിന്റെ വികസന, ജനക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച് വോട്ട് തേടുന്നതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശരിയായ രീതി. മുന്‍കാല രാഷ്ട്രീയ നേതൃത്വങ്ങള്‍ സ്വീകരിച്ചിരുന്നതും ഈ ജനാധിപത്യ മാര്‍ഗമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തെ വര്‍ഗീയവത്കരിച്ച് മതവികാരം ഇളക്കിവിട്ട് വോട്ട് തേടുന്നതാണ് ബി ജെ പി ശൈലി. നേരത്തേ അയോധ്യയും രാമക്ഷേത്രവുമൊക്കെയായിരുന്നു അവരുടെ പ്രകടനപത്രികയിലെ മുഖ്യ അജന്‍ഡ. അയോധ്യയിലെ ബാബരി മസ്ജിദ് വഖ്ഫ് ഭൂമി കേന്ദ്രാധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് കൈയടക്കിയതോടെ ഏക സിവില്‍ കോഡ്, വഖ്ഫ് നിയമ ഭേദഗതി തുടങ്ങി മുസ്‌ലിം സമുദായത്തെ സാംസ്‌കാരികമായും സാമ്പത്തികമായും തകര്‍ക്കുന്ന പ്രശ്‌നങ്ങളിലേക്ക് പാര്‍ട്ടി തിരിഞ്ഞു. വയനാട് ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും ഇതേ പ്രചാരണ തന്ത്രമാണ് അവര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന എറണാകുളം ജില്ലയിലെ മുനമ്പത്തെ വഖ്ഫ് ഭൂമി സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിലെ വഖ്ഫ് സമ്പ്രദായത്തെ അധിക്ഷേപിക്കുകയും കിരാതമായി ചിത്രീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കമ്പളക്കാട്ട് സംഘടിപ്പിച്ച പ്രചാരണ യോഗത്തില്‍ ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെയും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെയും പ്രസംഗം. ഇംഗ്ലീഷില്‍ നാലക്ഷരത്തില്‍ ഒതുങ്ങുന്ന കിരാതമെന്നാണ് വഖ്ഫിനെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ആ “കിരാത’ത്തെ ഒതുക്കുക തന്നെ ചെയ്യുമെന്ന് മോദി സര്‍ക്കാറിന്റെ പരിഗണനയിലുള്ള വഖ്ഫ് ഭേദഗതി ബില്ലിനെ സൂചിപ്പിച്ച് സുരേഷ് ഗോപി പറഞ്ഞു. ശബരിമലയുടെ പതിനെട്ടാം പടിക്കു താഴെ കിടക്കുന്ന വാവര്, താനിത് വഖ്ഫിനു കൊടുത്തുവെന്നു പറഞ്ഞാല്‍ ശബരിമല വഖ്ഫിന്റേതാകുകയും അയ്യപ്പന്‍ ശബരിമലയില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടി വരികയും ചെയ്യുമെന്നായിരുന്നു മുനമ്പം വിഷയം പരാമർശിച്ച് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
കൊച്ചി മട്ടാഞ്ചേരിക്കാരനായിരുന്ന സിദ്ദീഖ് സേട്ട് ഫാറൂഖ് കോളജിന്റെ നടത്തിപ്പിന് വഖ്ഫായി തീരെഴുതിക്കൊടുത്തതാണ് തര്‍ക്കത്തിലിരിക്കുന്ന മുനമ്പത്തെ ഭൂമി. 1950 നവംബര്‍ ഒന്നിന് ഇടപ്പള്ളി രജിസ്ട്രാഫീസില്‍ ഫാറൂഖ് കോളജിനു വേണ്ടി സ്ഥാപനത്തിന്റെ അന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് ഖാന്‍ ബഹാദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബിന് വഖ്ഫായി നല്‍കിയതാണ് ഭൂമിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 404.76 ഏക്കര്‍ വരുന്ന പ്രസ്തുത ഭൂമിയും അതില്‍പ്പെട്ട വകകളും ആദായവും ഫാറൂഖ് കോളജിന്റെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കായല്ലാതെ ഉപയോഗിക്കരുതെന്നും ഭാവിയില്‍ കോളജ് പ്രവര്‍ത്തനം ഇല്ലാതാകുകയാണെങ്കില്‍ ഭൂമി മടക്കിക്കിട്ടാന്‍ തനിക്കും പിന്തുടര്‍ച്ചാവകാശികള്‍ക്കും അധികാരമുണ്ടായിരിക്കുമെന്നും ആധാരത്തില്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്.
പില്‍ക്കാലത്ത് കോളജ് ഭൂമി പാട്ടത്തിനെടുത്ത ചിലര്‍ തിരിച്ചുനല്‍കാതെ പിടിച്ചുവെച്ചു. ചിലര്‍ വ്യാജരേഖകള്‍ ചമച്ചും സ്വന്തം പേരില്‍ കരം അടച്ചും ഭൂമി കൈവശപ്പെടുത്തി. ഇതിനെതിരെ വഖ്ഫ് ബോർഡ് നടപടി സ്വീകരിച്ചു. വര്‍ഷങ്ങള്‍ നീണ്ട നിയമ വ്യവഹാരങ്ങള്‍ക്കൊടുവില്‍ റവന്യൂ രേഖകള്‍ നല്‍കുന്നതും കരം സ്വീകരിക്കുന്നതും തടഞ്ഞു കൊണ്ട് ഹൈക്കോടതി ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ വഖ്ഫ് ഭൂമിയിലെ താമസക്കാര്‍ സമരവുമായി രംഗത്തിറങ്ങി. വിലകൊടുത്ത് വാങ്ങി വര്‍ഷങ്ങളായി താമസിച്ചു വരുന്ന ഭൂമി വഖ്ഫ് ബോര്‍ഡ് കൈയേറാന്‍ ശ്രമിക്കുന്നുവെന്ന വാദമുയർത്തിയാണ് സമരം. ഒരു ഇസ്‌ലാംമത വിശ്വാസി ഇസ്‌ലാമിക മാര്‍ഗത്തില്‍ വഖ്ഫ് ചെയ്ത ഭൂമി പിന്നീട് ഒരു വിധേനയും വില്‍പ്പന നടത്താനോ മറ്റൊരാള്‍ക്ക് അധീനപ്പെടുത്താനോ പാടില്ലെന്നാണ് നിയമം. ആരെങ്കിലും അധീനപ്പെടുത്തിയാല്‍ അത് തിരിച്ചു പിടിക്കേണ്ടത് വഖ്ഫ് ബോര്‍ഡിന്റെ ബാധ്യതയാണ്. അതാണ് വഖ്ഫ് ബോര്‍ഡ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഇത് കിരാതമല്ല. ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ നിന്നു കൊണ്ടുള്ള തികച്ചും ന്യായമായ പ്രവര്‍ത്തനമാണ്. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ “ഒറ്റതന്ത’ പ്രയോഗം നടത്തി അധിക്ഷേപിക്കുന്നതും മാധ്യമങ്ങള്‍ക്കു നേരെ അനാവശ്യമായി എടുത്തു ചാടുന്നതും പൂരം കലക്കി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതുമൊക്കെയാണ് കിരാതം.
അതേസമയം, വര്‍ഷങ്ങളായി വിവാദ ഭൂമിയില്‍ താമസിച്ചു വരുന്ന കുടുംബങ്ങൾ വഴിയാധാരമാകാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിനുള്ള അവരുടെ അവകാശം മാനിക്കേണ്ടതുമാണ്. ഇതിനു വഴി കാണേണ്ടത് സര്‍ക്കാറും രാഷ്ട്രീയ നേതൃത്വങ്ങളുമാണ്. നിര്‍ദിഷ്ട ഭൂമിയിലെ താമസക്കാരുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അവരെ വഴിയാധാരമാക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്്. തിടുക്കപ്പെട്ട നടപടികളുണ്ടാകില്ലെന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡും നിലപാടെടുത്തിട്ടുണ്ട്്. വിഷയത്തില്‍ കോടതി തീരുമാനമെടുക്കട്ടെയെന്നാണ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത്. വഖ്ഫിന്റെയും ദേവസ്വത്തിന്റെയും അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ വേണ്ടിയുള്ള നിയമ നടപടികള്‍ കേരളത്തില്‍ ആദ്യമായല്ല. അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിയുടെ തീര്‍പ്പുകള്‍ക്ക് കാത്തിരിക്കുക തന്നെയാണ് അഭികാമ്യം. അതിന് പകരം പ്രശ്‌നം വര്‍ഗീയവത്കരിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷമാക്കരുത്. ദയവു ചെയ്ത് വഖ്ഫ് സംബന്ധിച്ച ഇസ്‌ലാമിക നിയമത്തെക്കുറിച്ച് അറിയാത്ത രാഷ്ട്രീയ നേതാക്കള്‍ രാഷ്ട്രീയ ലാഭത്തിനായി അഭിപ്രായപ്രകടനം നടത്തി രംഗം വഷളാക്കുകയുമരുത്. മതകാര്യങ്ങളിലും മതസംഘടനകള്‍ക്കിടയില്‍ ഉടലെടുക്കുന്ന അഭിപ്രായഭിന്നതകളിലും വലിഞ്ഞു കേറി അഭിപ്രായം പറയാറുണ്ട് ചില രാഷ്ട്രീയ നേതൃത്വങ്ങള്‍. പ്രശ്‌നം സങ്കീര്‍ണമാകുകയായിരിക്കും അനന്തര ഫലം. അതാണ് അനുഭവവും.