Kerala
കെ സുധാകരനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും
കള്ളപ്പണ ഇടപാടാണ് ഇ ഡി അന്വേഷിക്കുന്നത്.

കൊച്ചി| മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരുന്നതെങ്കിലും അസൗകര്യമുള്ളതിനാൽ 22ന് ഹാജരാകാമെന്ന് അദ്ദേഹം ഇ ഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. സുധാകരൻ ഇന്ന് ഹാജരാകുമെന്ന് ഇ ഡി വൃത്തങ്ങൾ വ്യക്തമാക്കി.
വിദേശത്ത് നിന്നുമെത്തുന്ന രണ്ടര ലക്ഷം കോടി രൂപ ലഭിക്കുന്നതിനുള്ള തടസ്സം നീക്കുന്നതിന് ഡൽഹിയിൽ ഇടപെടൽ നടത്തുമെന്ന കെ സുധാകരന്റെ ഉറപ്പ് വിശ്വസിച്ച് 25 ലക്ഷം രൂപ മോൻസന് നൽകി വഞ്ചിതരായെന്നും ഇതിൽ പത്ത് ലക്ഷം രൂപ കെ സുധാകരൻ കൈപ്പറ്റിയെന്നുമാണ് പരാതിക്കാർ ആരോപിച്ചിരിക്കുന്നത്.
കള്ളപ്പണ ഇടപാടാണ് ഇ ഡി അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് കേസിൽ സുധാകരൻ രണ്ടാം പ്രതിയാണ്. സുധാകരന് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്.