Connect with us

National

സാമ്പത്തിക സംവരണം: ഭരണഘടനാ ഭേദഗതിക്ക് എതിരായ ഹർജികളിൽ തിങ്കളാഴ്ച സുപ്രിം കോടതി വിധി പറയും

സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നാണ് ഹർജിക്കാരുടെ വാദം.

Published

|

Last Updated

ന്യൂഡൽഹി | സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങൾക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനയുടെ 103-ാം ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളിൽ തിങ്കളാഴ്ച സുപ്രീം കോടതി വിധി പറയും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചാണ് കേസിൽ വിധി പറയുക.

എഴ് ദിവസം തുടർച്ചയായി കേസിൽ കോടതി വാദം കേട്ടു. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തിൽ പ്രത്യേക പരിരക്ഷ നൽകുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്നാണ് ഹർജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹികശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു. ഭേദഗതി റദ്ദാക്കിയാൽ അത് രാജ്യത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കും.

2019 ജനുവരിയിൽ പാർലമെന്റ് പാസാക്കിയ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16 എന്നിവയിൽ ക്ലോസ് (6) ഉൾപ്പെടുത്തിക്കൊണ്ടാണ് ജോലിയിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സംവരണം നൽകാൻ നിർദ്ദേശിക്കപ്പെട്ടത്. പുതുതായി ഉൾപ്പെടുത്തിയ ആർട്ടിക്കിൾ 15(6) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഉൾപ്പെടെ സാമ്പത്തികമായി ദുർബലരായ ഏതൊരു പൗരന്റെയും പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകൾ ഉണ്ടാക്കാൻ അവസരം നൽകുന്നതാണ്.

ആർട്ടിക്കിൾ 30(1) പ്രകാരം വരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെ എയ്ഡഡ് ആയാലും അൺ എയ്ഡഡ് ആയാലും സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം സംവരണം നൽകാമെന്നാണ് ഭേദഗതിയിൽ വ്യക്തമാക്കുന്നത്. സംവരണത്തിന്റെ ഉയർന്ന പരിധി പത്ത് ശതമാനമായിരിക്കുമെന്നും അത് നിലവിലുള്ള സംവരണങ്ങൾക്ക് പുറമേയായിരിക്കുമെന്നും അതിൽ പറയുന്നു.

2020 ഓഗസ്റ്റ് 5 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി ആർ ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് കാര്യങ്ങൾ ഭരണഘടനാ ബെഞ്ചിന് വിട്ടത്. പ്രത്യേക സാഹചര്യങ്ങളിൽ സംവരണത്തിനായുള്ള 50% പരിധി ലംഘിക്കാൻ കഴിയുമോ, സാമ്പത്തിക നിലയുടെ ഏക മാനദണ്ഡത്തിൽ അനുകൂലമായ നടപടി നൽകാനാകുമോ തുടങ്ങിയ വിഷയങ്ങളാണ് കോടതി പരിഗണിക്കുന്നത്.