Connect with us

Uae

3.77 ശതകോടി മയക്കുമരുന്ന് പിടികൂടിയ ഉള്‍ക്കഥ പങ്കുവെച്ച് ദുബൈ പോലീസ്

651 വാതിലുകളിലും 432 ഗൃഹാലങ്കാര പാനലുകളിലുമായി ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകളാണ് പോലീസ് പിടിച്ചെടുത്തത്.

Published

|

Last Updated

ദുബൈ | നിര്‍മാണ വൈദഗ്ധ്യം ഉപയോഗിച്ച് ദശലക്ഷക്കണക്കിന് നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ യു എ ഇയിലേക്ക് കടത്താനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയ ഓപ്പറേഷന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്.  651 വാതിലുകളിലും 432 ഗൃഹാലങ്കാര പാനലുകളിലുമായി ഒളിപ്പിച്ച 13.76 ടണ്‍ ഭാരമുള്ള 86 ദശലക്ഷം മയക്കുമരുന്ന് ഗുളികകളാണ് സ്റ്റോം ഓപ്പറേഷനിലൂടെ പോലീസ് പിടിച്ചെടുത്തത്.

ഇന്നലെ പുറത്തിറക്കിയ ഒരു ഡോക്യുമെന്ററിയിലാണ് ആന്റി നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ലോകത്തിലെ ഏറ്റവും വലിയ ക്യാപ്റ്റന്‍ വേട്ടയുടെ ഉള്‍ക്കഥ പങ്കുവെച്ചത്. ഒരു ചരക്ക് കപ്പല്‍ വഴി കൊണ്ടുപോകുന്ന മയക്കുമരുന്ന് അടങ്ങിയ അഞ്ച് കണ്ടെയ്‌നറുകളെ കുറിച്ചുള്ള സൂചന ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പോലീസ് ഊണും ഉറക്കവുമില്ലാതെ സംഘത്തിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്നു.

കപ്പല്‍ ദുബൈയില്‍ ഒരു തുറമുഖത്ത് നങ്കൂരമിട്ട ശേഷം പോലീസ് നടപടി ആരംഭിച്ചു. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ഫര്‍ണിച്ചര്‍ സാധനങ്ങള്‍ എക്‌സ്-റേ സ്‌കാന്‍ ചെയ്തു. ഓരോന്നിനും 200 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു. അതില്‍ അജ്ഞാത വസ്തുക്കള്‍ കണ്ടെത്തി. മയക്കുമരുന്നിന്റെ സാന്നിധ്യം പോലീസ് നായയും തിരിച്ചറിഞ്ഞു.

വാതിലുകളും ഫര്‍ണിച്ചര്‍ പാനലുകളും ശ്രദ്ധാപൂര്‍വം പിളര്‍ത്തിയാണ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് കണ്ടെത്തുകയും പ്രതികളെ കൈയോടെ പിടികൂടുകയും ചെയ്തത്.

ക്യാപ്റ്റഗണ്‍ ഗുളികകള്‍ വിവിധ ചരക്കുകളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ വിദഗ്ധമായി ഒളിപ്പിച്ച 956 ബാഗ് ഗുളികകള്‍ ദുബൈ കസ്റ്റംസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു.

 

Latest