Connect with us

drugs mafia attack

കോഴിക്കോട് അടിവാരത്ത് ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണം

ജോബിറ്റ് വീട്ടുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

Published

|

Last Updated

താമരശ്ശേരി | പുതുപ്പാടി അടിവാരത്ത് ലഹരി മാഫിയാ സംഘത്തിന്റെ വിളയാട്ടം. രണ്ട് വീടുകൾക്ക് നേരെ അക്രമം നടത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് അടിവാരം ചെറുപക്കാട്ടിൽ മുജീബിന്റെ വീട്ടിലെത്തിയ ചിപ്പിലിത്തോട് മരുതിലാവ് വട്ടക്കൂടത്തിൽ ജോബിറ്റ് (40) പരാക്രമം ആരംഭിച്ചത്. മുജീബിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിന്റെ ജനൽചില്ലുകൾ തകർക്കുകയും വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. വീടിന്റെ വാതിലിൽ ശക്തിയായി ഇടിച്ചതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്നപ്പോൾ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. അയൽവാസികളെ വിളിച്ചുവരുത്തിയതോടെ തൊട്ടടുത്തുള്ള ഇടയാട് അഹ്മദ് കുട്ടിയുടെ വീട്ടിലെത്തിയ ജോബിറ്റ് വീട്ടുകാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. കൂടുതൽ പേർ സംഘടിച്ചെത്തിയാണ് ഇയാളെ റോഡിലേക്ക് മാറ്റിയത്.

മറ്റ് രണ്ട് പേർ കൂടി ഇയാൾക്കൊപ്പം എത്തിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടിവാരം ഔട്ട് പോസ്റ്റിൽ നിന്ന് പോലീസ് എത്തിയെങ്കിലും ഇവർ രക്ഷപ്പെട്ടു. പിന്നീടാണ് ഇവരുടെ ബൈക്ക് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് നാട്ടുകാർ പോലീസ് ഔട്ട് പോസ്റ്റിലെത്തിച്ചു. ഇന്നലെ രാവിലെ ജോബിറ്റ് വീണ്ടും ഇവിടെയെത്തിയതോടെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ അറിയിച്ചു. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായില്ലെന്നും പ്രതിയോട് പോകാൻ നിർദേശിച്ചെന്നും നാട്ടുകാർ ആരോപിച്ചു. താമരശ്ശേരി ഡി വൈ എസ് പിയെ വിളിച്ച് പരാതി പറഞ്ഞ ശേഷമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നും ആരോപണമുണ്ട്.

താമരശ്ശേരി ചുരത്തിനോട് ചേർന്നുള്ള അടിവാരം പ്രദേശം ലഹരി മാഫിയയുടെ പിടിയിലായതിനെ തുടർന്ന് മഹല്ല് കമ്മിറ്റികൾ സംയുക്തമായി ജനകീയ കൂട്ടായ്മ രൂപവത്കരിക്കുകയും ബോധവത്കരണവും മുന്നറിയിപ്പും നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രവർത്തനങ്ങൾക്ക് പോലീസിന്റെയും എക്സൈസിന്റെയും സഹകരണം ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. അടിവാരം പോലീസ് ഔട്ട് പോസ്റ്റിനോട് ചേർന്ന് ലഹരി വിൽപ്പന നടക്കുന്നതായും ആക്ഷേപമുണ്ട്. പോലീസിന്റെ സഹകരണം ലഭിച്ചില്ലെങ്കിൽ നാട്ടുകാർ തന്നെ പട്രോളിംഗ് ആരംഭിക്കാനാണ് ആലോചിക്കുന്നത്.

അതേസമയം, രേഖാമൂലം പരാതി നൽകാത്തതിനാലാണ് പ്രതിയെ കസ്റ്റഡിയെലെടുക്കാതിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. പരാതി ലഭിച്ചപ്പോൾ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും.

---- facebook comment plugin here -----

Latest